Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവീസിന് മുമ്പിൽ കടമ്പകൾ ഏറെ; എംഎൽഎമാരെ ഒരുമിച്ച് നിർത്തിയാൽ ബിജെപിക്ക് പണി കൊടുക്കാമെന്ന് ഉറച്ച് വിശ്വസിച്ച് കോൺഗ്രസും ശിവസേനയും എൻസിപിയും; അജിത് പവാറിനെ അനുനയിപ്പിച്ച് പ്രതിപക്ഷത്ത് എത്തിക്കുന്നതിനും സജീവ നീക്കങ്ങൾ; സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തി സോണിയാ ഗാന്ധി; അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നു വിശ്വസിച്ച് കരുനീക്കങ്ങൾ; ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിർണ്ണായകം; പാർലമെന്റും പ്രക്ഷുബ്ദമാകും

ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവീസിന് മുമ്പിൽ കടമ്പകൾ ഏറെ; എംഎൽഎമാരെ ഒരുമിച്ച് നിർത്തിയാൽ ബിജെപിക്ക് പണി കൊടുക്കാമെന്ന് ഉറച്ച് വിശ്വസിച്ച് കോൺഗ്രസും ശിവസേനയും എൻസിപിയും; അജിത് പവാറിനെ അനുനയിപ്പിച്ച് പ്രതിപക്ഷത്ത് എത്തിക്കുന്നതിനും സജീവ നീക്കങ്ങൾ; സ്ഥിതി ഗതികൾ നേരിട്ട് വിലയിരുത്തി സോണിയാ ഗാന്ധി; അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നു വിശ്വസിച്ച് കരുനീക്കങ്ങൾ; ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിർണ്ണായകം; പാർലമെന്റും പ്രക്ഷുബ്ദമാകും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ നാടകീയ സംഭവവികാസങ്ങൾ തുടരുകയാണ്. ഇന്ന് മഹാ നാടകത്തിൽ സുപ്രീംകോടതി വിധി പറയും. ഇതോടെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. സുപ്രീംകോടതി വിധി പറയുന്നത് നീണ്ടു പോയാൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരും. നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ ബിജെപി സർക്കാരിന് കൂടുതൽ സമയം കിട്ടുകയും ചെയ്യും. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ വിശ്വാസ വോട്ട് നേടാൻ സുപ്രീംകോടതി നിർദ്ദേശിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ എല്ലാവരും രണ്ടും കൽപ്പിച്ചാണ്. അതിനിടെ ഞായറാഴ്ച രാത്രിവൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽനടന്ന ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. എന്നാൽ, സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് ഇവർ ചർച്ചനടത്തിയതെന്നാണ് അറിയുന്നത്.

മുതിർന്ന ബിജെപി.നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, വിനോദ് തവാഡെ, ഗിരീഷ് മഹാജൻ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയിൽനടന്ന ചർച്ചയിൽ പങ്കെടുത്തു. വിശ്വാസ വോട്ടിൽ സുപ്രീംകോടതി അനുകൂല തീരുമാനം എടുക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. അതുവരെ എംഎൽഎമാരെ ഒരുമിച്ച് നിർത്താൻ പ്രതിപക്ഷത്തിന് ആയാൽ ബിജെപി സർക്കാർ വീഴും. എന്നാൽ എൻസിപിയേയും ശിവസേനയേയും പിളർത്തി കൂടുതൽ പേരെ മറുകണ്ടം ചാടിച്ച് സർക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം. കൂടുതൽ സമയം കിട്ടിയാൽ എല്ലാം അനുകൂലമാകുമെന്ന് അവർക്ക് അറിയാം. ്അതിനിടെ അജിത് പവാറിനെ തിരികെ എൻസിപിയിൽ എത്തിക്കാനും ശ്രമമുണ്ട്. എന്നാൽ ഈ നീക്കമൊന്നും വിജയിച്ചിട്ടില്ല. ബിജെപിക്കു വിശ്വാസവോട്ടെടുപ്പിൽ മറുപടി നൽകാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് സജീവമായി തന്നെ രംഗത്തുണ്ട്. വിശ്വാസവോട്ടിനു മുൻപ് സ്വന്തം എംഎൽഎമാർ ചാടിപ്പോകാതെ നോക്കണമെന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കൾക്കു കർശന നിർദ്ദേശം നൽകി.

വിശ്വാസവോട്ട് 30 വരെ നീണ്ടുപോയേക്കാമെന്ന നിഗമനത്തിൽ, അതുവരെ എംഎൽഎമാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് സ്വീകരിക്കും. ആഡംബര ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാർ പുറംലോകവുമായി ബന്ധപ്പെടുന്നതിനു നിയന്ത്രണമേർപ്പെടുത്തും. ശിവസേന, എൻസിപി എംഎൽഎമാരും ഉറച്ചുനിന്നാൽ, വിശ്വാസവോട്ടിനുള്ള അംഗബലം നേടാൻ ബിജെപിക്കു സാധിക്കില്ലെന്നാണു കണക്കുകൂട്ടൽ. അഭിമാനപ്രശ്‌നമായ മഹാരാഷ്ട്രയിൽ അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നു കരുതുന്ന കോൺഗ്രസ് അതു നേരിടാനുള്ള ഒരുക്കങ്ങളാണു നടത്തുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഇന്നലെ ചർച്ച നടത്തിയ സോണിയ സംസ്ഥാനത്തെ സ്ഥിതിഗതികൾ പരിശോധിച്ചു. അധികാരത്തിന്റെ സ്വാധീനമുപയോഗിക്കാൻ ബിജെപി ശ്രമിക്കുമെന്നും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടിയ സോണിയ തുടർ നടപടികൾ സംബന്ധിച്ചു ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുമായി നിരന്തരം ബന്ധപ്പെടാനും നിർദ്ദേശിച്ചു. വേണുഗോപാലിനു പുറമെ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ എന്നിവർക്കാണു ചുമതല.

വിശ്വാസ വോട്ട് നേടാൻ നിയമസഭയിൽ ഫഡ്‌നാവീസിന് കുറച്ച് നടപടി ക്രമങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. പ്രോടെം സ്പീക്കറെ നിയമിക്കാനുള്ള ശുപാർശ മന്ത്രിസഭ ഗവർണർക്കു സമർപ്പിക്കണം. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഭരണകക്ഷി അംഗം തന്നെ പ്രോടെം സ്പീക്കറാകും. പ്രോടെം സ്പീക്കറെ ഗവർണർ നിയമിക്കണം; തുടർന്ന് ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ. അതിന് ശേഷം നിയമസഭയുടെ ആദ്യ സമ്മേളനം ചേരണം. പ്രോടെം സ്പീക്കർ മുൻപാകെ 287 അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കണം. ഇതിന് ഒരു ദിവസം വേണ്ചി വരും. സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തണം. ഭരണകക്ഷിക്കു വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. സ്പീക്കർ തിരഞ്ഞെടുപ്പു നടന്നില്ലെങ്കിൽ പ്രോടെം സ്പീക്കർക്കു പിന്നീടുള്ള നടപടികൾ നിയന്ത്രിക്കാം. സർക്കാർ വിശ്വാസവോട്ട് തേടും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന വിശ്വാസപ്രമേയം ചർച്ച ചെയ്‌തോ അല്ലാതെയോ വോട്ടിനിടാം. പ്രോടെം സ്പീക്കർക്കു ചർച്ച നീട്ടിക്കൊണ്ടു പോകാം. കർണ്ണാടകയിൽ കുമാര സ്വാമി സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് കളിച്ച അതേ കളി ഇവിടേയും തുടരാം.

എംഎൽഎമാരെ സംരക്ഷിക്കാനാണു ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ പ്രാധാന്യം നൽകുന്നത്. ശിവസേന എംഎൽഎമാർ മുംബൈ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ലളിത് ഹോട്ടലിൽ ആണുള്ളത്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയും മകനും എംഎൽഎയുമായ ആദിത്യ താക്കറെയുമടക്കം മുതിർന്ന നേതാക്കൾ ഇവിടെ ഇടയ്ക്കിടെ വന്നുപോകുന്നു. 56 എംഎൽഎമാരും സേനയ്‌ക്കൊപ്പം. പവയിലെ റിനൈസൻസ് ഹോട്ടലിൽ എൻസിപി എംഎൽഎമാർ കഴിയുന്നു. ഏതാനും മാസം മുൻപ് കർണാടകയിലെ വിമത കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാർപ്പിച്ചിരുന്ന ഹോട്ടലാണിത്. ഉച്ചയ്ക്ക് ശരദ് പവാറും പിന്നാലെ ഉദ്ധവ് താക്കറെയും എംഎൽഎമാരെ കണ്ടു. തുടർന്ന് ഇരു നേതാക്കളും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ആകെയുള്ള 54ൽ 51പേർ ഒപ്പമെന്നു ശരദ് പവാർ പക്ഷം.

ജുഹുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ മധ്യപ്രദേശിലേക്കോ മാറ്റാനാണു പദ്ധതിയിട്ടിരുന്നതെങ്കിലും പെട്ടെന്നു ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉടൻ എത്തിക്കാനായി മുംബൈയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ എംഎൽഎമാരും പാർട്ടിക്ക് ഒപ്പമെന്ന് കോൺഗ്രസ് പറയുന്നു. ബിജെപിയുടെ അടിയന്തര നിയമസഭാ കക്ഷിയോഗം ദാദറിലെ പാർട്ടി ഓഫിസിൽ ചേർന്നു. ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ, കേന്ദമന്ത്രി റാവുസാഹെബ് ധൻവെ തുടങ്ങി മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട തയ്യാറെടുപ്പുകളായിരുന്നു പ്രധാന ചർച്ചാവിഷയം. പിന്തുണയ്ക്കുന്ന സ്വതന്ത്രരുമായി പ്രത്യേക യോഗവും ചേർന്നു.

കോൺഗ്രസ്, ശിവസേന, എൻ.സി.പി. പാർട്ടികളിലെ നിയമസഭാംഗങ്ങളുമായി ബന്ധപ്പെടാനും തങ്ങളുടെ പക്ഷത്ത് എത്തിക്കാനും ബിജെപി നേതാക്കൾ ശ്രമിക്കുന്നുണ്ട്. വിവിധ പാർട്ടികളിൽനിന്ന് ബിജെപി.യിലെത്തിയ നേതാക്കൾക്കാണ് ചുമതല. മഹാരാഷ്ട്രയിലും 'ഓപ്പറേഷൻ ലോട്ടസ്' വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനുള്ള അടവുകളുമായി ബിജെപി. ക്യാമ്പ് സജീവമാണ്.

ഇന്ന് പാർലമെന്റിൽ പ്രതിഷേധം

മഹാരാഷ്ട്രയിൽ അധാർമിക മാർഗത്തിലൂടെയാണു ബിജെപി സർക്കാരുണ്ടാക്കിയതെന്നാരോപിച്ച് പാർലമെന്റിൽ ഇന്നു കോൺഗ്രസ് പ്രതിഷേധിക്കും. എൻസിപി, ശിവസേന എന്നിവയ്‌ക്കൊപ്പം ഇരുസഭകളിലും പ്രതിഷേധം സംഘടിപ്പിക്കും. യുപിഎക്കു പുറത്തുള്ള മറ്റു കക്ഷികളുടെ പിന്തുണയും തേടും. ശിവസേനയും എൻസിപിയും കോൺഗ്രസും പ്രത്യക്ഷത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെയല്ല, ഗവർണറെയാണ്. അദ്ദേഹത്തിന്റെ നടപടികളിലാണ് സുപ്രീം കോടതിയിലെ ഹർജിയിലൂടെ അവർ പിഴവാരോപിക്കുന്നത്.

ബിജെപിയുടെ നിർദ്ദേശാനുസരണം, പക്ഷപാതപരമായും ദുരുദ്ദേശ്യത്തോടെയും പ്രവർത്തിച്ചുവെന്നതാണു ഗവർണർക്കെതിരെയുള്ള ആരോപണം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ പക്ഷപാതവും ദുരുദ്ദേശ്യവും ആരോപിക്കപ്പെടാത്തതെന്തെന്ന ചോദ്യം നിയമവൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്. രാഷ്ട്രപതിഭരണം പിൻവലിക്കണമെന്ന്, മന്ത്രിസഭ ചേരാതെ തന്റെ സവിശേഷാധികാരം പ്രയോഗിച്ച് രാഷ്ട്രപതിക്കു ശുപാർശ നൽകിയ പ്രധാനമന്ത്രിയുടെ നടപടിയാണു ചോദ്യമുയർത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നടപടികൾ സംബന്ധിച്ച ചട്ടങ്ങളിലെ 12ാം വകുപ്പനുസരിച്ചാണ് മന്ത്രിസഭ ചേരാതെതന്നെ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിക്ക് അധികാരം.

എന്നാൽ, അടിയന്തര സാഹചര്യങ്ങളിലാണ് സവിശേഷാധികാരം പ്രയോഗിക്കേണ്ടത്. മഹാരാഷ്ട്രയുടെ കാര്യത്തിൽ അർധരാത്രിയിൽ തീരുമാനമെടുക്കാൻ തക്കതായ എന്ത് അടിയന്തര സാഹചര്യമെന്നതാണു ചോദ്യം. മന്ത്രിസഭ ചേരാൻ എന്തായിരുന്നു തടസ്സമെന്നും. പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളാണ്. മന്ത്രിമാരെല്ലാം ഡൽഹിയിലുണ്ടായിരുന്നു. സവിശേഷാധികാരം പ്രയോഗിക്കുമ്പോഴും പക്ഷപാതപരമാകരുതെന്നാണു സ്ഥാനമേൽക്കുമ്പോഴുള്ള സത്യപ്രതിജ്ഞയെ അടിസ്ഥാനമാക്കി നിയമവൃത്തങ്ങൾ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം.

ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടികൾ ഏറെ ചർച്ചയാണ്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഏജന്റ് ആയാണു ഗവർണർ പ്രവർത്തിച്ചതെന്നു സുപ്രീം കോടതിയിലും ആക്ഷേപമുന്നയിക്കപ്പെട്ടു. കഴിഞ്ഞ മാസം 24നാണു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നത്. ഗവർണർ ആദ്യം വിളിക്കേണ്ടതു ഭൂരിപക്ഷമുള്ള സഖ്യത്തെയെങ്കിലും ബിജെപി ശിവസേന മുന്നണിക്കു ക്ഷണമുണ്ടായില്ല. ക്ഷണിച്ചാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അവർ ഭൂരിപക്ഷം തെളിയിക്കണം. 16ാം ദിവസമാണു ഗവർണർ ബിജെപിയെ ക്ഷണിച്ചത്. 2 ദിവസത്തെ സമയവും നൽകിയതോടെ ബിജെപിക്കു ലഭിച്ചത് ആകെ 18 ദിവസം. സർക്കാർ ഉണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ ഗവർണർ ശിവസേനയെയും എൻസിപിയെയും ക്ഷണിച്ചെങ്കിലും ഇരുപാർട്ടികൾക്കും നൽകിയത് 24 മണിക്കൂർ വീതം മാത്രം.

പിന്തുണ തെളിയിക്കാൻ എൻസിപിക്കു നൽകിയ സമയപരിധി തീരും മുൻപേയാണു കഴിഞ്ഞ 12ന് അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. രാത്രി 8.30 വരെ സമയം അനുവദിച്ചിരുന്ന ഗവർണർ, ഉച്ചയോടെ രാഷ്ട്രപതിഭരണത്തിനായി ശുപാർശ ചെയ്യുകയായിരുന്നു. മന്ത്രിസഭ രൂപീകരിക്കുന്നില്ലെന്നു പറഞ്ഞു നേരത്തേ പിന്മാറിയ ദേവേന്ദ്ര ഫഡ്‌നാവിസിനു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അർദ്ധ രാത്രി വഴിയൊരുക്കി. ഭഗത് സിങ് കോഷിയാരി ആർഎസ്എസ് നേതാവായിരുന്നു. 2001 '02 കാലത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; 2002 '03ൽ പ്രതിപക്ഷ നേതാവ്. 2008ൽ ഉത്തരാഖണ്ഡിൽ നിന്നു രാജ്യസഭയിൽ. 2014ൽ നൈനിറ്റാളിൽ നിന്നു ലോക്‌സഭയിൽ. ബിജെപി ദേശീയ ഉപാധ്യക്ഷനും ഉത്തരാഖണ്ഡിലെ ആദ്യ അധ്യക്ഷനും.

എംഎൽഎമാരെ നിരീക്ഷിക്കാൻ ശിവസേനയുടെ രഹസ്യ സേന

ശിവസേന, കോൺഗ്രസ്, എൻസിപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് പൊലീസ് സുരക്ഷ വർധിപ്പിച്ചു. എല്ലാവരെയും പരിശോധിച്ച ശേഷമാണു കടത്തിവിടുന്നത്. വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ബിജെപി കുതിരക്കച്ചവടത്തിനിറങ്ങുമെന്ന ആശങ്കയുള്ളതിനാൽ മൂന്നിടത്തും എംഎൽഎമാരെ നിരീക്ഷിക്കാനായി ശിവസേനയുടെ രഹസ്യസേനയുണ്ട്. ശക്തമായ സുരക്ഷാവലയത്തിലുള്ള ശിവസേന, കോൺഗ്രസ്, എൻ.സി.പി. ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. നിയമസഭാംഗങ്ങൾക്ക് ആർക്കും മൊബൈൽ ഫോൺപോലും നൽകിയിട്ടില്ല. നിയമസഭാംഗങ്ങളെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്, എൻ.സി.പി, ശിവസേന സഖ്യമെന്ന് ബിജെപി. ആരോപിച്ചു. എൻ.സി.പി. നിയമസഭാംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ സാധാരണവേഷത്തിലെത്തിയ പൊലീസുകാരെ പാർട്ടിനേതാക്കൾ പിടികൂടുകയും ചെയ്തു. കാര്യം ചോർത്താൻവേണ്ടിയാണ് പൊലീസെത്തിയതെന്ന് എൻ.സി.പി. ആരോപിച്ചു

അജിത് പവാറിനെ വീണ്ടും എൻ.സി.പി.യിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഞായറാഴ്ച ഉണ്ടായി. എൻ.സി.പി. നേതാക്കളായ ജയന്ത് പാട്ടീൽ, ദീലീപ് വൽസെ പാട്ടീൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് അജിത് പവാറിനെ കണ്ടത്. അജിത് പവാറിന്റെ പക്ഷത്തേക്ക് ഒഴുകിയ നിയമസഭാംഗങ്ങളെ എൻ.സി.പി. തിരിച്ചുപിടിച്ചിട്ടുണ്ട്. തങ്ങളുടെ പക്ഷത്ത് 51 നിയമസഭാംഗങ്ങളുണ്ടെന്ന് എൻ.സി.പി. നേതാക്കൾ വ്യക്തമാക്കി. എന്നാൽ ബിജെപി. സഖ്യത്തിനൊപ്പമെന്നുള്ള അജിത് പവാറിന്റെ ട്വീറ്റ് എത്തിയതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. സംസ്ഥാനത്ത് ബിജെപി- എൻ.സി.പി. സഖ്യസർക്കാർ വരുമെന്നുള്ള അജിത് പവാറിന്റെ ട്വീറ്റ് ആശങ്ക പരത്തിയിട്ടുണ്ട്. താനിപ്പോഴും എൻ.സി.പി.യിലാണ്. ശരദ് പവാർതന്നെയാണ് തന്റെ രാഷ്ട്രീയനേതാവെന്നും സംസ്ഥാനത്ത് സുസ്ഥിരഭരണം ഉണ്ടാവുമെന്നും അജിത് പവാർ ട്വീറ്റ് ചെയ്തു. അജിത് പവാറിന്റെ ട്വീറ്റിന് മറുപടിയായി ശരദ്പവാർ ട്വീറ്റ് ചെയ്തു. എൻ.സി.പി. ഒരിക്കലും ബിജെപി.യുമായി ചേർന്ന് സർക്കാർ ഉണ്ടാക്കില്ല. എൻ.സി.പി, കോൺഗ്രസ്, ശിവസേന എന്നിവർ ചേർന്ന് സർക്കാർ ഉണ്ടാക്കും. അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ശരദ് പവാർ ട്വീറ്റ് ചെയ്തു.

സർക്കാർ ഉണ്ടാക്കുമെന്നും ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ശിവസേനയിലെയും എൻ.സി.പി.യിലെയും നിയമസഭാംഗങ്ങളെ നേരിൽ കണ്ട് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു. ലളിത് ഹോട്ടലിൽ എത്തിയാണ് ശിവസേന നിയമസഭാംഗങ്ങളെ ഉദ്ധവ് കണ്ടത്. പവായിലെ റിനൈസെൻസ് ഹോട്ടലിലായിരുന്നു എൻ.സി.പി. നിയമസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP