Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാതോശ്രീ വിട്ട് എവിടെയും പോകാത്തവർ മറ്റുപടികൾ കയറി; തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി; സേന തർക്കിച്ചത് ഒരിക്കലും വാഗ്ദാനം നൽകാത്ത മുഖ്യമന്ത്രി പദത്തിനായി; ഒരുതരത്തിലുള്ള കുതിരക്കച്ചവടത്തിനുമില്ല; ഭൂരിപക്ഷമില്ലാത്തതുകൊണ്ട് പടിയിറങ്ങുന്നു; സത്യപ്രതിജ്ഞ ചെയ്ത് നാലാം നാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ദേവേന്ദ്ര ഫട്‌നാവിസ്; രാജി അജിത് പവാർ ഉപമുഖ്യസ്ഥാനം വിട്ടതിന് പിന്നാലെ; ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മാതോശ്രീ വിട്ട് എവിടെയും പോകാത്തവർ മറ്റുപടികൾ കയറി; തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി; സേന  തർക്കിച്ചത് ഒരിക്കലും വാഗ്ദാനം നൽകാത്ത മുഖ്യമന്ത്രി പദത്തിനായി; ഒരുതരത്തിലുള്ള കുതിരക്കച്ചവടത്തിനുമില്ല; ഭൂരിപക്ഷമില്ലാത്തതുകൊണ്ട് പടിയിറങ്ങുന്നു; സത്യപ്രതിജ്ഞ ചെയ്ത് നാലാം നാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ദേവേന്ദ്ര ഫട്‌നാവിസ്; രാജി അജിത് പവാർ ഉപമുഖ്യസ്ഥാനം വിട്ടതിന് പിന്നാലെ; ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജി വച്ചു. സർക്കാരുണ്ടാക്കാൻ പരമാവധി ശ്രമിച്ചുവെന്നും സാധിച്ചില്ലെന്നും ഫട്‌നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ തങ്ങൾക്ക് ഭൂരിപക്ഷമില്ല. പുതിയ സർക്കാരിന് എല്ലാ ആശംസകളും നേരുന്നു. ഒരുതരത്തിലുള്ള കുതിരക്കച്ചവടത്തിനും തങ്ങൾ മുതിരില്ല. തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് അനുകൂലമായിരുന്നു ജനവിധി. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി. മുഖ്യമന്ത്രി പദം പങ്കിടാൻ ശിവസേനയുമായി ധാരണയില്ലായിരുന്നു. സേന വിലപേശിയത് വാക്ക് നൽകാത്ത കാര്യത്തിനാണ്.

മാതോശ്രീ വിട്ട് എവിടെയും പോകാത്തവർ മറ്റുള്ളവരുടെ പടികൾ കയറി. സർക്കാരുണ്ടാക്കാൻ നേരത്തെ തങ്ങളെ ക്ഷണിച്ചുവെങ്കിലും ഭൂരിപക്ഷമില്ലായിരുന്നു. ശിവസേനയെയും എൻസിപിയെയും ക്ഷണിച്ചെങ്കിലും അവർക്കും സർക്കാരുണ്ടാക്കാൻ ആയില്ല. ചന്ദ്രകാന്ത് പാട്ടീലിന് ഒപ്പമാണ് ഫട്‌നാവിസ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. സത്യപ്രതിജ്ഞ ചെയ്ത് നാലാം നാളാണ് ഫട്‌നാവിസ് രാജി വച്ചത്. വിശ്വാസ വോട്ടെടുപ്പ് തേടാതെയാണ് രാജി. അധികാരത്തിൽ വെറും 80 മണിക്കൂർ മാത്രം.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെച്ച് മുഖം രക്ഷിക്കാം എന്നാണ് ബിജെപി കണക്ക് കൂട്ടിയത്.

അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

105 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. അജിത് പവാർ അടക്കം മൂന്ന് പേരുടെ പിന്തുണ മാത്രമാണ് എൻസിപിയിൽ നിന്ന് ഉള്ളതെന്നിരിക്കെ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാൽ പോലും ഭൂരിപക്ഷം തികക്കാനാകാത്ത അവസ്ഥയാണ് ദേവേന്ദ്ര ഫഡ്നാവിസിനു മുന്നിലുള്ളത്. എൻസിപി കോൺഗ്രസ് കക്ഷികളിൽ നിന്ന് കൂടുതൽ പേർ പിന്തുണക്കാനെത്തിയില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം തികക്കാനാകാതെ പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്

അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സേന എൻസിപി കോൺഗ്രസ് ക്യാമ്പിൽ ആത്മ വിശ്വാസം പ്രകടമാണ്. ഇന്ന് വൈകീട്ടോടെ ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ധവ് താക്കറെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ സംയുക്ത പാർട്ടി സമ്മേളനവും വിളിച്ച് ചേർത്തിട്ടുണ്ട്. 162 പേരുടെ പിന്തുണ ഉണ്ടെന്ന അവകാശവാദമാണ് ത്രികക്ഷി സഖ്യം ഉന്നയിക്കുന്നത്. അനായാസം ബിജെപിയെ തോൽപ്പിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ത്രികക്ഷി നേതാക്കൾ പങ്കുവക്കുന്നത്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP