Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയും ശിവസേനയും ഇനി എല്ലായിടത്തും രണ്ട് വഴിക്ക്; കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അരവിന്ദ് സാവന്ത് രാജിവച്ചത് ഉദ്ദവ് താക്കറെയുടെ പാർട്ടി എൻഡിഎ വിട്ടുവെന്ന് വ്യക്തമാക്കി; സോണിയയെ അനുനയിപ്പിച്ച് ശിവസേനയുമായി ചേർന്ന് സഖ്യ സർക്കാരുണ്ടാക്കാൻ കരുക്കൾ നീക്കി സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക്; ശരദ് പവാറും ബിജെപി വിരുദ്ധ സഖ്യത്തിന് വേണ്ടി വാദങ്ങളുമായി സജീവം; മഹാരാഷ്ട്രയിൽ ശിവസേനാ മുഖ്യമന്ത്രി ഏതാണ്ട് ഉറപ്പാകുമ്പോൾ

ബിജെപിയും ശിവസേനയും ഇനി എല്ലായിടത്തും രണ്ട് വഴിക്ക്; കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അരവിന്ദ് സാവന്ത് രാജിവച്ചത് ഉദ്ദവ് താക്കറെയുടെ പാർട്ടി എൻഡിഎ വിട്ടുവെന്ന് വ്യക്തമാക്കി; സോണിയയെ അനുനയിപ്പിച്ച് ശിവസേനയുമായി ചേർന്ന് സഖ്യ സർക്കാരുണ്ടാക്കാൻ കരുക്കൾ നീക്കി സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക്; ശരദ് പവാറും ബിജെപി വിരുദ്ധ സഖ്യത്തിന് വേണ്ടി വാദങ്ങളുമായി സജീവം; മഹാരാഷ്ട്രയിൽ ശിവസേനാ മുഖ്യമന്ത്രി ഏതാണ്ട് ഉറപ്പാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനു ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ കോൺഗ്രസിന് തീരുമാനം എടുക്കാനാകുന്നില്ല. അതിനിടെ യുപിയിൽ അടക്കം മൃദു ഹിന്ദുത്വ നിലപാട് ചർച്ചയാക്കി വേരുറപ്പിക്കാൻ ശിവസേനയെ ഒപ്പം നിർത്താൻ ശിവസേനയുടെ സൗഹൃദം ഗുണം ചെയ്യുമെന്നാണ് ഒരു വാദം. എന്നാൽ ന്യൂനപക്ഷങ്ങളെ അകറ്റുമെന്ന മറുവാദവും ശക്തമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ കൂടുതൽ ചർച്ച കോൺഗ്രസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ശിവസേനയെ പിന്തുണയ്‌ക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. എൻസിപിയുടേയും ശരത് പാവറിന്റേയും സമ്മർദ്ദമാണ് ഇതിന് കാരണം.

അതിനിടെ കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവമാക്കിയതിനു പിന്നാലെ, ഇന്നു രാവിലെയാണ് സാവന്ത് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള ബന്ധം ശിവസേന പൂർണമായും ഉപേക്ഷിച്ചു എന്നതിന്റെ സൂചനയാണ് സാവന്തിന്റെ രാജിയോടെ തെളിയുന്നത്.

സർക്കാരുണ്ടാക്കുന്നതിൽ നിന്നു ബിജെപി പിന്മാറിയതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കു മുൻപായി മറുപടി നൽകാനാണ് നിർദ്ദേശം. ഇതിനെത്തുടർന്നു പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. മകൻ ആദിത്യ താക്കറെയടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി തന്നെ വരുമെന്നു മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോൺഗ്രസും എൻസിപിയും ചർച്ചകളിലേക്ക് കടക്കുന്നത്. ശിവസേനയെ കൈവിട്ടാൽ അത് ബിജെപിക്ക് വിജയമായി മാറും. അതുകൊണ്ടാണ് പിന്തുണയ്ക്കുക.

മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എൻസിപി അധ്യക്ഷൻ ശരദ് പവാറും സോണിയയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പറഞ്ഞു. പിന്തുണ നൽകുന്നതിനായി എൻസിപി ഉപാധികൾ മുന്നോട്ടുവച്ചു. എൻഡിഎ സഖ്യം വിടാതെ ചർച്ചയില്ലെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി വച്ചത്.

എൻസിപി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച ചേരാനാണ് തീരുമാനം. ഉദ്ധവ് താക്കറെ ഇന്നു രാത്രി തന്നെ ശരദ് പവാറിനെ കാണും. 288 അംഗ നിയമസഭയിൽ 56 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29ൽ 8 അംഗങ്ങളുടെ പിന്തുണ പാർട്ടി അവകാശപ്പെടുന്നുണ്ട്. എൻസിപി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. അതുകൊണ്ട് തന്നെ എൻസിപിയും കോൺഗ്രസും പിന്തുണച്ചാൽ ശിവസേനയ്ക്ക് മന്ത്രിസഭയുണ്ടാക്കാം. അങ്ങനെ മന്ത്രിസഭയുണ്ടാക്കുമ്പോൾ ഉദ്ദവിന്റെ മകൻ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമോ എന്നതും നിർണ്ണായകമാണ്. തൽകാലത്തേക്ക് ആദിത്യയെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് സൂചന.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും തങ്ങൾക്ക് മുന്നിലുള്ള എല്ലാ വഴികളെക്കുറിച്ചും ചർച്ച ചെയ്യുകയാണെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. അതേസമയം, ഇതുവരെ കോൺഗ്രസ് ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയെ രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കാൻ കോൺഗ്രസിന് താത്പര്യമില്ല. ഇനി എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് പാർട്ടി എംഎ‍ൽഎമാർ ഹൈക്കമാൻഡിൽനിന്ന് ഉപദേശം തേടും- അശോക് ചവാൻ പറഞ്ഞു. ഭൂരിപക്ഷമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കേണ്ടെന്ന് ഞായറാഴ്ച വൈകീട്ടാണ് ബിജെപി. തീരുമാനമെടുത്തത്. സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി. ഗവർണറെ അറിയിക്കുകയും ചെയ്തു. സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിന്നതോടെയാണ് ബിജെപി. പ്രതിസന്ധിയിലായത്.

മുഖ്യമന്ത്രിസ്ഥാനം അടക്കം പങ്കുവെക്കുക തുടങ്ങിയ വിഷയങ്ങളിൽ ശിവസേനയുമായി യോജിപ്പിലെത്താൻ സാധിക്കാത്തതാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ചത്. 288 അംഗങ്ങളുള്ള നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ശിവസേനയ്ക്ക് 56 എംഎ‍ൽഎമാരുള്ളത്. നേരത്തെ എൻ.സി.പിയുമായി ശിവസേന സഖ്യചർച്ചകൾ നടത്തിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പൂർണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചർച്ചയിൽ മുന്നോട്ടുവെച്ച ആവശ്യം. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ രാജി. സർക്കാർ രൂപവത്കരിക്കാൻ തയ്യാറാണെന്ന് ഗവർണറെ അറിയിക്കുകയും പിന്നീട് ന്യൂനപക്ഷ സർക്കാരായി അധികാരം ഏൽക്കുകകയുമായിരിക്കും ശിവസേന ചെയ്യുക. പിന്നീട് നിയമസഭയിൽ കേവലഭൂരിപക്ഷം തെളിയിക്കാനുമാണ് സാധ്യത.

ശിവസേനയെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ അഭിപ്രായം. എന്നാൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിനോട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവർ എതിർപ്പുന്നയിച്ചിരുന്നു. കോൺഗ്രസിന്റെ എംഎ‍ൽഎമാർ നിലവിൽ ജയ്പുറിലെ റിസോർട്ടിലാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിക്ക് ക്ഷീണമായത്. 2014-ൽ ബിജെപിക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP