Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രശേഖര റാവുവും മമതയും തമ്മിലുള്ള കൂടിക്കാഴ്ച നിർണ്ണായകം; കോൺഗ്രസിനെ കൂടാതെ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പെടുക്കാനുള്ള നീക്കങ്ങൾ സജീവം; മിക്ക പ്രാദേശിക കക്ഷികളും രംഗത്ത്; ഉപതെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് വീണ്ടും കളം മാറ്റി ചവിട്ടാൻ ഉറച്ച് നിതീഷ് കുമാറും

ചന്ദ്രശേഖര റാവുവും മമതയും തമ്മിലുള്ള കൂടിക്കാഴ്ച നിർണ്ണായകം; കോൺഗ്രസിനെ കൂടാതെ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പെടുക്കാനുള്ള നീക്കങ്ങൾ സജീവം; മിക്ക പ്രാദേശിക കക്ഷികളും രംഗത്ത്; ഉപതെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് വീണ്ടും കളം മാറ്റി ചവിട്ടാൻ ഉറച്ച് നിതീഷ് കുമാറും

ന്യൂഡൽഹി: യുപിയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി ബിജെപിയുടെ പ്രതീക്ഷകളെ തകർത്തിരുന്നു. വീണ്ടും അധികാരത്തിലെത്താൻ പ്രധാനമന്ത്രി മോദിക്ക് കഴിയുമോ എന്ന ചർച്ച സജീവമായി. ഇതിനിടെ പുതിയ കൂട്ടുകെട്ടുകളും സജീവമാകുന്നു. പ്രതിപക്ഷത്തെ ഒന്നടങ്കം ഒപ്പം നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. എന്നാൽ പ്രമുഖ പ്രാദേശിക കക്ഷികൾക്ക് കോൺഗ്രസിനോട് താൽപ്പര്യമില്ല. കോൺഗ്രസ് വിരുദ്ധ സഖ്യത്തിന് കൂടി സാധ്യത തേടി തെലുങ്കാന രാഷ്ട്ര സമിതിയും തൃണമുൽ കോൺഗ്രസും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

മമതയും കെ ചന്ദ്രശേഖര റാവുവിനും പുറമേ ചന്ദ്ര ബാബു നായിഡുവും ബീഹാറിലെ നവീൻ പട്‌നായികും ഈ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ബീഹാറിൽ നിലവിൽ ബിജെപിക്കൊപ്പമാണ് നിതീഷ് കുമാർ. ബീഹാറിലെ ഉപതെരഞ്ഞെടുപ്പിലും നിതീഷ് കുമാർ തോറ്റിരുന്നു. ഈ സാഹചര്യത്തിൽ നിതീഷും മറുകണ്ടം ചാടാൻ സാധ്യതയുണ്ട്. ലല്ലു പ്രസാദ് യാദവിന്റെ ആർജെഡിയും അഖിലേഷിന്റെ എസ് പിയും ഈ സഖ്യത്തിൽ ചേരുമെന്നാണ് സൂചന. മായാവതിയുടെ ബി എസ് പിയും യുപിയിലെ തെരഞ്ഞെടുപ്പോടെ അഖിലേഷുമായി അടുത്തു. ഇതും പുതിയ സഖ്യത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

ചന്ദ്രശേഖര റാവുവും മമതയും ചർച്ച ചെയ്തത് ഈ സാധ്യതകളാണ്. കോൺഗ്രസ്-ബിജെപി ഇതര ഫെഡറൽ മുന്നണിയുടെ സാധ്യത ചർച്ച ചെയ്യുന്നതിനാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ നീക്കം. ഒരു ബദൽ മുന്നണിയുടെ ആവശ്യകതയുണ്ടെന്ന് റാവും പറഞ്ഞു. ഏതാനും പാർട്ടികളുടെ പേരിനുള്ള സഖ്യമായിരിക്കില്ല ഇത്. ജനങ്ങൾക്ക് വേണ്ടിയുള്ള മുന്നണിയായിരിക്കും തങ്ങളുടേതെന്നും റാവു കൂട്ടിച്ചേർത്തു. സമാനമനസ്‌കരുടെ കൂട്ടായ്മയായിരിക്കും ഫെഡറൽ മുന്നണിയെന്ന് റാവു പറഞ്ഞു. എന്നാൽ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തോട് കൂട്ടായ നേതൃത്വമായിരിക്കുമെന്ന് റാവു പ്രതികരിച്ചു. ഇരു നേതാക്കളും തമ്മിൽ കൊൽക്കത്തയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടുനിന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ് അദ്ദേഹത്തെ മമത ചർച്ചയ്ക്ക് വിളിച്ചത്. ഫെഡറൽ മുന്നണി മികച്ച തുടക്കമാണെന്ന് മമതാ ബാനർജി പറഞ്ഞു. കൂടുതൽ പാർട്ടികളുടെ പിന്തുണ തേടാനാകുമെന്ന് ഉറപ്പുണ്ട്. ഫെഡറൽ മുന്നണിക്ക് സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നും മമത കൂട്ടിച്ചേർത്തു. സമാന മനസ്‌കരുമായി ചർച്ച നടത്തി. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന രാഷ്ട്രീയ അജണ്ട രൂപകീരിക്കുകയാണ് ലക്ഷ്യമെന്ന് മമത ബാനർജിയും കൂട്ടിച്ചേർത്തു.

എൻസിപിയുമായും മമത ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നു. വരുന്ന 27 ന് ഡൽഹിയിലെത്തുന്ന മമത, എൻസിപി, എസ്‌പി, ബിഎസ്‌പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനർജി മുൻകൈയെടുത്ത് മൂന്നാം മുന്നണി ചർച്ചകൾ സജീവമാക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്കരിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. പ്രതിപക്ഷത്ത് ഭിന്നതയും പുതിയ കൂടിച്ചേരലുകളും ഉണ്ടാകുന്നത് ഇതിനെ ബാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് കോൺഗ്രസ് താത്പര്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് നീക്കങ്ങൾക്കു ബദലായാണ് കെ.ചന്ദ്രശേഖര റാവുവിന്റെ ജനാധിപത്യമുന്നണി പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

ഫലത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ സാധ്യതകളിലേക്കാണ് ചർച്ചകൾ പോകുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കോൺഗ്രസുമായി സഹകരിച്ച് ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തും. അതിന് അപ്പുറത്തേക്കൊരു സഹകരണത്തിന് കോൺഗ്രസുമായി മമത തയ്യാറല്ലെന്നാണ് സൂചന. അതിനിടെ മാർച്ച് 27ന് പ്രതിപക്ഷ കക്ഷികൾക്ക് എൻസിപി നേതാവ് ശരത് പവാർ വിരുന്നൊരുക്കുന്നുണ്ട്. ഈ വിരുന്നിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും വിളിച്ചിട്ടുണ്ട്. തൃണമൂലും, ഡിഎംകെയും അടക്കമുള്ള 19 പാർട്ടികൾക്കാണ് ക്ഷണം. വിശാല പ്രതിപക്ഷത്തിന്റെ സാധ്യതകൾ ഈ വിരുന്നോടെ തെളിയുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP