Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജരേഖകളുമായി എത്തി കോടതിയോട് കളിച്ചാൽ അപ്പോൾ അകത്താക്കും; ജയലളിതയുടേയും ശോഭൻ ബാബുവിന്റേയും മകനാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ ആളെ ശകാരിച്ച് ജഡ്ജി; പ്രശസ്തിക്കായി ഇറങ്ങിയ യുവാവിന് പണികിട്ടുമെന്ന് സൂചന

വ്യാജരേഖകളുമായി എത്തി കോടതിയോട് കളിച്ചാൽ അപ്പോൾ അകത്താക്കും; ജയലളിതയുടേയും ശോഭൻ ബാബുവിന്റേയും മകനാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ ആളെ ശകാരിച്ച് ജഡ്ജി; പ്രശസ്തിക്കായി ഇറങ്ങിയ യുവാവിന് പണികിട്ടുമെന്ന് സൂചന

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആൾക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭൻ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ടായിരുന്നു ജെ. കൃഷ്ണമൂർത്തി രംഗത്ത് വന്നത്. എന്നാൽ അവകാശവാദം സമർത്ഥിക്കാനായി സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ കർശന നിലപാട് എടുത്തത്.

ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രേഖകളിൽ ഇയാളുടെ ദത്തെടുക്കൽ രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് ആർ. മഹാദേവനാണ് കേസ് പരിഗണിച്ചത്. ഇയാളെ ഇപ്പോൾത്തന്നെ ജയിലിലേക്കു വിടാൻ തനിക്കു കഴിയുമെന്നു ജഡ്ജി വ്യക്തമാക്കി. ഒരു എൽകെജി വിദ്യാർത്ഥിക്കുപോലും ഈ രേഖകൾ വ്യാജമാണെന്നു മനസ്സിലാകുമെന്നും കോടതി പറഞ്ഞു.

എല്ലാവർക്കും ലഭ്യമായ ജയയുടെയും ശോഭൻ ബാബുവിന്റെയും ഫോട്ടോ ചേർത്തുവച്ച് അവകാശം സ്ഥാപിക്കണമെന്നു കാട്ടി പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കാനാകുമോ? ഇതിന്റെ യഥാർഥ രേഖകൾ എവിടെ? ഉടൻതന്നെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ ഹാജരായി യഥാർഥ രേഖകൾ കാണിക്കണം. കമ്മിഷണർ ഇക്കാര്യങ്ങൾ പരിശോധിച്ച് കോടതിക്കു റിപ്പോർട്ട് നൽകണം. കോടതിയോടു കളിക്കരുത്- കോടതി പറഞ്ഞു. ഇതോടെ കൃഷ്ണമൂർത്തി പ്രതിസന്ധിയിലുമായി. പൊലീസ് അന്വേഷണത്തിലും രേഖകൾ കൃത്രിമമാണെന്ന് കണ്ടെത്തിയാൽ കോടതി കടുത്ത നിലപാടെടുക്കുമെന്നാണ് സൂചന.

1985 ൽ ജനിച്ചതെന്ന് അവകാശപ്പെടുന്ന കൃഷ്ണമൂർത്തിയെ, ഒരു വർഷത്തിനുള്ളിൽ ഈറോഡ് സ്വദേശികളായ വസന്താമണിയുടെ കുടുംബം ദത്തെടുക്കുകയായിരുന്നു. 1980കളിൽ എംജിആറിന്റെ വസതിയിൽ ജോലി ചെയ്തിരുന്നയാളാണു വസന്താമണിയെന്നാണു കൃഷ്ണമൂർത്തി പറയുന്നത്. മാത്രമല്ല, ദത്തെടുക്കൽ രേഖയിൽ ജയലളിതയുടെയും ശോഭൻ ബാബുവിന്റെയും വസന്താമണിയുടെയും ചിത്രങ്ങളും ഒപ്പുമുണ്ട്. കൂടാതെ സാക്ഷിയായി എംജിആറിന്റെ ഒപ്പുമുണ്ട്. അതേസമയം, ഈ കാലഘട്ടത്തിൽ അസുഖബാധിതനായിരുന്ന എംജിആറിന് സ്വന്തം കൈ ഉയർത്താനുള്ള ആരോഗ്യം പോലുമുണ്ടായിരുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. ഇതും കൃഷ്ണമൂർത്തിക്ക് തിരിച്ചടിയായി.

തമിഴ്‌നാട്ടിലെ ഈറോഡിൽനിന്നുള്ള കൃഷ്ണമൂർത്തി എന്നയാളാണ്, താൻ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അവകാശികളില്ലാതെ കിടക്കുന്ന ജയലളിതയുടെ സ്വത്തിന്മേലും ഇയാൾ അവകാശവാദം ഉന്നയിച്ചു. താൻ മകനാണെന്ന വിവരം ലോകത്തിനുമുന്നിൽ വെളിപ്പെടുത്താനിരിക്കെയായിരുന്നു 'അമ്മ'യുടെ മരണമെന്നാണ് കൃഷ്ണകുമാർ അവകാശപ്പെടുന്നത്. 2016 സെപ്റ്റംബർ 14ന് ചെന്നൈ പോയസ് ഗാർഡനിലെത്തി ജയലളിതയെ കണ്ടിരുന്നു. നാലു ദിവസം ഞാൻ അമ്മയോടൊപ്പം താമസിച്ചു. ലോകത്തിനു മുന്നിൽ എന്നെ മകനായി അംഗീകരിക്കാൻ അമ്മ തയാറായിരുന്നു. എന്നാൽ, വിവരമറിഞ്ഞ് തോഴിയായ ശശികല എതിർത്തതോടെ ജയലളിതയും അവരും തമ്മിൽ തർക്കം ഉടലെടുത്തെന്നും കൃഷ്ണമൂർത്തി വെളിപ്പെടുത്തി. ജയലളിതയെ ശശികല പിടിച്ചു തള്ളിയെന്നും ആരോപിക്കുന്നു. ഇതാണ് ജയയുടെ മരണകാരണമെന്ന തരത്തിലാണ് പ്രചരണം എത്തുന്നത്.

ഇതുവരെ ഇക്കാര്യങ്ങൾ തുറന്നുപറയാൻ തനിക്കു ഭയമായിരുന്നുവെന്നും, ഇനി സത്യമെന്തെന്ന് ലോകം അറിയണമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും കൃഷ്ണമൂർത്തി വ്യക്തമാക്കി. തന്നെ ദത്തെടുത്തവർക്കൊപ്പം ജയലളിതയുടെ സുഹൃത്തായ വനിതാമണിയുടെ വസതിയിലാണ് താൻ താമസിക്കുന്നതെന്നും കൃഷ്ണമൂർത്തി അറിയിച്ചു.

നിയമപരമായി ജയലളിതയുടെ അനന്തരാവകാശി എന്ന നിലയിൽ, അവരുടെ സ്വത്തുക്കളിന്മേലും തനിക്കാണ് അവകാശമെന്ന് കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് അടുത്തിടെ ഒരു യുവതിയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇവരുടെ അവകാശവാദം വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP