Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി നടപ്പാക്കുന്നത് മണ്ടൻ ആശയങ്ങൾ; തോന്നിയതുപോലെ വിചിത്രഭാവനകൾ അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്; ഏറെ വർഷമെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി കോൺഗ്രസ് മാറ്റിയത്; വികലമായ ആസൂത്രണം കൊണ്ട് മോദി അതിനെ 'ചിട്ടയോടെ പൊളിച്ചടുക്കി': മോദിക്കെതിരെ ചാട്ടുളിപോലുള്ള ആരോപണങ്ങളുമായി മന്മോഹൻ സിങ്

മോദി നടപ്പാക്കുന്നത് മണ്ടൻ ആശയങ്ങൾ; തോന്നിയതുപോലെ വിചിത്രഭാവനകൾ അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്; ഏറെ വർഷമെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി കോൺഗ്രസ് മാറ്റിയത്; വികലമായ ആസൂത്രണം കൊണ്ട് മോദി അതിനെ 'ചിട്ടയോടെ പൊളിച്ചടുക്കി': മോദിക്കെതിരെ ചാട്ടുളിപോലുള്ള ആരോപണങ്ങളുമായി മന്മോഹൻ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഏറെ വർഷങ്ങളുടെ പ്രയത്‌നത്തിലൂടെ കോൺഗ്രസ് സർക്കാരുകൾ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തിയെങ്കിലും മോദി നടപ്പാക്കുന്ന മണ്ടൻ നയങ്ങൾ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹൻ സിങ്. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി സർക്കാരിനെതിരെ മുൻ ധനമന്ത്രികൂടിയായ മന്മോഹൻ ആഞ്ഞടിക്കുന്നത്. നോട്ടുനിരോധനത്തിന് പിന്നാലെ അതിനെ ശക്തമായി വിമർശിച്ച് രാജ്യത്തെ വളർച്ചയെ അത് പിന്നോട്ടടിക്കുമെന്ന് മന്മോഹൻ പറഞ്ഞിരുന്നു. പാർലമെന്റിലെ ചെറുപ്രസംഗത്തിൽ നടത്തിയ വിമർശനം വൈറലാവുകയും ചെയ്തു.

മന്മോഹൻ ചൂണ്ടിക്കാട്ടിയതുപോലെ രാജ്യത്തെ വളർച്ചാമുരടിപ്പ് ദൃശ്യമായതും പിന്നീട് ചർച്ചയായി. ഇപ്പോൾ വീണ്ടും മോദിയുടെ സാമ്പത്തിക വിഷയങ്ങളെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ കോൺഗ്രസ് പ്രധാനമന്ത്രി. ഏറെ വർഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറ്റിയെടുത്തത്. എന്നാൽ അതിപ്പോൾ ഘട്ടംഘട്ടമായി നശിപ്പിക്കുകയാണ് മോദി സർക്കാർ- ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മോദി സർക്കാർ എങ്ങനെ തകർക്കുന്നുവെന്ന് അക്കമിട്ടുനിരത്തി മന്മോഹൻ പറയുന്നു.

മോദി സർക്കാരിന്റെ രണ്ടു മണ്ടൻ തീരുമാനങ്ങളാണ് നോട്ട് അസാധുവാക്കലും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കലും. ഇവ കാരണം സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് സൂക്ഷ്മഇടത്തരം ചെറുകിട വ്യാപാരമേഖലയെയാണ്. ലക്ഷക്കണക്കിനു പേർക്കു തൊഴിൽ നഷ്ടപ്പെടാനും നയങ്ങളെന്ന പേരിൽ നടപ്പാക്കിയ ഈ 'മണ്ടത്തരങ്ങൾ' കാരണമായി.

രാജ്യം ഇന്ന് ഏറെ മോശം അവസ്ഥിയിലേക്കെത്തി. യുവാക്കൾക്കു ജോലിയില്ല. കർഷകർക്കും രക്ഷയില്ല. അവർക്ക് ജീവിക്കാൻപോലും ആവാത്ത സ്ഥിതിയാണ്. ഇതോടൊപ്പം സാമ്പത്തിക വ്യവസ്ഥ തളരുകയും ചെയ്യുന്നു. ഈ സ്ഥിതി ഇല്ലാതാക്കാൻ സർക്കാരിന് ഉണർന്ന് പ്രവർത്തിക്കാമായിരുന്നു. എന്നാൽ വെല്ലുവിളികളെ നേരിടാതെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ നിശബ്ദരാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം - മന്മോഹൻ പറഞ്ഞു.

രാജ്യത്തിന്റെ നല്ലതിനെന്ന് പറഞ്ഞ് മോദി നടപ്പാക്കിയ എല്ലാ പദ്ധതികളും രാജ്യത്തിനു വൻ നഷ്ടമുണ്ടാക്കുന്നു. ഒരു ധാരണയുമില്ലാതെയും കൃത്യമായി വിശകലനം ചെയ്യാതെയും ആണ് നയങ്ങൾ നടപ്പാക്കുന്നത്. മോദി ഭരണത്തിൽ ഇന്ത്യ ഇന്ന് അനുഭവിക്കുന്ന പല പ്രശ്‌നങ്ങൾക്കും കാരണം കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ്. 2013 സെപ്റ്റംബറിൽ വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്ത പണം 28,416 കോടിയായിരുന്നു. എന്നാൽ 2017 സെപ്റ്റംബറിൽ അത് 1.11 ലക്ഷം കോടിയായി. എന്നാൽ ഇതിനു കാരണക്കാരായവർ യാതൊരു കുഴപ്പവും ഇല്ലാതെ നടക്കുന്നു. സമ്പദ്വ്യവസ്ഥയെ യാതൊരു അച്ചടക്കവുമില്ലാതെയാണ് മോദി കൈകാര്യം ചെയ്യുന്നത്. ഇതോടെ ബാങ്കിങ് മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെ ഇല്ലാതായി.

സാമ്പത്തിക നയങ്ങൾ ജനങ്ങളുടെ ജീവിതത്തെ ഏറെ ബാധിക്കുന്നുണ്ട്. നിർണായക തീരുമാനങ്ങളെടുക്കാൻ ചുമതലപ്പെട്ടവർ ചിന്തിക്കാതെയാണ് നയങ്ങൾ രൂപീകരിക്കുന്നതും പദ്ധതികൾ ഒരുക്കുന്നതും. തോന്നിയതുപോലെ വിചിത്രഭാവനകൾ അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്. ഇന്ത്യ സങ്കീർണവും വൈവിധ്യമാർന്നതുമായ രാജ്യമാണ്. ഇവിടെ എല്ലാ അറിവിന്റെയും 'കേന്ദ്ര'മായി ഒരാൾക്കു മാത്രം നിലനിൽക്കാനാകില്ല. - മോദിയെ പരോക്ഷമായി സൂചിപ്പിച്ച് മന്മോഹൻ പറഞ്ഞു.

ബിജെപി സർക്കാരിന്റെ ദുരന്തപൂർണമായ നയങ്ങളെപ്പറ്റി ആരെങ്കിലും എതിർക്കുമ്പോൾ ആണ് 'എല്ലാം നല്ലതിനു വേണ്ടി' എന്ന് പറഞ്ഞൊഴിയുന്നത്. ഇത് വെറും അവകാശവാദം മാത്രം. പക്ഷേ, മറുവശത്ത് നയങ്ങൾകൊണ്ട് രാജ്യത്തിന് ഉണ്ടാകുന്നത് വൻ നഷ്ടങ്ങളാണ്. പല നയങ്ങളും യുക്തിഭദ്രമല്ല. ഇതിന്റെ നഷ്ടം ഇന്ത്യയൊട്ടാകെ അനുഭവിക്കുകയാണ്. യുപിഎ സർക്കാരിനു കീഴെ ഇന്ത്യയുടെ ശരാശരി വളർച്ചാ നിരക്ക് ഏഴു ശതമാനമായിരുന്നു. രാജ്യാന്തര തലത്തിൽ മോശം സാഹചര്യങ്ങളായിരുന്നിട്ടു കൂടി ആ വളർച്ച എട്ടു ശതമാനത്തിലുമെത്തി്. എന്നാൽ ഇന്ധനവില കുറഞ്ഞിട്ടും രാജ്യാന്തര തലത്തിൽ മികച്ച അന്തരീക്ഷമുണ്ടായിട്ടും എൻഡിഎ സർക്കാർ വളർച്ചയെ ഇല്ലാതാക്കി.

രാജ്യത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതും നമ്മൾ തിരിച്ചറിയണം. രാജ്യാന്തര സമ്പദ്വ്യവസ്ഥ ഉണർവിന്റെ പാതയിൽ നീങ്ങുമ്പോഴാണ് ഇന്ത്യ ഈ തിരിച്ചടി നേരിടുന്നത്. വിയറ്റ്‌നാം പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നു കയറ്റുമതി വൻതോതിൽ കൂടുകയും ചെയ്യുന്നു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ വർധനവാണ് ഇന്ത്യയിൽ പെട്രോൾഡീസൽ വിലയിൽ നിലനിർത്തുന്നത്. മോദി സർക്കാർ വൻതോതിൽ ചുമത്തിയ എക്‌സൈസ് ഡ്യൂട്ടിയാണ് ഇതിനു കാരണം. വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കാൻ മോദി ശ്രമിക്കണമെന്നും മന്മോഹൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP