Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ടുനിരോധനം ആനമണ്ടത്തരം ആയിരുന്നുവെന്ന് നരേന്ദ്ര മോദിയെ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് മന്മോഹൻസിങ്; ദുർബല വിഭാഗങ്ങൾക്കും ചെറുകിട-ഇടത്തരം വ്യവസായരംഗത്തും ഉണ്ടായ തളർച്ച കണ്ടില്ലെന്ന് നടിക്കരുത്; ഇനിയെങ്കിലും രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കാതെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാൻ മോദിയോട് നിർദേശിച്ച് സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി

നോട്ടുനിരോധനം ആനമണ്ടത്തരം ആയിരുന്നുവെന്ന് നരേന്ദ്ര മോദിയെ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് മന്മോഹൻസിങ്; ദുർബല വിഭാഗങ്ങൾക്കും ചെറുകിട-ഇടത്തരം വ്യവസായരംഗത്തും ഉണ്ടായ തളർച്ച കണ്ടില്ലെന്ന് നടിക്കരുത്; ഇനിയെങ്കിലും രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കാതെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാൻ മോദിയോട് നിർദേശിച്ച് സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോട്ടുനിരോധനം ആനമണ്ടത്തരം ആയിരുന്നു എന്ന് ഇനിയെങ്കിലും നരേന്ദ്ര മോദി സമ്മതിക്കണമെന്നും രാജ്യത്തെ ദുർബല വിഭാഗങ്ങൾക്കിടയിലും വ്യവസായ രംഗത്തും നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും മുൻ പ്രധാനമന്ത്രിഡോ. മന്മോഹൻസിങ്. കറൻസി അസാധുവാക്കലിന്റെ ഒന്നാം വാർഷികം എത്തുന്ന വേളയിൽ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി എത്രത്തോളം കനത്ത ആഘാതമാണ് രാജ്യത്ത് സൃഷ്ടിച്ചതെന്ന് വ്യക്തമാക്കിയാണ് മന്മോഹൻ രംഗത്ത് എത്തുന്നത്. ബ്ലൂംബെർഗ് ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് പ്രമുഖ സാമ്പത്തിക വിദഗ്ധൻകൂടിയായ മന്മോഹൻ സിങിന്റെ നിരീക്ഷണം.

കറൻസി അസാധുവാക്കിയതിന് പിന്നാലെ രാജ്യം നേരിടാൻ പോകുന്നത് വലിയ വളർച്ചാമുരടിപ്പാണെന്ന് വ്യക്തമാക്കി പാർലമെന്റിൽ മന്മോഹൻസിങ് നടത്തിയ പ്രസംഗം വലിയ ചർച്ചയായിരുന്നു. കറൻസി നിരോധന എത്രത്തോളം മോശമായി നാടിനെ ബാധിക്കുമെന്ന് അക്കമിട്ട് വ്യക്തമാക്കിയാണ് നാലുമിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ മോദിയെ കാഴ്ചക്കാരനാക്കി ഇരുത്തി മന്മോഹൻ ആഞ്ഞടിച്ചത്. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോൾ കറൻസി അസാധുവാക്കിലിന്റെ വാർഷിക വേളയിലും മന്മോഹൻ മോദിക്കും കേന്ദ്രസർക്കാരിനും എതിരെ ശക്തമായി പ്രതികരിക്കുന്നത്.

സാമ്പത്തിക സൂചകങ്ങൾക്കൊന്നും വ്യക്തമാക്കാൻ കഴിയുന്നതിനും അപ്പുറമാണ് കറൻസി നിരോധനം കൊണ്ടുവന്ന പ്രത്യാഘാതമെന്ന് മന്മോഹൻ പറയുന്നു. ദുർബല വിഭാഗങ്ങളിലും വ്യവസായ രംഗത്തും നോട്ട് അസാധുവാക്കൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്.
നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണം. ഇനിയെങ്കിലും രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനർനിർമ്മിക്കാൻ വേണ്ട സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കാൻ മോദി തയ്യാറാവണമെന്നും മന്മോഹൻ ആവശ്യപ്പെട്ടു.

റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായിരുന്നു നോട്ട് അസാധുവാക്കൽ തീരുമാനം. പണം നേരിട്ട് കൈമാറുന്ന ഇടപാടുകൾ കുറച്ച് കള്ളപ്പണം കണ്ടെത്താനുള്ള സർക്കാർ ശ്രമം അഭിനന്ദനാർഹമായിരുന്നു. എന്നാൽ ഉദ്ദേശിച്ച ഫലം കൈവരിക്കാൻ സാധിച്ചില്ല. ബലപ്രയോഗവും ഭീഷണിയും റെയ്ഡുകളും വിപരീത ഫലമുണ്ടാക്കി.

കറൻസി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം ചെറുകിട വ്യവസായങ്ങൾക്ക് വളർച്ച പ്രാപിക്കാൻ സഹായകമാണോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. ചെറുകിട വ്യവസായങ്ങൾ വളർച്ച പ്രാപിക്കേണ്ടതും കാര്യക്ഷമത കൈവരിക്കേണ്ടതും രാജ്യത്തിന്റെ പുരോഗതിയിൽ പ്രധാനമാണെന്ന് ഓർക്കണം. സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്ന്ന സാമ്പത്തിക സൂചികയിലേക്ക് കൂപ്പുകുത്തി. ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയിൽ വൻ തൊഴിൽ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മന്മോഹൻ ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അസമത്വം സാമ്പത്തിക വികസനത്തിന് വൻ ഭീഷണിയായി മാറുകയാണ്. നോട്ട് നിരോധനം ഇത്തരം അസമത്വങ്ങളെ, തെറ്റുതിരുത്താൻ കഴിയാത്ത വിധം വഷളാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. കറൻസി അടിസ്ഥാനമാക്കിയ ഇടപാടുകൾ കുറക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഡിജിറ്റൽ ഇടപാടുകളിലേക്ക് നയിക്കുന്നതിനുമാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് മോദി സർക്കാറിന്റെ വിശദീകരണം.

ഇതെല്ലാം നല്ല ഉദ്യമങ്ങൾ തന്നെ. എന്നാൽ സാമ്പത്തിക മുൻഗണനാ അവകാശങ്ങൾ നിഷേധിച്ചുകൂടാ. നോട്ട് രഹിത സമ്പദ്ഘടന ചെറുകിട സംരംഭങ്ങൾക്ക് സഹായകമാകുമോ എന്നതിൽ വീണ്ടുവിചാരം ഉണ്ടാവണം. ചെറുകിട മേഖലയുടെ വളർച്ചയ്ക്ക് ഗുണകരമല്ലാതാവുന്നത് രാജ്യത്തിന്റെ വളർച്ചയെ മുരടിപ്പിക്കും. - മന്മോഹൻ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തെ രാഷ്ട്രീവത്കരിച്ച് കാണുന്നതിന്റെ കാലം കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അബദ്ധം തിരിച്ചറിയേണ്ട സമയമാണിത്. സാമ്പത്തിക വ്യവസ്ഥയുടെ പുനഃനിർമ്മാണത്തിന് അദ്ദേഹം പിന്തുണ തേടേണ്ടതുണ്ടെന്നും മന്മോഹൻ സിങ് പറഞ്ഞു.

കറൻസി നിരോധനം നാടിന്റെ വളർച്ചയെ പിന്നോട്ടടിക്കുമെന്ന് പാർലമെന്റിൽ ഹ്രസ്വമായ വാക്കുകളിലൂടെ വിവരിച്ച മന്മോഹന്റെ വാക്കുകൾ പിന്നീട് സത്യമായി മാറുകയും ചെയ്തു. ഉദ്ദേശ്യലക്ഷ്യങ്ങൾ മിക്കവയും പാളിയെന്ന വിമർശനമാണ് കറൻസി നിരോധനത്തിന് എതിരെ രാജ്യത്ത് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മന്മോഹൻ മോദി തെറ്റുതിരുത്തണമന്ന് നിർദേശിച്ചുകൊണ്ട് രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP