Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സീനിയർ-ജൂനിയർ പോരാട്ടം തുടരുമ്പോൾ സോണിയയുടെ പേര് നിർദ്ദേശിച്ചത് സാക്ഷാൽ മന്മോഹൻ സിങ്; താൽകാലിക ചുമതല ഏൽക്കുന്നത് പ്രിയങ്കയെ പരിശീലിപ്പിച്ച് കളത്തിലിറക്കും വരെ നയിക്കാൻ; സോണിയയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷയാകും; പിടിവാശിയോടെ മാറിനിൽക്കുന്ന രാഹുൽ ശ്രമിക്കുക ദുർബ്ബലനെന്ന പേരു മാറ്റി കരുത്തനെന്ന് തെളിയിക്കാൻ; സർക്കാരിനെതിരെ മുമ്പിൽ നിന്നുള്ള പോരാട്ടം തുടരും

പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സീനിയർ-ജൂനിയർ പോരാട്ടം തുടരുമ്പോൾ സോണിയയുടെ പേര് നിർദ്ദേശിച്ചത് സാക്ഷാൽ മന്മോഹൻ സിങ്; താൽകാലിക ചുമതല ഏൽക്കുന്നത് പ്രിയങ്കയെ പരിശീലിപ്പിച്ച് കളത്തിലിറക്കും വരെ നയിക്കാൻ; സോണിയയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷയാകും; പിടിവാശിയോടെ മാറിനിൽക്കുന്ന രാഹുൽ ശ്രമിക്കുക ദുർബ്ബലനെന്ന പേരു മാറ്റി കരുത്തനെന്ന് തെളിയിക്കാൻ; സർക്കാരിനെതിരെ മുമ്പിൽ നിന്നുള്ള പോരാട്ടം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാഥനില്ലാത്ത അവസ്ഥ കോൺഗ്രസിന് മാറി. സോണിയാ ഗാന്ധിയാകും കോൺഗ്രസിനെ കുറച്ചു കാലത്തേക്ക് നയിക്കുക. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്. ഇതിലൂടെ പ്രിയങ്കാ ഗാന്ധി നേതൃത്വവും ഏറ്റെടുക്കും. സംഘടനയെ പ്രിയങ്ക ശക്തിപ്പെടുത്തുമ്പോൾ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം രാഹുൽ ഗാന്ധി തുടരും. മോദി സർക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്നത് രാഹുൽ ഇനിയും തുടരും. ഇതിലൂടെ താൻ ദുർബ്ബലനല്ലെന്ന് വരുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് നാഥനില്ലാത്ത അവസ്ഥയ്ക്കും തലമുറയുദ്ധത്തിനും തൽക്കാലത്തേക്കെങ്കിലും പരിഹാരമായി സോണിയ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

നിലവിലെ അവസ്ഥയിൽ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ പ്രസിഡന്റായാൽ പാർട്ടി പല കഷണങ്ങളായി തകരുമെന്നും ഐക്യം ഉറപ്പിക്കാൻ സോണിയ അല്ലെങ്കിൽ പ്രിയങ്ക ഗാന്ധി നേതൃത്വമേറ്റെടുക്കണമെന്നും പ്രവർത്തക സമിതിയിൽ വികാരം ഉയർന്നു. അർഹതയില്ലാത്തവർ പ്രസിഡന്റായാൽ പാർട്ടി വിട്ടു പോകേണ്ടി വരുമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ സൂചന നൽകി. ഇതോടെയാണ് മുതിർന്ന നേതാക്കളായ ഡോ. മന്മോഹൻ സിങ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. എകെ ആന്റണി പിന്തുണച്ചു. ഇതോടെ സോണിയയും വഴങ്ങി. അങ്ങനെ മന്മോഹൻ സിംഗിന്റെ നിർദ്ദേശം നടപ്പിലായി. നെഹ്‌റു കുടുംബത്തിൽ നിന്നുള്ളയാൾ തന്റെ പിൻഗാമിയാകേണ്ടെന്നു വാദിച്ച രാഹുൽ ഗാന്ധിയോട് പ്രവർത്തക സമിതിയുടെ ഒറ്റക്കെട്ടായുള്ള തീരുമാനത്തിനു വഴങ്ങുക എന്ന് ഒരുഘട്ടത്തിൽ ശാസനാഭാവത്തിൽ നേതൃത്വത്തിനു പറയേണ്ടിവന്നു.

രാഹുലിനും പാർട്ടിക്കുമിടയിലെ മധ്യസ്ഥതയുടെ റോൾ പ്രിയങ്ക ഗാന്ധി വഹിച്ചു. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾ വരെ ഇടക്കാല പ്രസിഡന്റായി സോണിയ തുടരും. അതിനുശേഷം, അടുത്ത വർഷം ആദ്യത്തോടെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. രാഹുൽ ഇനി മത്സരരംഗത്തിറങ്ങിയേക്കില്ല. പകരം പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകും. അതിന് മുമ്പ് തന്നെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പ്രിയങ്ക ആഴത്തിൽ മനസ്സിലാക്കും. അമ്മയക്ക് കീഴിലാകും പഠനം. അതിന് ശേഷമാകും അധ്യക്ഷയാകുക. ഇന്ദിരാ ഗാന്ധി മോഡൽ കോൺഗ്രസിലെത്തിച്ച് പാർട്ടിയെ മുമ്പോട്ട് കൊണ്ടു പോകാൻ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടേയും വിശ്വാസം. പ്രസിഡന്റ് പദവിയുടെ ഭാരിച്ച ബാധ്യത ഒഴിഞ്ഞതോടെ, കേന്ദ്രസർക്കാരിനെതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധി വീണ്ടും സജീവമാകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

കശ്മീർ വിഷയത്തിലാകും ആദ്യ പോരാട്ടം. രാജ്യമൊട്ടാകെ രാഷ്ട്രീയ പര്യടനം നടത്തുന്നതും രാഹുലിന്റെ പരിഗണനയിലുണ്ട്. രാഹുൽ രാജിവച്ചതിനു പിന്നാലെ നടന്ന ചർച്ചകളിൽ സച്ചിൻ പൈലറ്റ്, മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖർഗെ, ജ്യോതിരാദിത്യ സിന്ധ്യ, സുശീൽ കുമാർ ഷിൻഡെ, അശോക് ഗെലോട്ട് എന്നിവർ പരിഗണിക്കപ്പെട്ടെങ്കിലും ഒരു പേരിലേക്കെത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടിരുന്നു. ചെറുപ്പക്കാർ നേതൃസ്ഥാനത്തെത്തിയാൽ, തങ്ങൾക്കു പുറത്തേക്കുള്ള വഴി കാണിക്കുമെന്ന ആശങ്ക മുതിർന്ന നേതാക്കളിൽ ചിലർ പങ്കുവച്ചു. മുതിർന്നയാൾ പ്രസിഡന്റായാൽ, പാർട്ടിയെ കൂടുതൽ പതനത്തിലേക്കു തള്ളിവിടുമെന്നും തലമുറമാറ്റം കാലത്തിന്റെ ആവശ്യമാണെന്നും യുവനിര നിലപാടെടുത്തു. ഇതോടെയാണ് സോണിയയെ മന്മോഹൻ മുമ്പോട്ട് വച്ചത്.

ജൂനിയർ - സീനിയർ നേതാക്കൾക്കിടയിൽ സമവായത്തിന്റെ പാലമായി സോണിയയെ അവതരിപ്പിച്ചതിലൂടെ, സാഹസികതയ്ക്കു മുതിരാതെ, ആരെയും പിണക്കാതെയുള്ള സുരക്ഷിത പാത സ്വീകരിച്ചിരിക്കുകയാണു പാർട്ടി. 72-ാം വയസ്സിൽ, അനാരോഗ്യം വകവയ്ക്കാതെ വീണ്ടും പ്രസിഡന്റാകുന്ന സോണിയയെ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു വിഭാഗമുണ്ട് - രാഹുലിന്റെ കാലത്ത് പാർട്ടി പദവികൾ നഷ്ടപ്പെട്ടവർ. കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേര കളിയാണെന്ന് ബിജെപി ആരോപിക്കുന്നു. രാഹുൽ ഗാന്ധിക്കു പകരക്കാരനെ കണ്ടെത്താൻ നോക്കി അവസാനം സോണിയ ഗാന്ധിയിലേക്കു വന്നത് ഇതിന്റെ തെളിവാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ആ കുടുംബത്തിന്റെ സംഗീതം മാത്രമാണ് കസേരകളിക്കുപയോഗിക്കുന്നത്.

ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം വലുതാണ്. കോൺഗ്രസിന് കുടുംബമാണ് പാർട്ടി. ബിജെപിക്ക് പാർട്ടിയാണു കുടുംബം. പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ വലിയ പരാജയമായിരുന്നുവെന്നാണ് തീരുമാനം തെളിയിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP