Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപതെരഞ്ഞെടുപ്പുകളിൽ വിശാല സഖ്യമില്ലെന്ന് മായാവതി; ലോക്‌സഭയിൽ മോദിയെ തോൽപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ളവരുമായി സഹകരിക്കുകയും ചെയ്യും; ബി എസ് പി നേതാവിന്റെ പ്രഖ്യാപനം ഇങ്ങനെ

ഉപതെരഞ്ഞെടുപ്പുകളിൽ വിശാല സഖ്യമില്ലെന്ന് മായാവതി; ലോക്‌സഭയിൽ മോദിയെ തോൽപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ളവരുമായി സഹകരിക്കുകയും ചെയ്യും; ബി എസ് പി നേതാവിന്റെ പ്രഖ്യാപനം ഇങ്ങനെ

പട്ന: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ സമാജ് വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എസ് പിയെ ഞെട്ടിച്ച് പുതിയ തീരുമാനം. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൊന്നും എസ് പിയെ ബിഎസ് പി പിന്തുണയ്ക്കില്ല. രണ്ട് മണ്ഡലങ്ങളിലാണ് യുപിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാൽ 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികളെയും മായവതി സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലഖ്നൗവിലെ ബിഎസ്‌പി മേഖലാ കോർഡിനേറ്റർമാരുമായി നടത്തിയ മീറ്റിങ്ങിന് ശേഷമാണ് മായാവതി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സമാജ്വാദി പാർട്ടിയുൾപ്പെടെയുള്ളവരെ ഒരുമിപ്പിച്ച് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്കൊപ്പം ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചെന്ന് മായാവതി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ കക്ഷികൾ മുന്നോട്ട് വന്ന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾ അധികാരത്തിലെത്തുന്നത് തടയണമെന്നും മായാവതി ആവശ്യപ്പെട്ടു. 2019ൽ പരാജയം നേരിട്ടേക്കാമെന്നതിനാൽ എസ്‌പി- ബിഎസ്‌പി സഖ്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മായാവതി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സഖ്യചർച്ചകൾക്കായി എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവുമായി മായാവതി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടെയാണ് എസ് പിയെ ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് മായാവതി പ്രഖ്യാപിക്കുന്നത്.

എസ് പിയും ബിഎസ് പിയും ഒരുമിച്ചപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുൽപൂരിലും നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. സമാജ് വാദി പാർട്ടിയുടെ വിജയമെന്നതിലുപരി ബിജെപിയുടെ തോൽവിയാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും ഈ തോൽവി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ പ്രതിഫലിക്കുമെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ വോട്ട് ലഭിച്ചെങ്കിലും ബിഎസ്‌പി സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ ആരേയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീരുമാനം ബിഎസ് പി എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP