Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നോട് നേർക്കുനേർ സംസാരിക്കാൻ ധൈര്യമുണ്ടോ എന്ന് മോദിയെ വെല്ലുവിളിച്ച് രാഹുൽ; മോദി ഭീരുവെന്നും കോൺഗ്രസ് അധ്യക്ഷൻ; കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് ലോക്‌സഭയിൽ തിരിച്ചടിച്ച് മോദി; 'ചൗക്കിദാർ ചോർ ഹെ' എന്ന രാഹുലിന്റെ പ്രയോഗത്തിന് അതേ നാണയത്തിൽ മറുപടി; സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനൽകാത്തവർ എന്ന് കളിയാക്കി കത്തിക്കയറി പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് അടുത്തതോടെ പോർമുഖം തുറന്ന് 'സൈന്യാധിപന്മാർ'

തന്നോട് നേർക്കുനേർ സംസാരിക്കാൻ ധൈര്യമുണ്ടോ എന്ന് മോദിയെ വെല്ലുവിളിച്ച് രാഹുൽ;  മോദി ഭീരുവെന്നും കോൺഗ്രസ് അധ്യക്ഷൻ; കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് ലോക്‌സഭയിൽ തിരിച്ചടിച്ച് മോദി; 'ചൗക്കിദാർ ചോർ ഹെ' എന്ന രാഹുലിന്റെ പ്രയോഗത്തിന് അതേ നാണയത്തിൽ മറുപടി; സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനൽകാത്തവർ എന്ന് കളിയാക്കി കത്തിക്കയറി പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് അടുത്തതോടെ പോർമുഖം തുറന്ന് 'സൈന്യാധിപന്മാർ'

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടി മോദിയും രാഹുലും. പത്തുമിനിറ്റു നേരം തന്നോട് നേർക്കുനേർ നിന്ന് സംസാരിക്കാൻ മോദിയെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ് ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ രംഗത്തെത്തി. ഇതോടൊപ്പം മോദിയും രാഹുലിനും കോൺഗ്രസിനും എതിരായ കടന്നാക്രമണത്തിനും ഇന്ന് തുടക്കംകുറിച്ചു. സത്യം മനസ്സിലാക്കാനും കേൾക്കാനുമുള്ള കഴിവ് കോൺഗ്രസിന് നഷ്ടപ്പെട്ടെന്നും കോൺഗ്രസിന്റെ ഭരണകാലവും ഈ സർക്കാരിന്റെ ഭരണകാലവും താരതമ്യം ചെയ്യണമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി മോദി തിരിച്ചടിച്ചത്. ഏതായാലും തിരഞ്ഞെടുപ്പ് കാലത്ത് രൂക്ഷമായ തർക്കങ്ങളിലേക്ക് നീങ്ങുന്ന രീതിയിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറയുമെന്ന് സൂചന നൽകിയാണ് ഇന്ന് സാമ്പിൾ വെടിക്കെട്ടിന് കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയും തിരികൊളുത്തിയിരിക്കുന്നത്.

നേർക്കുനേർ സംസാരിക്കാൻ ധൈര്യമുണ്ടോ എന്ന് രാഹുൽ

പത്തു മിനുട്ട് നേരം ഒരു വേദിയിൽ നിന്ന് തന്നോട് നേർക്കുനേർ സംസാരിക്കാൻ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് രാഹുൽ എത്തിയതോടെ അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. മോദിയെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തന്നോട് നേർക്കുനേർ സംവദിക്കാനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.

ബിജെപി കരുതുന്നത് അവർ ഇന്ത്യയേക്കാൾ വലുത് ആണെന്നാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരിൽ ഇരുന്ന് റിമോട്ടിൽ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇന്ത്യയുടെ ഭരിക്കുന്നത് മോദിയല്ല, ആർഎസ്എസ് മേധാവി മോഹൻ ഭഗവതാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാൽ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബിജെപിയേക്കാൾ വലുതെന്ന് അവർക്ക് ബോധ്യപ്പെടും. നരേന്ദ്ര മോദിക്ക് മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ വോട്ടർമാർ കോൺഗ്രസിലാണ് പ്രതീക്ഷ അർപ്പിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം പിടിച്ചെടുക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദി വെറും ഭീരുവാണെന്നും രാഹുൽ പറഞ്ഞു.

രാഹുലിന് ഉശിരൻ മറുപടിയുമായി മോദി

ലോക്‌സഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ തന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികരിച്ചത്. കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് നരേന്ദ്ര മോദി തിരിച്ചടിച്ചു. നരേന്ദ്ര മോദിക്ക് എതിരെ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉപയോഗിക്കുന്ന 'ചൗക്കിദാർ ചോർ ഹെ' (കാവൽക്കാരൻ കള്ളനാണ്) എന്ന പ്രയോഗത്തെ ഉദ്ദേശിച്ചായിരുന്നു ഈ മറുപടി.

കോൺഗ്രസ് വലിയ അഴിമതിയായി ഉന്നയിക്കുന്ന റഫേൽ ഇടപാടിലെ ആരോപണത്തിനും മോദി മറുപടി നൽകി. വായുസേനയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ദേശീയ സുരക്ഷയെ മുന്നിൽ നിർത്തിയാണ് അവരുടെ കളി. കോൺഗ്രസിന്റെ നീക്കത്തിൽ ഗൂഢാലോചനയുണ്ട്. മറ്റാരുടേയോ ആവശ്യങ്ങളാണ് കോൺഗ്രസ് നടപ്പാക്കുന്നത്. സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനൽകാത്ത സർക്കാരായിരുന്നു കോൺഗ്രസിന്റേത്. തന്റെ സർക്കാരാണ് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി നൽകിയത്. മോദി പറഞ്ഞു. കോൺഗ്രസ് ഒരു കാലത്തും ഇടനിലക്കാരനില്ലാതെ പ്രതിരോധ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോൺഗ്രസ് ഭരണഘടനാ സംവിധാനങ്ങളെ അപമാനിച്ച പാർട്ടിയാണ്. സ്വന്തം സ്വത്ത് വർദ്ധിപ്പിക്കാനാണ് എക്കാലവും ശ്രമിച്ചത്. പൊതുമുതൽ കൊള്ളയടിച്ചവരാണ് കോൺഗ്രസ്. കോൺഗ്രസ് ഭരിച്ച കാലങ്ങളിൽ അഴിമതി ചിതൽ പോലെ രാജ്യത്തെ കാർന്നുതിന്നുകയായിരുന്നു. കോൺഗ്രസ് സഹായിച്ച കള്ളന്മാരെ തന്റെ സർക്കാർ നിയമം ഉപയോഗിച്ച് പിടികൂടിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാർ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കും. നോട്ട് നിരോധനത്തിലൂടെ മൂന്ന് ലക്ഷം വ്യാജകമ്പനികളാണ് പൂട്ടിപോയതെന്നും വിദേശ സഹായം വാങ്ങി പ്രവർത്തിച്ചിരുന്ന ഇരുപതിനായിരം എൻജിഒകൾ പൂട്ടേണ്ടി വന്നെന്നും മോദി അവകാശപ്പെട്ടു.

വിശാലസഖ്യത്തെ ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനിച്ചവരാണ്. ബിസി എന്നാൽ ബിഫോർ കോൺഗ്രസ് എന്നാണെന്നും എഡി എന്നാൽ ആഫ്റ്റർ ഡൈനാസ്റ്റി (രാജവാഴ്ച) എന്നാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ആർപ്പുവിളികളോടെയാണ് പാർലമെന്റിൽ ഭരണപക്ഷം മോദിയുടെ പ്രസംഗത്തെ വരവേറ്റത്. കോൺഗ്രസുമായി ചേരുന്നത് ആത്മഹത്യാപരമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ മഹാസഖ്യത്തിന് നേതൃത്വം നൽകുന്നവർ കേരളത്തിൽ പരസ്പരം മിണ്ടുന്നില്ലെന്നും നരേന്ദ്ര മോദി പരിഹസിച്ചു.

കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോൺഗ്രസ് 55 വർഷം രാജ്യം ഭരിച്ചു. താൻ ഭരിച്ചത് വെറും 55 മാസം മാത്രമാണ്. പക്ഷേ ഇത്രയും കാലം രാജ്യം ഭരിച്ച കോൺഗ്രസ്് പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. അതിന് താൻ വരേണ്ടിവന്നു. പാർലമെന്റിലും പുറത്തും താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. തന്നെ വിമർശിക്കാം, പക്ഷേ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുത്. സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനായെന്നും അഴിമതി വിരുദ്ധ സർക്കാരിനെ മുന്നോട്ട് നയിക്കാൻ തനിക്കായെന്നും നരേന്ദ്ര മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP