Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമില്ലാത്ത വാർത്ത കൊടുത്താൽ പണി ഉറപ്പ്! റഫാൽ ഇടപാടിൽ തുരുതുരെ വാർത്ത എഴുതി വലച്ചത് എൻ.റാമിന്റെ ദി ഹിന്ദു പത്രം; തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പെരുമാറ്റച്ചട്ടലംഘനം ഹൈലൈറ്റ് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ; പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ചത് ടെലിഗ്രാഫും ആനന്ദബസാർ പത്രികയും; സർക്കാർ വിരുദ്ധ വാർത്ത കൊടുത്ത അഞ്ചുപത്രങ്ങൾക്ക് പരസ്യം വിലക്കി കേന്ദ്രസർക്കാർ; പത്രസ്ഥാപനങ്ങൾ മൗനം പാലിച്ചപ്പോൾ വിലക്ക് പുറത്തുകൊണ്ടുവന്നത് കോൺഗ്രസ്

ഇഷ്ടമില്ലാത്ത വാർത്ത കൊടുത്താൽ പണി ഉറപ്പ്! റഫാൽ ഇടപാടിൽ തുരുതുരെ വാർത്ത എഴുതി വലച്ചത് എൻ.റാമിന്റെ ദി ഹിന്ദു പത്രം; തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പെരുമാറ്റച്ചട്ടലംഘനം ഹൈലൈറ്റ് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ; പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ചത് ടെലിഗ്രാഫും ആനന്ദബസാർ പത്രികയും; സർക്കാർ വിരുദ്ധ വാർത്ത കൊടുത്ത അഞ്ചുപത്രങ്ങൾക്ക് പരസ്യം വിലക്കി കേന്ദ്രസർക്കാർ; പത്രസ്ഥാപനങ്ങൾ മൗനം പാലിച്ചപ്പോൾ വിലക്ക് പുറത്തുകൊണ്ടുവന്നത് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി പറഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ, പിന്നെന്തിന് വാർത്താസമ്മേളനങ്ങൾ? അത് മാധ്യമങ്ങളുടെ മാത്രം പ്രശ്‌നമാണ്. നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ വിളിക്കാറില്ലെന്ന പരാതി ആവർത്തിക്കുമ്പോൾ ഉയരുന്ന മറുപടി ഇങ്ങനെയാണ്. പ്രസക്തമായ ചോദ്യങ്ങളിൽ നിന്നും മോദി ഒഴിഞ്ഞുനിൽക്കുന്നുവെന്ന വിമർശനം ആദ്യം മുതലേയുണ്ട്. ഇപ്പോൾ ഇതാ, ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി വച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദി ടെലിഗ്രാഫ്. ആനന്ദ ബസാർ പത്രിക എന്നീ പത്രങ്ങൾക്കാണ് നെഗറ്റീവ് റിപ്പോർട്ടിങ്ങിന്റെ പേരിൽ പരസ്യവിലക്ക്.

ദി ഹിന്ദു തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ മോദി സർക്കാരിന്റെ കണ്ണിലെ കരടായതാണ്. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട എൻ.റാമിന്റെ വെളിപ്പെടുത്തലുകൾ മോദി സർക്കാരിനെ സുപ്രീം കോടതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. മാർച്ച് മുതലേ ഹിന്ദുവിന് പരസ്യം കിട്ടുന്നില്ല. സമീർ-വിനീത് ജയിൻ സഹോദരന്മാരുടെ ടൈംസ് ഗ്രൂപ്പിന് ജൂൺ മുതലാണ് സർക്കാർ പരസ്യം നിർത്തിയത്.

ജെയിൻ സഹോദരന്മാരുടെ ടിവി ചാനലുകളായ ടൈംസ് നൗ, മിറർ നൗ എന്നിവയ്ക്കും പരസ്യവിലക്കുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിനിടെ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ടൈംസ് ഗ്രൂപ്പ് ഒരുപരമ്പര തന്നെ പ്രസിദ്ധീകരിച്ചതോടെ സർക്കാർ എതിരായി. മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കാൻ കോൺഗ്രസ് പിന്തുണയോടെയുള്ള നീക്കമായിരുന്നു പരമ്പരയെന്നാണ് പല ബിജെപി നേതാക്കളും വിശ്വസിക്കുന്നത്.

എൻ റാമും റഫാലും

ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പിന്റെ ചെയർമാനും മാധ്യമപ്രവർത്തകനുമായ എൻ റാമിന്റെ റിപ്പോർട്ടുകളാണ് റഫാൽ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന കരാർ 1,963 കോടി രൂപയോളം അധിക ചെലവ് വരുന്നതാണെന്ന് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യരേഖകൾ മോഷ്ടിച്ചുവെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ദി ഹിന്ദുവും മറ്റു മാധ്യമങ്ങളുടെ ചെയ്തത് കുറ്റകൃത്യമാണോയെന്നതിലേക്ക് ഒരു അന്വേഷണം നടക്കുന്നതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം ഭീഷണികൾ മാധ്യമങ്ങളെ ഭയപ്പെടുത്താനും റിപ്പോർട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് തടയിടാനുമാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ ഏതായാലും കേന്ദ്രസർക്കാരിനെ വല്ലാതെ ചൊടിപ്പിച്ചു. അതേസമയം റാമിന്റെ വെളിപ്പെടുത്തൽ മറ്റു ദേശീയ മാധ്യമങ്ങൾ മുൻകാലത്തെ പോലെ ഏറ്റെടുക്കാൻ തയ്യാറായില്ല എന്ന കാര്യവും മാധ്യമലോകത്ത് ചർച്ചായായിരുന്നു.

മൗനം പാലിച്ച് മാധ്യമസ്ഥാപനങ്ങൾ

കേന്ദ്ര സർക്കാർ പരസ്യം നിഷേധിച്ചെങ്കിലും, ഈ വൻകിടമാധ്യമസ്ഥാപനങ്ങൾ ആരെയും ഒന്നും അറിയിച്ചില്ല. മൗനം തുടർന്നു. എന്നാൽ, കോൺഗ്രസ് ബുധനാഴ്ച ഈ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചു. ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് വിഷയം ഉന്നയിച്ചത്. പത്രസ്വാതന്ത്ര്യം അടിച്ചമർത്തുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ ശൈലിയാണ് മോദി സർക്കാർ പിന്തുടരുന്നതെന്നായിരുന്നു അധിറിന്റെ ആരോപണം. സർക്കാർ വിരുദ്ധ വാർത്തകൾ നൽകിയതിന് ഹിന്ദുവിനും ടൈംസ് ഓഫ് ഇന്ത്യക്കും മറ്റും, പരസ്യം നൽകരുതെന്ന് നോഡൽ ഏജൻസിയായ അഡ്വർട്ടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി ഡയറക്ടേറ്റിന് കേന്ദ്രം നിർദ്ദേശം നൽകിയെന്നാണ് കോൺഗ്രസ് ആരോപണം. തങ്ങളുടെ വഴിക്ക് വന്നില്ലെങ്കിൽ പണി തരും എന്ന സന്ദേശമാണ് മാധ്യമ സ്ഥാപനങ്ങൾക്ക് ഇതുവഴി കേന്ദ്രം നൽകുന്നതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. 'അഴിമതിയും സ്വജനപക്ഷപാതവും, വിവാദങ്ങളും നിറഞ്ഞതായിരുന്നു റഫാൽ ഇടപാട്. ഹിന്ദു ദിനപത്രം അത് പുറത്തുകൊണ്ടുവന്നു. മോദിയുടെ പെരുമാറ്റച്ചട്ടലംഘനം ടൈംസ് ഓഫ് ഇന്ത്യ തുറന്നുകാട്ടി. ടെലിഗ്രാഫും, ആനന്ദബസാർ പത്രികയും പ്രധാനമന്ത്രിയെ വിമർശിച്ചു. ഇത് ഒരുജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യവും, സ്വതന്ത്ര പത്രപ്രവർത്തനവും ജനാധിപത്യത്തിൽ വളരെ സുപ്രധാനമാണ്. ഈ അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും പ്രയത്‌നിക്കണം', അധിർ രഞ്ജൻ ചൗധരി സഭയിൽ പറഞ്ഞു.

പത്രവ്യവസായ രംഗത്തെ കണക്കുപ്രകാരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരുമാസം 15 കോടിയിലേറെ രൂപയുടെ കേന്ദ്രസർക്കാർ പരസ്യം കിട്ടുന്നുണ്ട്. ഹിന്ദുവിനാകട്ടെ മാസം 4 കോടിയുടെയും. ഇത് കിട്ടാതെ വരുന്നത് തീർച്ചയായും പത്രങ്ങൾക്ക് തിരിച്ചടി തന്നെയാണ്. അതുകൊണ്ടുതന്നെ മോദി സർക്കാർ നൽകുന്ന സന്ദേശം വ്യക്തമാണ്. വഴിക്കുവരൂ. എന്നിട്ടാവാം പരസ്യം. ടൈംസ് ഗ്രൂപ്പിന്റെ എംഡി വിനീത് ജെയിൻ പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. എങ്ങനെയെങ്കിലും പ്രശ്‌നം തീർപ്പാക്കണം. പത്രത്തിന്റെ വരുമാനച്ചോർച്ച ഇല്ലാതാക്കണം. കഞ്ഞിയിൽ പാറ്റയിടാൻ ആർക്കാണ് ഇഷ്ടം? ഏതായാലും പത്രങ്ങളെ വരച്ച വരയിൽ നിർത്താനാണ് മോദിയുടെ തീരുമാനമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP