Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം വട്ടം വമ്പൻ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാനെത്തുമ്പോൾ 2014 നേക്കാൾ മോടി വേണം മോദിക്ക്; മെയ് 30 ന് വൈകിട്ട് 7 മണിക്ക് മോദിയുടെ സത്യപ്രതിജ്ഞയെന്ന് രാഷ്ട്രപതിഭവന്റെ അറിയിപ്പ് വന്നതോടെ ചടങ്ങ് ജോറാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് എൻഡിഎ നേതാക്കൾ; ട്രംപിനും പുട്ടിനും ഷീ ജിൻ പിങ്ങിനും ക്ഷണം അയയ്ക്കാൻ സാധ്യത; ഇമ്രാൻ ഖാൻ മോദിയെ ഫോണിൽ വിളിച്ചെങ്കിലും പുൽവാമയുടെ പേരിൽ പാക്കിസ്ഥാനെ ക്ഷണിച്ചേക്കില്ല; ചടങ്ങിൽ പങ്കെടുക്കാൻ അതീവതാൽപര്യത്തോടെ ശ്രീലങ്കൻ പ്രസിഡന്റും

രണ്ടാം വട്ടം വമ്പൻ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാനെത്തുമ്പോൾ 2014 നേക്കാൾ മോടി വേണം മോദിക്ക്; മെയ് 30 ന് വൈകിട്ട് 7 മണിക്ക് മോദിയുടെ സത്യപ്രതിജ്ഞയെന്ന് രാഷ്ട്രപതിഭവന്റെ അറിയിപ്പ് വന്നതോടെ ചടങ്ങ് ജോറാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് എൻഡിഎ നേതാക്കൾ; ട്രംപിനും പുട്ടിനും ഷീ ജിൻ പിങ്ങിനും ക്ഷണം അയയ്ക്കാൻ സാധ്യത; ഇമ്രാൻ ഖാൻ മോദിയെ ഫോണിൽ വിളിച്ചെങ്കിലും പുൽവാമയുടെ പേരിൽ പാക്കിസ്ഥാനെ ക്ഷണിച്ചേക്കില്ല; ചടങ്ങിൽ പങ്കെടുക്കാൻ അതീവതാൽപര്യത്തോടെ ശ്രീലങ്കൻ പ്രസിഡന്റും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ മെയ് 30 ന് വൈകിട്ട് 7 മണിക്ക് നടക്കും. രാഷ്ട്രപതിഭവനിലാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതിഭവനാണ് ഈ വിവരം അറിയിച്ചത്. എൻഡിഎയുടെ പുതിയ മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചയാണ് മോദിയെ എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. വിപുലമായ ഒരുക്കങ്ങളാണ് മോദിയുടെ സത്യപ്രതിജ്ഞയ്ക്കായി എൻഡിഎ നടത്തുന്നത്. 2014 ലേക്കാൾ മികച്ച രീതിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കും. ആസിയാൻ, സാർക്ക് രാഷ്ട്രത്തലവന്മാർക്ക് തീർച്ചയായും ക്ഷണമുണ്ടാകും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് ക്ഷണമുണ്ടാവില്ലെന്നാണ് സൂചന. അതേസമയം, പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നരേന്ദ്ര മോദിയെ ഫോണിലൂടെ അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനശ്രമങ്ങളിൽ സഹകരിക്കാമെന്നും ഇമ്രാൻ മോദിയെ അറിയിച്ചു.

പി-5 രാഷ്ട്രങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന തലവന്മാർക്ക് ക്ഷണമുണ്ടാകും. ജപ്പാൻ, ജർമനി, ഇസ്രയേൽ, സൗദി അറേബ്യ, ബിംഎസ്റ്റക് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെയും ക്ഷണിക്കും. ഡൊണൾഡ് ട്രംപ്, വ്‌ളാഡിമിർ പുടിൻ, ഷീ ജിൻപിങ് എന്നിവരുടെ സാന്നിധ്യം കേന്ദ്ര സർക്കാർ ഉറ്റുനോക്കുന്നുണ്ട്. എന്നാൽ, കഷ്ണപത്രിക അയയ്ക്കുന്നതിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമീപ കാല ചൈനാ സന്ദർശനത്തിന് ശേഷം ഇന്ത്യയുമായി ബന്ധം ശക്തമാക്കുന്നതിൽ അതീവതാൽപര്യമാണ് സിരിസേന പ്രകടിപ്പിച്ചത്. 2014 ൽ 7 സാർക്ക് രാഷ്ട്രത്തലവന്മാർ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാഷ്ട്രപതിയുടെ ക്ഷണം മോദിക്ക്

അമിത്ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച സർക്കാർ രൂപീകരണത്തിന് മോദിക്ക് ക്ഷണം കിട്ടിയത്. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ജെ ഡി യു നേതാവ് നിതീഷ് കുമാർ, എൽ ജെ പി നേതാവ് രാം വിലാസ് പാസ്വാൻ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറേ, ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. സത്യപ്രതിജ്ഞയുടെ തീയതിയും സമയവും, മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുവിവരങ്ങളും അറിയിക്കാൻ രാംനാഥ് കോവിന്ദ് മോദിയോട് നിർദ്ദേശിച്ചിരുന്നു.

കാവൽ പ്രധാനമന്ത്രിയായി തുടർന്ന് സർക്കാർ രൂപീകരിക്കാൻ രാംനാഥ് കോവിന്ദ് തന്നോട് ആവശ്യപ്പെട്ടതായി മോദി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ചേർന്ന എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി, രാജ്‌നാഥ്‌സിങ് എന്നിവർ മോദിയെ പിന്താങ്ങി. എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.എൻഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർജെഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവർ എൻഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തന്നെ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് മോദി നന്ദി പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്കുമുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. തനിക്ക് രണ്ടാമൂഴംനൽകിയ വാരണാസിയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാനാണ് യാത്ര. തുടർന്ന് കാശിയിൽ ക്ഷേത്രദർശനംനടത്തിയ ശേഷമാകും ഡൽഹിയിലേക്കുള്ള മടക്കം. .

349 അംഗങ്ങളാണ് പതിനേഴാം ലോക്സഭയിൽ എൻഡിഎക്കുള്ളത്. ഇതിൽ 303 പേരും ബിജെപിയുടെ എംപിമാരാണ്. ധനമന്ത്രിയായി അരുൺ ജയ്റ്റ്ലിക്ക് പകരം പിയൂഷ് ഗോയൽ എത്തിയേക്കും. നിലവിൽ ഊർജ, റെയിൽ വകുപ്പുകളുടെ മന്ത്രിയാണ് പിയൂഷ് ഗോയൽ. അനാരോഗ്യം കാരണം ജയ്റ്റ്ലിക്ക് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന. ഇത്തവണ സുഷമാ സ്വരാജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP