Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി മഹാനായ നേതാവും നല്ലവനുമായ മനുഷ്യനുമാണ്; ഇത്തരം ഒരു നേതാവിനെ ലഭിച്ചതിൽ ഇന്ത്യാക്കാർ ഭാഗ്യവാന്മാരാണ്; മോദി സ്തുതികൾ നിറഞ്ഞ ട്രംപിന്റെ ട്വീറ്റ് വൈറലാക്കി മോദി ഭക്തർ; സൗദിയും റഷ്യയും മുതൽ ഇറാനും ഇസ്രയേലും വരെ മോദി ജയത്തിന്റെ ആഹ്ലാദത്തിൽ; സാർക് രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും സത്യ പ്രതിജ്ഞയ്‌ക്കെത്തും; മോദിയുടെ വിജയം ആഘോഷമാക്കി മിക്ക രാജ്യങ്ങളും; ആകെ നിരാശ പാക്കിസ്ഥാന് മാത്രം

മോദി മഹാനായ നേതാവും നല്ലവനുമായ മനുഷ്യനുമാണ്; ഇത്തരം ഒരു നേതാവിനെ ലഭിച്ചതിൽ ഇന്ത്യാക്കാർ ഭാഗ്യവാന്മാരാണ്; മോദി സ്തുതികൾ നിറഞ്ഞ ട്രംപിന്റെ ട്വീറ്റ് വൈറലാക്കി മോദി ഭക്തർ; സൗദിയും റഷ്യയും മുതൽ ഇറാനും ഇസ്രയേലും വരെ മോദി ജയത്തിന്റെ ആഹ്ലാദത്തിൽ; സാർക് രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും സത്യ പ്രതിജ്ഞയ്‌ക്കെത്തും; മോദിയുടെ വിജയം ആഘോഷമാക്കി മിക്ക രാജ്യങ്ങളും; ആകെ നിരാശ പാക്കിസ്ഥാന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യനും നേതാവുമാണെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വലവിജയത്തിൽ മോദിയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ''നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അദ്ദേഹം മഹാനായ മനുഷ്യനും ഇന്ത്യക്കാരുടെ നേതാവുമാണ്. ഇത്തരമൊരു നേതാവിനെ ലഭിച്ചതിൽ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണ്.'' -ട്രംപ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആഘോഷമാക്കുകയാണ് ബിജെപി. സൗദിയും റഷ്യയും മുതൽ ഇറാനും ഇസ്രയേലും വരെ മോദി ജയത്തിന്റെ ആഹ്ലാദത്തിലാണ്.

ഈ മാസം 30-നാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. 2014-ൽ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കാൻ സാർക് രാജ്യത്തലവന്മാർ എത്തിയിരുന്നു. ഇക്കുറി വിദേശരാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തീരുമാനമെടുത്തതായി ചില മാധ്യമങ്ങൾ വാർത്ത നൽകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സാർക് രാഷ്ട്ര തലവന്മാർ എത്തുമെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. എന്നാൽ ഇത്തവണ പാക്കിസ്ഥാൻ വെട്ടിലാണ്. ഇന്ത്യയിൽ നിന്ന് ക്ഷണമെത്തിയാൽ എന്തു ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് എത്തുംപിടുമില്ല. ക്രിക്കറ്ററായും കമന്റേറ്ററുമായി എന്നും ഇന്ത്യയിൽ വന്നു പോന്നിരുന്ന വ്യക്തിയാണ് ഇമ്രാൻ ഖാൻ.

മോദിയുടെ ഭരണത്തുടർച്ച ഇന്ത്യയും യു.എസുമായുള്ള തന്ത്രപ്രധാനബന്ധം കൂടുതൽ ശക്തമാക്കുമെന്ന് യു.എസ്. നേതൃത്വം അറിയിട്ടുണ്ട്. മോദിയുടെ തിരഞ്ഞെടുപ്പിനെ വലിയസംഭവമെന്ന് വിശേഷിപ്പിച്ച യു.എസ്. നേതൃത്വം പ്രധാനമന്ത്രിയെ അഭിനന്ദനവും അറിയിച്ചു. 'തിരഞ്ഞെടുപ്പിലെ വലിയവിജയത്തിൽ പ്രധാനമന്ത്രിക്കും ബിജെപി.ക്കും അഭിനന്ദനം' -യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മോദിയുടെ തിരിച്ചുവരവോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുമെന്നും ഒരുമിച്ചുള്ള മുന്നേറ്റത്തിന് കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, പ്രതിരോധസഹകരണം എന്നിവ കാര്യമായി വർധിച്ചതും യു.എസ്. ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയാക്കിയതും ട്രംപ് എടുത്തുപറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്കും അഖണ്ഡതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ട്ണർഷിപ്പ് ഫോറത്തിലെ ഡയറക്ടർ ബോർഡ് ചെയർമാൻ ജോൺ ചേംബേഴ്‌സും പറഞ്ഞു. മോദിയുടെ കീഴിൽ ഇന്ത്യക്ക് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയുണ്ടാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാവും. വ്യാപാരമേഖലയിലും വിദേശനിക്ഷേപത്തിലും വർധനയുണ്ടാക്കാനും കഴിയുമെന്നും ചേംബേഴ്‌സ് പറഞ്ഞു. തിരഞ്ഞെടുപ്പുവിജയത്തിൽ പരസ്പരം ആശംസകൾ കൈമാറിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് ചൈനയും രംഗത്ത് വന്നു. ഇതൊരു ശുഭസൂചനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ഇമ്രാൻഖാൻ വ്യാഴാഴ്ചതന്നെ മോദിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും മേഖലയിൽ സമാധാനത്തിനായി ഒരുമിച്ചുനിൽക്കാമെന്നും അറിയിച്ചിരുന്നു. അഭിനന്ദനത്തിന് നന്ദിപറഞ്ഞ മോദി, സമാധാനത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നതെന്ന് മറുപടിയും നൽകിയിരുന്നു.

പാക്കിസ്ഥാനൊഴികെ ബാക്കിയെല്ലാ രാജ്യങ്ങളും മോദിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതാണ് ട്രംപിന്റെ ട്വീറ്റിലും പ്രതിഫലിക്കുന്നത്. റഷ്യൻ പ്രസിഡന്റ് പുട്ടിലും ഇസ്രയേൽ പ്രധാനമന്ത്രിയുമെല്ലാം സത്യപ്രതിജ്ഞയ്‌ക്കെത്താൻ സാധ്യതയുള്ളവരാണ്. അതുകൊണ്ട് തന്നെ ഡൽഹിയിൽ അതീവ രക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ ഓരോ ചലനവും സൈന്യം നിരീക്ഷിക്കുന്നുമുണ്ട്. വായുസേനയും സുസജ്ജമാണ്. പധാനമന്ത്രിയായി തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നരേന്ദ്ര മോദി അമ്മ ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വങ്ങുന്നുണ്ട്. ഇതിനായി ഇന്ന് മോദി ഗുജറാത്തിലെത്തും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം വാരണാസി ലോക്‌സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുമ്പും അദ്ദേഹം അമ്മയെ സന്ദർശിച്ചിരുന്നു. അന്ന് 20 മിനിട്ടോളം മോദി അമ്മയ്‌ക്കൊപ്പം ചെലവഴിച്ചിരുന്നു. അഹമ്മദാബാദിൽ നരേന്ദ്ര മോദിയുടെ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെൻ താമസിക്കുന്നത്.അമ്മയെ സന്ദർശിച്ച ശേഷം തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി അദ്ദേഹം വാരണാസിയിലേക്ക് പോകും. 4.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ മോദി വിജയിച്ചത്. തുടർന്ന് നാളെ അദ്ദേഹം കാശിയിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. അതിന് ശേഷമാകും സത്യപ്രതിജ്ഞ.

ബിജെപിയും എൻഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തിൽ നവഭാരത നിർമ്മിതിക്കായുള്ള പുതിയ യാത്രയിൽ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. യോഗത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് സർക്കാരുണ്ടാക്കാൻ മോദി അവകാശമുന്നയിച്ചു. മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആദ്യപ്രതിയിന്മേൽ ശിരസ്സ് നമിച്ചാണ് മോദി എൻഡിഎ യോഗത്തെ അഭിസംബോധന ചെയ്തത്.

രാജ്യമെങ്ങും ഭരണാനുകൂല വികാരം ആഞ്ഞടിച്ചതാണ് ഇത്രവലിയ വിജയത്തിന് കാരണമായത്. പുതിയ ഊർജ്ജത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. വലിയ വിജയം നമ്മുടെ ഉത്തരവാദിത്വങ്ങളും വർദ്ധിപ്പിക്കുന്നു. വിജയിച്ചെത്തിയ എല്ലാവരേയും അഭിനന്ദിക്കുന്നു. ആദ്യമായി ലോക്സഭാംഗങ്ങളായവരെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചു. ഭരണത്തുടർച്ച ആഗ്രഹിച്ചതിന്റെ തരംഗമാണ് രാജ്യം മുഴുവൻ ആഞ്ഞടിച്ചത്.

രാജ്യത്തുനിന്ന് ദാരിദ്ര്യം പൂർണ്ണമായും തുടച്ചു നീക്കാനുള്ള അന്തിമയുദ്ധത്തിന് എല്ലാവരും തയ്യാറെടുക്കണം. ഏറ്റവുമധികം വനിതകളെ ലോക്സഭയിലേക്ക് എത്തിക്കാൻ ബിജെപിക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം വനിതാ എംപിമാർ പാർലമെന്റിലെത്തുന്നത് ഇതാദ്യമാണ്. ദേശീയ വികാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. അതേ സമയം തന്നെ പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക താൽപ്പര്യങ്ങൾ ദേശീയ താൽപ്പര്യങ്ങൾ തന്നെയായി മാറുമെന്നും മോദി പറഞ്ഞു.

ഭാരതമാതാവിനേക്കാൾ വലിയ മറ്റൊരു ദേവത നമുക്കില്ല. ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം നമുക്കാർജ്ജിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം, പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവർത്തനം. നേതാക്കളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാവരുത്. വിഐപി സംസ്‌ക്കാരം പൂർണമായും ഇന്ത്യയിൽ അവസാനിക്കുകയാണ്. നമ്മുടെ പൈതൃകം എന്തെന്ന് നേതാക്കൾ മറക്കരുതെന്നും പ്രധാനമന്ത്രി എംപിമാരെ ഓർമ്മിപ്പിച്ചു. എൻഡിഎ യോഗത്തിന് ശേഷം രാത്രി എട്ടിന് രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി ഔദ്യോഗികമായി കത്ത് കൈമാറി.

സത്യപ്രതിജ്ഞയുടെ തീയതിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളാരൊക്കെ എന്നും അറിയിക്കാനും രാഷ്ട്രപതി മോദിയോട് നിർദ്ദേശിച്ചതായി രാഷ്ട്രപതി ഭവന്റെ അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP