Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ സർക്കാർ വീഴാതിരിക്കാൻ മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഒരുങ്ങി കമൽനാഥ്; ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ രാജിവെച്ച് എല്ലാ മന്ത്രിമാരും; അനുരഞ്ജന ഫോർമുല ഉരുത്തിരിഞ്ഞത് കോൺഗ്രസ് അധ്യക്ഷ സോണിയയുമായി നടത്തിയ ചർച്ചക്ക് ശേഷം; മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിൻ പൈലറ്റ്; സ്ഥിരതയുള്ള ഒരു സർക്കാറിനെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി

മധ്യപ്രദേശിൽ സർക്കാർ വീഴാതിരിക്കാൻ മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഒരുങ്ങി കമൽനാഥ്; ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ രാജിവെച്ച് എല്ലാ മന്ത്രിമാരും; അനുരഞ്ജന ഫോർമുല ഉരുത്തിരിഞ്ഞത് കോൺഗ്രസ് അധ്യക്ഷ സോണിയയുമായി നടത്തിയ ചർച്ചക്ക് ശേഷം; മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിൻ പൈലറ്റ്; സ്ഥിരതയുള്ള ഒരു സർക്കാറിനെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും രാജസ്ഥാൻ ഉപമുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാറിനെ വീഴ്‌ത്തും വിധത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് സർക്കാരിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. ഇടഞ്ഞു നിൽക്കുന്ന എംഎ‍ൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സർക്കാരിനെ രക്ഷിച്ചെടുക്കാൻ മുഖ്യമന്ത്രി കമൽനാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണിത് നടന്നത്. എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് കമൽനാഥ് രാജി ആവശ്യപ്പെട്ടത്.

നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ഈ ഫോർമുലയിലേക്ക് കമൽനാഥ് എത്തിയത്. പ്രതിപക്ഷമായ ബിജെപി തങ്ങളുടെ എംഎ‍ൽഎമാരെ കൂറുമാറ്റാൻ ശ്രമിക്കുന്നു എന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്ന അതേ സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ കോൺഗ്രസ് എംഎ‍ൽഎമാർ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കമൽനാഥിന്റെ നീക്കം. ബംഗളൂരുവിൽ എത്തിയ എംഎ‍ൽഎമാരിൽ ആറോളം മന്ത്രിമാരും ജോ്യാതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നുണ്ട്. ഈ മന്ത്രിമാരെയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് റിപ്പോർട്ട്. രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് എംഎ‍ൽഎമാർ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വൈകാതെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ വിലപേശലിനുള്ള കരനീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ വസതിയിൽ സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. മുന്മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നരേന്ദ്ര സിങ് തോമർ എംപി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പാർട്ടി എംഎൽഎമാരോട് ഭോപ്പാലിലെത്താൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ചേരുന്ന എംഎൽഎമാരുടെ യോഗത്തിൽ ശിവരാജ് സിങ് ചൗഹാനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും.

അതേസമയം മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി ഉടനവസാനിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പ്രതികരിച്ചു. വാഗ്ദാനങ്ങൾ പാലിക്കാൻ സ്ഥിരതയുള്ള ഒരു സർക്കാറിനെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '' മധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഉടനവസാനിക്കുമെന്നാണ് പ്രതീക്ഷ. അഭിപ്രായഭിന്നത പരിഹരിക്കാൻ നേതാക്കൾക്ക് കഴിയുമെന്നാണ് കരുതുന്നത്,'' സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി കമൽനാഥ്, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ്ങുമായും മറ്റു കോൺഗ്രസ് എംഎൽഎമാരും ചർച്ച നടത്തി. കോൺഗ്രസ് എംഎൽഎ ഹർദീപ് സിങ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതോടെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസഖ്യ 113 ആയി. ബിജെപിക്ക് 107. സ്വതന്ത്രർ (4), ബിഎസ്‌പി (2), എസ്‌പി (1) എന്നിവരുടെ കൂടി പിന്തുണയോടെ 121 അംഗങ്ങളാണു ഭരണകക്ഷിക്കുള്ളത്.

കഴിഞ്ഞ വർഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം നൽകാത്തയിൽ സിന്ധ്യയ്ക്ക് നീരസം ഉണ്ടായിരുന്നു. ഒരേസമയം മുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദവികൾ കമൽനാഥ് വഹിക്കുന്നതിനെ സിന്ധ്യ എതിർക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം തിരഞ്ഞെടുപ്പു പ്രചാരണത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്ന സിന്ധ്യക്ക് അവിടെ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ ഏതാനും മാസങ്ങൾക്കു മുൻപ് ട്വിറ്റർ അക്കൗണ്ടിൽ നിന്ന് 'കോൺഗ്രസ് പ്രവർത്തകൻ' എന്ന വാചകം ഒഴിവാക്കിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP