Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി; പ്രശസ്തസംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു; തീരുമാനം പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്; തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി; പ്രശസ്തസംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു; തീരുമാനം പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്; തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്. കുടുംബത്തിന്റെ തീരുമാനം കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. പ്രത്യേകിച്ച് ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഹാരികയുടെ ഈ തീരുമാനം പ്രതിപക്ഷ കക്ഷികൾക്ക് ആയുധം നൽകുന്നതിന് തുല്യമാണ്. പൗരത്വബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണുണ്ടായത്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനന്മാരായ സംഗീതജ്ഞരിൽ ഒരാളാണ് ഭൂപെൻ ഹസാരിക. അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപേൻ കൈവെക്കാത്ത മേഖലകൾ കുറവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല. രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുള്ള എക്കാലത്തെയും പ്രതിഭയാണ് ഇദ്ദേഹം. കുടുംബത്തിന്റെ ഈ തീരുമാനം വലിയ ചർച്ചകൾക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. മാത്രമല്ല എൻഡിഎ സർക്കാരിനെ സംബന്ധിച്ച് കനത്ത പ്രഹരവും.

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറിയ എല്ലാ വിദേശപൗരന്മാരേയും തിരിച്ചയക്കാനാണ് 1985-ലെ അസം ആക്ട് നിർദ്ദേശിക്കുന്നത്. എന്നാൽ 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിൻ, പാർസികൾ, ക്രൈസ്തവർ എന്നിവർക്ക് ആറ് വർഷം രാജ്യത്ത് താമസിച്ചാൽ പൗരത്വം നൽകാനാണ് ശുപാർശ ചെയ്യുന്നത്.

എന്നാൽ ഇതിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണുയർന്നത്. പ്രതിപക്ഷം ഇതിനെതിരെ ലോക്‌സഭയിൽ വലിയ പ്രതിഷേധമുന്നയിച്ചു. അസമീസ് ഗോത്രവിഭാഗങ്ങളും തദ്ദേശീയ പാർട്ടികളും ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. അനധികൃത കുടിയേറ്റക്കാരുടെ ഭാരം സംസ്ഥാനസർക്കാരിന് മേൽ കെട്ടിവച്ച് രക്ഷപ്പെടുകയാണ് കേന്ദ്രസർക്കാരെന്നായിരുന്നു ഇവരുടെ ആരോപണം.

2014-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പശ്ചിമബംഗാളിലുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബംഗ്ലാദേശിൽ നിന്നും മറ്റും വന്ന അനധികൃത ഹിന്ദു കുടിയേറ്റക്കാരുടെ വോട്ട് വാങ്ങാനുള്ള ബിജെപി തന്ത്രമാണിതെന്ന് തൃണമൂൽ കോൺഗ്രസും ആരോപിച്ചിരുന്നു.


ഭൂപെൻ ഹസാരിക?

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാധനന്മാരായ സംഗീതജ്ഞരിൽ ഒരാളാണ് ഭൂപെൻ ഹസാരിക. അറിയപ്പെട്ടിരുന്നത് ഒരു പാട്ടുകാരനായിട്ടായിരുന്നെങ്കിലും ഭൂപേൻ കൈവെക്കാത്ത മേഖലകൾ കുറവാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ അസം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ ഹസാരികയ്ക്കുള്ള പങ്ക് ചെറുതല്ല.

അദ്ദേഹം സംവിധാനം ചെയ്ത 'ഗ്ലിംപ്സസ് ഓഫ് ദി മിസ്റ്റി ഈസ്റ്റ്' എന്ന ഡോക്യൂമെന്ററി 1947 മുതൽ 1997 വരെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ്.1990-ൽ പുറത്തിറങ്ങിയ രുദാലി എന്ന ചിത്രത്തിന് വേണ്ടി ഡോ. ഭൂപേൻ ഹസാരിക ഈണമിട്ട 'ദിൽ ഹൂം ഹൂം കരേ...' എന്ന പാട്ട് ഹിന്ദിയിലെ ക്ളാസ്സിക് പാട്ടുകളിൽ ഒന്നാണ്.

അസമിലെ സാദിയയിൽ 1926ൽ അദ്ധ്യാപക കുടുംബത്തിലായിരുന്നു ജനനം. പിതാവ് നീലകണ്ഠ ഹസാരിക ഉൾപ്പെടെ കുടുംബത്തിലെ മിക്കവരും അദ്ധ്യാപകർ . കുടുംബത്തിന് സാദികയിൽ സ്വന്തമായി സ്‌കൂളും ഉണ്ടായിരുന്നു. എന്നാൽ , തന്റെ വഴി അദ്ധ്യാപനമല്ലെന്ന് പത്താം വയസ്സിൽ ഒരു കാസറ്റിൽ പാടി ഭൂപൻ തെളിയിച്ചു.

ഇന്ത്യൻ സിനിമാചരിത്രത്തിൽ രണ്ടാമത്തെ ശബ്ദചിത്രമായ 'ഇന്ദ്രമാലതി'യിൽ 12-ാം വയസ്സിൽ വേഷമിട്ട് നടനായി അരങ്ങേറ്റം കുറിച്ചു. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമായി തിരിച്ചെത്തിയ അദ്ദേഹം മുഴുവൻ സമയവും സിനിമയ്ക്കായി നീക്കിവച്ചു.വിവാഹിതരായിട്ടില്ലങ്കിലും 38 വർഷമായി ഒരുമിച്ച് കഴിയുന്ന കല്പന ലജ്മി ഭൂപെന്റെ ജീവിതപങ്കാളിയാണ്. ഭൂപെന്റെ ആദ്യ ഭാര്യ പ്രിയം ആണ്.മകൻ തേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP