Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത്ഷാ മന്ത്രിയാകുമോ? അരുൺ ജെയ്റ്റ്‌ലി വീണ്ടും വരുമോ? മന്ത്രിമാർ ആരൊക്കെ? ആർക്കും ഒന്നും അറിയില്ല; മോദിയുടെ തീരുമാനങ്ങൾ എല്ലാം അതീവ രഹസ്യം; ഇന്ദ്രപ്രസ്ഥത്തിലെ ഏതു അരമന രഹസ്യവും ചോർത്തിയെടുക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകർക്ക് പോലും ഒന്നും അറിയാൻ കഴിയുന്നില്ല; അമിത്ഷായും മോദിയും എല്ലാം അതീവ രഹസ്യമാക്കുമ്പോൽ പെട്ടു പോകുന്നത് തലസ്ഥാനത്തെ പത്രക്കാർ; കേന്ദ്ര സർക്കാറിന്റെ എല്ലാ നീക്കങ്ങളും ആർക്കും ഊഹിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അതീവ രഹസ്യമായി

അമിത്ഷാ മന്ത്രിയാകുമോ? അരുൺ ജെയ്റ്റ്‌ലി വീണ്ടും വരുമോ? മന്ത്രിമാർ ആരൊക്കെ? ആർക്കും ഒന്നും അറിയില്ല; മോദിയുടെ തീരുമാനങ്ങൾ എല്ലാം അതീവ രഹസ്യം; ഇന്ദ്രപ്രസ്ഥത്തിലെ ഏതു അരമന രഹസ്യവും ചോർത്തിയെടുക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകർക്ക് പോലും ഒന്നും അറിയാൻ കഴിയുന്നില്ല; അമിത്ഷായും മോദിയും എല്ലാം അതീവ രഹസ്യമാക്കുമ്പോൽ പെട്ടു പോകുന്നത് തലസ്ഥാനത്തെ പത്രക്കാർ; കേന്ദ്ര സർക്കാറിന്റെ എല്ലാ നീക്കങ്ങളും ആർക്കും ഊഹിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അതീവ രഹസ്യമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും? കേരളത്തിൽ നിന്നും ആരെങ്കിലും മന്ത്രിമാരാകുമോ? ബിജെപി അധ്യക്ഷൻ അമിത്ഷാ മന്ത്രിസഭയിൽ ഉണ്ടാകുമോ? ഇന്ദ്രപ്രസ്ഥത്തിൽ മോദിയും ഷായും എല്ലാം തീരുമാനിക്കുമ്പോൾ ബിജെപി നേതാക്കൾക്കോ മറ്റാർക്കെങ്കിലുമോ കാര്യങ്ങളൊന്നും അറിവില്ലാത്ത അവസ്ഥയാണ്. എല്ലാം ചോർത്തുന്ന മുതിർന്ന മാധ്യപ്രവർത്തകർക്ക് പോലും ഒന്നും പടിയില്ലാത്ത അവസ്ഥ. ആരൊക്കെ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഇനിയും ഉറപ്പുണ്ടായിട്ടില്ല. അരുൺ ജെയ്റ്റ്‌ലി വീണ്ടും മന്ത്രിയാകാൻ ഇല്ലെന്ന് അറിയിച്ചെങ്കിലും ഇന്നലെ മോദി നേരിട്ടെത്തി അദ്ദേഹവുമായു കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതോടോ അദ്ദേഹം മനസ്സു മാറ്റുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്.

കഴിഞ്ഞ തവണ മോദി അധികാരമേൽക്കുന്ന ഘട്ടത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത് രാജ്‌നാഥ് സിംഗായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാർ ആരാണെന്ന കാര്യത്തിൽ അടക്കം വിവരങ്ങൾ പത്രക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ആരൊക്കെ മന്ത്രിമാരാണെന്ന കാര്യത്തിൽ ആർക്കും ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. മോദിയു ഷായുമാണ് എല്ലാ കാര്യങ്ങലും നിശ്ചയിക്കുന്നത്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും രഹസ്യാത്മകത നിലനിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷൻ അമിത്ഷായും തമ്മിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ചിലരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്. പ്രകാശ് ജാവദേക്കർ, അർജുൻ റാം മേഘ്വാൾ, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ് ധർമ്മേന്ദ്ര പ്രധാൻ എന്നിവർ മന്ത്രിമാരായി തുടരുമെന്നാണ് പുറത്തുവന്ന വിവരം.

മോദി മന്ത്രിസഭയിൽ ഷാ അംഗമാകുമോ എന്ന കാര്യത്തിൽ അടക്കം ഒരു വ്യക്തതയും കൈവന്നിട്ടില്ല. അടുത്ത ഒരുവർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിഗണിച്ച് അതുവരെ അമിത് ഷാ ബിജെപി അദ്ധ്യക്ഷനായി തുടരുമെന്നും റിപ്പോർട്ടുണ്ട്. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും. മന്ത്രിസഭയിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

ബിജെപി അധ്യക്ഷപദമെന്ന പരമോന്നത പദവി കൈയൊഴിഞ്ഞ് കേന്ദ്രമന്ത്രിസഭയിലെ വെറുമൊരംഗമാകാൻ അമിത് ഷായ്ക്ക് താത്പര്യമില്ലെന്നാണ് സൂചന. പശ്ചിമബംഗാളടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാൽ അവിടെ തന്ത്രങ്ങൾ മെനയാനും അമിത് ഷാ തന്നെ വേണമെന്നാണ് പ്രധാനമന്ത്രിയുടെയും താത്പര്യം. ഇന്നലെ അരുൺ ജെയ്റ്റ്‌ലിയെ കണ്ട മോദി മന്ത്രിസഭയിലേക്കില്ല എന്ന തീരുമാനം തൽക്കാലം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചതായാണ് സൂചനയുണ്ട്.

തൽക്കാലം ജയ്റ്റ്‌ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്നാണ് മോദി ജയ്റ്റ്‌ലിക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം. നേരത്തേ പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് അരുൺ ജയ്റ്റ്‌ലി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്റ്റ്‌ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്റ്റ്‌ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

നേരത്തേ അമിത് ഷായുടെ അഞ്ച് വർഷത്തെ കാലാവധി ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ചേർന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. എന്നാലും നിർണായക തീരുമാനങ്ങൾ മോദി - ഷാ ദ്വയത്തിന്റേത് തന്നെയാകും. 303 സീറ്റുകൾ ഒറ്റയ്ക്ക് നേടി, 272 എന്ന കേവലഭൂരിപക്ഷത്തിന്റെ എണ്ണം മറികടന്ന് ഏറെ മുന്നിലെത്തിയ ഇരുവരുടെയും നേതൃത്വം തന്നെയാകും ഇനിയും ബിജെപി ഭരിക്കുക. വൻവിജയത്തിന് ശേഷം ഗാന്ധിനഗറിലും, അഹമ്മദാബാദിലുമായി എത്തിയ ഇരുവരും സജീവമായി കേന്ദ്രമന്ത്രിസഭാ രൂപീകരണം തന്നെയാണ് ചർച്ച ചെയ്തതെന്നാണ് സൂചന.

അൽഫോൻസ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് സാധ്യത. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കുമ്മനം രാജശേഖരൻ രാവിലെ ഡൽഹിയിലെത്തും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി കൂടിക്കാഴ്‌ച്ച നടത്തും. മഹാത്മാ ഗാന്ധി സമാധിയിലും വാജ്‌പേയ് സമാധിയിലും മോദി ആദരാഞ്ജലികൾ അർപ്പിക്കും. ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുചരിത്രം രചിച്ചാണ് നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ സാധാരണക്കാരൻ. പ്രതിപക്ഷ പാർട്ടികളുടെ ദയനീയ പരാജയം മോദിക്ക് പോന്ന എതിരാളികളില്ലെന്ന തോന്നൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭരണത്തിൽ ഒട്ടേറെ വെല്ലുവിളികളാണ് മോദി സർക്കാരിനെ കാത്തിരിക്കുന്നത്.

ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂർണബഹുമതിയോടെ തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദർദാസ് മോദി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവ്. പിന്നാക്ക വിഭാഗത്തിൽ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആൾ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വർഗീയ കലാപത്തിന്റെ കരിനിഴൽ ചുമക്കുന്ന നേതാവ്. അങ്ങനെ നീണ്ടുനീണ്ടുപോകും മോദിയുടെ നേട്ടവും കോട്ടവും. ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നുണ്ടായതല്ല മോദിയുടെ വളർച്ച. സ്വന്തം പ്രയത്‌നം കൊണ്ട് പ്രധാനമന്ത്രി പദത്തിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോദി രാജ്യത്തെ ജനങ്ങളുടെ വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. ആദ്യത്തേതിനേക്കാൾ കൂടുതൽ സീറ്റുകൾ രണ്ടാമൂഴത്തിൽ ജനങ്ങൾ നൽകിയതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടിയെന്ന് മോദി തന്നെ സമ്മതിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP