Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജമ്മു കശ്മീരിനെ ഭിന്നിപ്പിക്കുന്നതല്ല, രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള വഴി; ഇത് ദേശസുരക്ഷയ്ക്ക് ഭീഷണി മാത്രമേ സൃഷ്ടിക്കൂ'; കാശ്മീർ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി; അമിത്ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; ചരിത്രപരമായി തെറ്റു തിരുത്തിയെന്ന് ജനാർദ്ദൻ ദ്വിവേദിയും ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമെന്ന് ദീപേന്ദർ എസ് ഹൂഡയും

'ജമ്മു കശ്മീരിനെ ഭിന്നിപ്പിക്കുന്നതല്ല, രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള വഴി; ഇത് ദേശസുരക്ഷയ്ക്ക് ഭീഷണി മാത്രമേ സൃഷ്ടിക്കൂ'; കാശ്മീർ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി; അമിത്ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; ചരിത്രപരമായി തെറ്റു തിരുത്തിയെന്ന് ജനാർദ്ദൻ ദ്വിവേദിയും ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമെന്ന് ദീപേന്ദർ എസ് ഹൂഡയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ വിഷയത്തിൽ പ്രതികരണം നടത്താതിരുന്ന രാഹുൽ ഗാന്ധി ഒടുവിൽ മൗനം വെടിഞ്ഞു. ജമ്മു കശ്മീരിനെ ഭിന്നിപ്പിക്കുന്നതല്ല, രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള വഴി. ഇത് ദേശസുരക്ഷയ്ക്ക് ഭീഷണി മാത്രമേ സൃഷ്ടിക്കൂ' എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്മേലും ആദ്യമായാണ് രാഹുൽ പ്രതികരിച്ചത്.

''ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങൾ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്റെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രത്യേക യോഗം വിളിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് അധ്യക്ഷനല്ലാത്ത താൻ എങ്ങനെ പാർട്ടി യോഗം വിളിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുമ്പോൾ കോൺഗ്രസിലെ ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് അടിയന്തരമായി പ്രവർത്തക സമിതി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രാജ്യസഭയിൽ ഇന്നലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചപ്പോൾ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോൺഗ്രസിന്റെ ഗുലാം നബി ആസാദായിരുന്നു. മുതിർന്ന നേതാവ് പി. ചിദംബരവും കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു.

എന്നാൽ കശ്മീരിലെ കേന്ദ്ര നടപടിയെ എതിർക്കുന്ന കോൺഗ്രസിൽ നിലപാടിൽ പ്രതിഷേധിച്ച് അസമിൽ നിന്നുള്ള മുതിർന്ന അംഗവും രാജ്യസഭ വിപ്പുമായ ഭുവനേശ്വർ കലതി പാർട്ടിയിൽ രാജി പ്രഖ്യാപിച്ചിരുന്നു. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിപ്പോന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയുണ്ട്. കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ രംഗത്ത് വന്നതോടെയാണ് പാർട്ടിയിലെ ഭിന്നത പുറത്തുവന്നത്.

ഇന്നലെ രാജ്യസഭയിൽ ബില്ല് പാസ്സാക്കപ്പെട്ടിട്ടും ഇന്നാണ് രാഹുൽ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്മേൽ ഒരു നിലപാടില്ലാതെ നട്ടം തിരിയുകയായിരുന്നു കോൺഗ്രസ്. സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. ബില്ലിന്മേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി.

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

ഇതിനെല്ലാമിടയിലും മുൻ എംപിമാരും മുതിർന്ന നേതാക്കളും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു, അന്നത്തെ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുമായി നടത്തിയ ചർച്ചകൾക്കും, വിശദമായ പരിശോധനകൾക്കും ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി ഭരണഘടനാ അനുച്ഛേദം 370 ഭരണഘടനയോട് ചേർക്കുന്നത്. നെഹ്‌റുവിന്റെ ആ തീരുമാനത്തെ തള്ളിപ്പറയുകയാണ ്മുതിർന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി. ആ നീക്കം ''ചരിത്രപരമായ തെറ്റാണെ''ന്നാണ് ദ്വിവേദി പറഞ്ഞത്.

''ഇതൊരു പഴയ പ്രശ്‌നമാണ്. സ്വാതന്ത്യത്തിന് ശേഷം, പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. എന്റെ രാഷ്ട്രീയഗുരു ഡോ. രാം മനോഹർ ലോഹ്യ ഈ അനുച്ഛേദത്തിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്റെ നിലപാട്'', ജനാർദ്ദൻ ദ്വിവേദി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. ''370-ാം അനുച്ഛേദം ഭരണഘടനയിൽ വേണ്ടതില്ലെന്നാണ് എന്റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP