Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സിറ്റ് പോളിൽ വിശ്വസിച്ച് ബിജെപി; എൻഡിഎയിലെ കക്ഷികൾക്ക് ഇന്ന് ആഘോഷ വിരുന്നൊരുക്കാൻ മോദി; അടുത്ത മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഘടകകക്ഷികളുടെ യോഗം വിളിച്ച് അമിത് ഷാ; മുതിർന്ന മന്ത്രിമാർക്ക് നന്ദി അറിയിക്കാനുള്ള പ്രധാനമന്ത്രിയുടെ കൂടിയാലോചനകളും ഇന്ന്; എൻഡിഎ യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ തുഷാറും; ബിഡിജെഎസ് മുന്നണി വിടുമെന്ന വിലയിരുത്തലിലേക്ക് ബിജെപി ദേശീയ നേതൃത്വവും

എക്‌സിറ്റ് പോളിൽ വിശ്വസിച്ച് ബിജെപി; എൻഡിഎയിലെ കക്ഷികൾക്ക് ഇന്ന് ആഘോഷ വിരുന്നൊരുക്കാൻ മോദി; അടുത്ത മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഘടകകക്ഷികളുടെ യോഗം വിളിച്ച് അമിത് ഷാ; മുതിർന്ന മന്ത്രിമാർക്ക് നന്ദി അറിയിക്കാനുള്ള പ്രധാനമന്ത്രിയുടെ കൂടിയാലോചനകളും ഇന്ന്; എൻഡിഎ യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ തുഷാറും; ബിഡിജെഎസ് മുന്നണി വിടുമെന്ന വിലയിരുത്തലിലേക്ക് ബിജെപി ദേശീയ നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻ.ഡി.എ.ക്ക് വൻവിജയം പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ എത്തിയതോടെ കരുതലോടെയാണ് പ്രതിപക്ഷത്തിന്റെ പോക്ക്. എന്നാൽ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ബിജെപി. കരുക്കൾ നീക്കുകയാണ്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമായി ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിൽ എൻ.ഡി.എ. യോഗം ചേരും. ഭൂരിപക്ഷം കിട്ടിയാൽ മന്ത്രിസഭാ രൂപീകരണത്തിൽ എടുക്കേണ്ട നിലപാടുകൾ പോലും യോഗത്തിൽ ചർച്ചയാകും. ബിജെപി. മുന്നൂറിലേറെ സീറ്റു നേടുമെന്നും എൻ.ഡി.എ. സർക്കാർ രൂപവത്കരിക്കുമെന്നുമുള്ള വിലയിരുത്തിലിലാണ് യോഗം. സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ മുതിർന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

14 എക്‌സിറ്റ് പോളുകളിൽ പന്ത്രണ്ടും എൻ.ഡി.എ. ജയിക്കുമെന്നാണു പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലം പോലെതന്നെയാവും യഥാർഥഫലവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. . അധ്യക്ഷൻ അമിത് ഷാ വിളിച്ചിരിക്കുന്ന എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്. ഇത് വിജയാഹ്ലാദ പാർട്ടിയെന്ന നിലയിൽ പോലും വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാം വിലാസ് പാസ്വാൻ (എൻ.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുൾപ്പടെയുള്ളവർ യോഗത്തിനെത്തും. കേരളത്തിൽനിന്ന് എൻ.ഡി.എ. അംഗമായ കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും. ബിഡിജെഎസ് വിട്ടു നിൽക്കുമെന്നാണ് സൂചന. വോട്ടെണ്ണലിനു മുന്നോടിയായി ബിജെപി. ആസ്ഥാനത്ത് പന്തലുൾപ്പെയുടെയുള്ള സജ്ജീകരണങ്ങളൊരുങ്ങിത്തുടങ്ങി.

എക്‌സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്യും. എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബിജെപി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നു ഷാ പറഞ്ഞിരുന്നു. ഇപ്പോൾ എൻ.ഡി.എ.യിൽ ചെറിയകക്ഷികളുൾപ്പെടെ 41 പാർട്ടികളാണുള്ളത്. പുതിയ പാർട്ടികളെ ഉൾപ്പെടുത്താതെതന്നെ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നേതൃത്വം. കേരളത്തിലെ ബിഡിജെഎസ് തെറ്റി പോകുമെന്നും ബിജെപി കണക്കു കൂട്ടുന്നുണ്ട്.

കേരളത്തിലെ ബിജെപി മുന്നണിയായ എൻഡിഎയിലെ രണ്ടാം ഘടകക്ഷിയായ ബിഡിജെഎസും പ്രതിഷേധത്തിലാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിട്ടാണ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കാൻ പോയത്. മോദിയും അമിത് ഷായും പ്രചരണത്തിന് എത്തുമെന്ന് വരെ തുഷാറിനെ വിശ്വസിപ്പിച്ചു. എന്നാൽ രണ്ടു പേരും വയനാട്ടിൽ പോയില്ല. രാഹുൽ തരംഗം ആഞ്ഞടിച്ചതോടെ ബിജെപിക്കാരും പ്രചരണത്തിൽ പിന്നോട്ട് പോയി. ഒരു ചലനവും ഉണ്ടാക്കാനുമായില്ലെന്ന് തുഷാറിന് അറിയാം. ജയസാധ്യതയുള്ള മണ്ഡലം തരാമെന്ന് പറഞ്ഞ് തന്നെ ബിജെപി പറ്റിച്ചുവെന്ന് തുഷാർ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി കൂടിയായ അച്ഛൻ വെള്ളാപ്പള്ളി ബിജെപിക്കെതിരെ തിരിയാതിരിക്കാനുള്ള തന്ത്രമായിരുന്നു തുഷാറിനെ മത്സരിപ്പിക്കൽ. ഈ ചതി വൈകിയാണ് തൂഷാർ മനസ്സിലാക്കിയത്.

ഈ സാഹചര്യത്തിൽ ബിജെപിയുമായി ബന്ധം വിച്ഛേദിക്കാൻ ബിഡിജെഎസ് തയ്യാറാകുമെന്നാണ് റിപ്പോർട്ട്. മോദി അധികാരത്തിൽ വീണ്ടുമെത്തിയാൽ രാജ്യസഭാ സ്ഥാനം തുഷാർ മനസ്സിൽ കാണുന്നുണ്ട്. എന്നാൽ മോദി അധികാരത്തിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ തുഷാർ പൊട്ടിത്തെറിക്കും. ബിഡിജെഎസ് എൻഡിഎ വിടുകയും ചെയ്യും. വെള്ളാപ്പളിയുടെ മനസ്സ് കൂടി മനസ്സിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് തുഷാർ ഈ ഘട്ടത്തിൽ പദ്ധതിയിടുന്നത്. ബിഡിജെഎസ് മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ആലത്തൂരിലും ബിജെപിക്കാർ പ്രചരണത്തിൽ സജീവമായിരുന്നില്ലെന്നും തുഷാറിന് പരാതിയുണ്ട്. എന്നാൽ ബിജെപിക്ക് വേണ്ടി ബിഡിജെഎസ് പ്രവർത്തകർ സജീവമായി ഇടപെടൽ നടത്തുകയും ചെയ്തു. ഈ സാഹചര്യമെല്ലാം ബിഡിജെഎസിലെ അതൃപ്തിക്ക് ആക്കം കൂട്ടുന്നു. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ എന്ത് മാറ്റമുണ്ടാകുന്നുവെന്ന് നോക്കിയാകും ബിഡിജെഎസിന്റെ തീരുമാനം വരിക.

പ്രതിഷേധം രേഖപ്പെടുത്താൻ കൂടി വേണ്ടിയാണ് ഇന്നത്തെ എൻഡിഎ യോഗത്തിൽ നിന്നും തുഷാർ വെള്ളാപ്പള്ളി വിട്ടുനിൽക്കുന്നത്. കേരളത്തിലെ എൻഡിഎയുടെ കൺവീനർ കൂടിയാണ് തുഷാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP