Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുമ്പ് ശത്രുവായി പ്രഖ്യാപിച്ച മോദിയുമായി കൈകോർത്ത് നിതീഷ്; ദേശീയ തലത്തിൽ വിശാലസഖ്യം എന്ന പ്രതിപക്ഷ സ്വപ്‌നവും ഇനിയില്ല; എൻഡിഎയുടെ പിന്തുണയോടെ ബീഹാർ വീണ്ടും ജെഡിയു തന്നെ ഭരിക്കും; മഹാസഖ്യം പൊളിഞ്ഞത് അടുത്ത തിരഞ്ഞെടുപ്പിൽ വൻ നേട്ടമാകുമെന്ന് തിരിച്ചറിഞ്ഞ് മോദിയും ബിജെപിയും

മുമ്പ് ശത്രുവായി പ്രഖ്യാപിച്ച മോദിയുമായി കൈകോർത്ത് നിതീഷ്; ദേശീയ തലത്തിൽ വിശാലസഖ്യം എന്ന പ്രതിപക്ഷ സ്വപ്‌നവും ഇനിയില്ല; എൻഡിഎയുടെ പിന്തുണയോടെ ബീഹാർ വീണ്ടും ജെഡിയു തന്നെ ഭരിക്കും; മഹാസഖ്യം പൊളിഞ്ഞത് അടുത്ത തിരഞ്ഞെടുപ്പിൽ വൻ നേട്ടമാകുമെന്ന് തിരിച്ചറിഞ്ഞ് മോദിയും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: ദേശീയ രാഷ്ട്രീയത്തിൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ബീഹാർ മുഖ്യമന്ത്രിപദം നിതീഷ്‌കുമാർ രാജിവച്ചതോടെ മോദിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷം സ്വപ്‌നംകണ്ട വലിയ സഖ്യത്തിന്റെ സാധ്യതയാണ് പാടെ ഇല്ലാതാവുന്നത്. ഇത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും വീണ്ടും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലുള്ള നരേന്ദ്ര മോദിക്കും തന്നെ സമ്മാനിക്കുന്ന പ്രതീക്ഷ ചെറുതല്ല.

മോദി പ്രധാനമന്ത്രിയാകുന്നതിൽ പ്രതിഷേധിച്ച് എൻഡിഎയിൽ നിന്ന് പുറത്തുവന്ന നേതാവാണ് നിതീഷ് കുമാർ. ഇതിന് പിന്നാലെയാണ് ബിഹാറിൽ ലാലുവിന്റെ ആർജെഡിയുമായി നിതീഷിന്റെ ജെഡിയു കൈകോർക്കുന്നതും കോൺഗ്രസ്സിന്റെ കൂടെ പിന്തുണയോടെ മഹാസഖ്യം ഉണ്ടാക്കി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ മത്സരത്തിന് ഇറങ്ങുന്നതും.

മോദി അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുന്നതിനിടെയാണ് അവർക്ക് തിരിച്ചടി നൽകി മഹാസഖ്യം ബീഹാറിൽ ജയിച്ചുകയറിയത്. ഈ മാതൃക വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിൻതുടരുമെന്നും നിതീഷിനെയോ കെജ്രിവാളിനേയോ ഉയർത്തിക്കാട്ടി മൂന്നാം സഖ്യം ദേശീയ തലത്തിൽ രൂപപ്പെട്ടേക്കും എന്ന തലത്തിൽ വരെ ചർച്ചകൾ നടന്നിരുന്നു.

ഇത്തരം സാധ്യതകളെല്ലാം ഇല്ലാതാക്കിയാണ് ഇപ്പോൾ മഹാസഖ്യം ഒഴിവാക്കി ലാലുവുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് രാജിവയ്ക്കുന്നത്. ആർജെഡിക്കും കോൺഗ്രസ്സിനുമെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ രാജിയെന്നതാണ് പ്രധാനം. ഇനി ദേശീയ തലത്തിൽ വലിയൊരു വിശാലമുന്നണി ബിജെപിക്കെതിരെ ഉയരില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്നത് ബിജെപിക്ക് വലിയ ആശ്വാസമാകും.

ഇപ്പോൾ രാജിവച്ചതിന് പിന്നാലെ എൻഡിഎയുടെ സഹായത്തോടെ സംസ്ഥാനത്ത് പുതിയ സർക്കാർ നിതീഷ് തന്നെ രൂപീകരിക്കുമെന്നാണ് അറിയുന്നത്. ഇതിനായുള്ള ആശയവിനിമയം ബിജെപി കേന്ദ്രനേതാക്കളും നിതീഷും തമ്മിൽ നടത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി ഉണ്ടായത്. ഇന്ന് രാത്രിതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ബിജെപിയുടെ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് ബിഹാറിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചചെയ്യും. നിതീഷിനെ പുറമെനിന്ന് പിന്തുണയ്ക്കുക എന്ന നിലപാടാവും സ്വീകരിക്കുകയെന്നാണ് അറിയുന്നത്.

നിലവിൽ എൻഡിഎയ്ക്ക് 58ഉം ജെഡിയുവിന് 71ഉം അംഗങ്ങളാണ് സഭയിൽ ഉള്ളത്. ഇവർ ഒരുമിച്ചാൽ 129 പേരുടെ പിന്തുണയാകും. കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മതിയെന്നിരിക്കെ അനായാസം നിതീഷിന് ഭരണത്തിലെത്താം. ഇത് ബിജെപിക്കും സംസ്ഥാനത്ത് നേട്ടമാകും. അതേസമയം ലാലുവിനും കുടുംബാംഗങ്ങൾക്കും ഇനി മത്സരിക്കാൻ ഇറങ്ങാൻ പോലും പറ്റാത്തവിധത്തിൽ കേസുകൾ മുറുകകയും ചെയ്യും. നിലവിൽ ആർജെഡിക്ക് എൺപതും കോൺഗ്രസ്സിന് 27ഉം ആണ് അംഗബലം.

അഴിമതിക്കേസിൽ ഉൾപ്പെട്ട ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കില്ലെന്ന് ലാലു പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതോടെ ബിജെപിക്കെതിരെ രാജ്യത്ത് വിജയകരമായി പരീക്ഷിക്കപ്പെട്ട ബീഹാറിലെ മഹാസഖ്യം ഇല്ലാതായി. മകൻ രാജിവയ്ക്കില്ലെന്ന് ലാലു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാരിനെ തന്നെ ഇല്ലാതാക്കിക്കൊണ്ട് മുഖ്യമന്ത്രി തന്നെ ഗവർണറെ കണ്ട് രാജിവച്ചത്.

അഴിമതിക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് തേജസ്വിയോട് രാജിയാവശ്യം നിതീഷ് ഉന്നയിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങും മുമ്പുതന്നെ രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ലാലു ഇതിനെ ശക്തമായി എതിർത്തു. ഇതോടെയാണ് ഏറെ ദിവസമായി പുകയുന്ന ജെഡിയു-ആർജെഡി ബന്ധം പൂർണമായും വേർപെടുന്ന സ്ഥിതിയിലേക്ക് കാര്യമെത്തിയത്. ഇതിന് പിന്നാലെയാണ് പൊടുന്നനെയുള്ള രാഷ്ട്രീയ നീക്കത്തിൽ വൈകീട്ട് ഗവർണർ കേസരി നാഥ് ത്രിപാഠിയെ നേരിട്ട് കണ്ട് നിതീഷ് കുമാർ തന്റെ രാജിക്കത്ത് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP