Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുകാലത്ത് ആന്ധ്രയിലെ പ്രബല പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് നോട്ടയ്ക്കും പിന്നിൽ; കോൺഗ്രസ് മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖർ റെഡ്ഡി കൊല്ലപ്പെട്ടതോടെ ആരംഭിച്ചത് സംസ്ഥാനത്തെ പാർട്ടിയുടെ ശനിദശ; രാജ്യമാകെ തരംഗമാകുമ്പോഴും ബിജെപിയെയും നോട്ടയ്ക്കും പിന്നിൽ നിർത്തി ജഗന്റെ ആന്ധ്ര

ഒരുകാലത്ത് ആന്ധ്രയിലെ പ്രബല പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് നോട്ടയ്ക്കും പിന്നിൽ; കോൺഗ്രസ് മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖർ റെഡ്ഡി കൊല്ലപ്പെട്ടതോടെ ആരംഭിച്ചത് സംസ്ഥാനത്തെ പാർട്ടിയുടെ ശനിദശ; രാജ്യമാകെ തരംഗമാകുമ്പോഴും ബിജെപിയെയും നോട്ടയ്ക്കും പിന്നിൽ നിർത്തി ജഗന്റെ ആന്ധ്ര

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: രാജ്യത്തെ പ്രധാന പാർട്ടികൾക്ക് ആന്ധ്രയിൽ ചെറുചലനം പോലും സൃഷ്ടിക്കാനായില്ല. തെലുങ്ക് ദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നേർക്കു നേർ പോരാടിയ ആന്ധ്രയിൽ ബിജെപിയും കോൺഗ്രസും നോട്ടയ്ക്കും പിന്നിലായി. ആന്ധ്രയിലെ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും കോൺഗ്രസിനും മേൽ വോട്ടു പിടിച്ച് മൂന്നാം സ്ഥാനത്ത് നോട്ട എത്തി.

ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ബിജെപിക്ക് 0.96 ശതമാനവും കോൺഗ്രസിന് കിട്ടിയത് 1.29 ശതമാനം വോട്ടുകളുമായിരുന്നു. അതേസമയം നോട്ട നേടിയതാകട്ടെ 1.5 ശതമാനം വോട്ടുകളും.

175 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല. നോട്ടയ്ക്ക് 1.28 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ ബിജെപിക്ക് 0.84 ശതമാനവും കോൺഗ്രസിന് കിട്ടിയത് 1.17 ശതമാനവും വോട്ടുകളുമായിരുന്നു. ബിജെപിക്കും കോൺഗ്രസിനും ഒരു റോളും ഇല്ലായിരുന്ന തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും നേരിട്ടത് വൻ തോൽവി.

ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച ബിജെപിയുടെയും കോൺഗ്രസിന്റെയും സകല സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായി. കാശു പോയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ നരസാരാവോപേട്ട ലോക്സഭാ സീറ്റിൽ മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കണ്ണാ ലക്ഷ്മി നാരായണയും കല്യാൺ ദുർഗ് നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൻ രഘുവീര റെഡ്ഡിയും ഉൾപ്പെടുന്നു.

2009 ൽ ആന്ധ്രയിൽനിന്ന് മാത്രം കോൺഗ്രസ് നേതാവ് രാജശേഖർ റെഡ്ഢിയുടെ നേതൃത്വത്തിൽ 33 സീറ്റാണ് പാർട്ടി നേടിയത്. അത്രയും സ്വാധീനം രാജശേഖർ റെഡ്ഡിക്കുണ്ടായിരുന്നു. ആന്ധ്ര കോൺഗ്രസിലെ മുടിചൂടാമന്നനായിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ഹെലിക്കോപ്റ്റർ അപകടത്തിൽ മരിക്കുന്നത്. തുടർന്ന് മകൻ ജഗൻ മോഹനെ സംസ്ഥാന ഭരണം ഏൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വം വിസ്സമ്മതിച്ചതോടെയാണ് ആന്ധ്രയിൽ പാർട്ടിയുടെ ശനിദശ തുടങ്ങുന്നത്. സ്വന്തം പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ച് ജഗന്മോഹൻ റെഡ്ഡി കോൺഗ്രസിന് വെല്ലുവിളി ഉയർത്തി. 2014 ൽ ആന്ധ്രപ്രദേശ് വിഭജിക്കപ്പെടുന്നതോടെ ജഗൻ മോഹൻ ആ സംസ്ഥാനത്തെ പ്രതിപക്ഷമായി. ആന്ധ്ര വിഭജനം കോൺഗ്രസിനെ പൂർണമായും തളർത്തി. അച്ഛന്റെ ശൈലി അനുകരിച്ചായിരുന്നു ജഗൻ രാഷട്രീയ പ്രവർത്തനം നടത്തിയത്.

2004 ൽ തെലുങ്കുദേശത്തെ പരാജയപ്പെടുത്തിയതിന് പിന്നിൽ രാജശേഖര റെഡ്ഡി നടത്തിയ വലിയ പദയാത്രയ്ക്ക് നല്ല പങ്കു വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതേ മാതൃകയിലാണ് ജഗൻ തന്റെ വിജയത്തിലേക്ക് ഇത്തവണ നടന്നുകയറിയത്. ഏഴ് മാസത്തോളം നീണ്ടുനിന്ന് 3000 കിലോമീറ്റർ പദയാത്രയാണ് ജഗൻ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയത്. ആ നടത്തം അദ്ദേഹത്തെ ആന്ധ്രയുടെ ഭരണ സിരാകേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.

175 സീറ്റിൽ 150 സീറ്റാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്. ടിഡിപിക്ക് ലഭിച്ചതാകട്ടെ 22 സീറ്റ് മാത്രം. കോൺഗ്രസിനും ബിജെപിക്കും സീറ്റ് ലഭിച്ചില്ല. ലോക്സഭയിൽ 22 സീറ്റുകളിലും വൈഎസ്ആർ കോൺഗ്രസ് നേടി. വിഭജനത്തിന് ശേഷം ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വിഷയം ഉന്നയിച്ചാണ് ടിഡിപി ബിജെപി മുന്നണി വിട്ടത്.

ഒരുകാലത്ത ശക്തമായ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അതിശക്തമായ തിരിച്ചടിയാണ് ആന്ധ്രയിൽ ഉണ്ടായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP