Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സിറ്റ് പോളുകൾ നൽകുന്ന ആത്മവിശ്വാസവും മോദി വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു; ഇതുവരെ അകലം പാലിച്ചിരുന്ന കെജ്രിവാളും മമതയും യോഗത്തിനെത്തുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ ഏറി; ഇനി മനസു തുറക്കേണ്ടത് മായാവതി മാത്രം; മോദി വിരുദ്ധ സഖ്യത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നു  

എക്‌സിറ്റ് പോളുകൾ നൽകുന്ന ആത്മവിശ്വാസവും മോദി വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു; ഇതുവരെ അകലം പാലിച്ചിരുന്ന കെജ്രിവാളും മമതയും യോഗത്തിനെത്തുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ ഏറി; ഇനി മനസു തുറക്കേണ്ടത് മായാവതി മാത്രം; മോദി വിരുദ്ധ സഖ്യത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നു   

ന്യൂഡൽഹി: മോദി വിരുദ്ധ വികാരം രാജ്യത്തുണ്ടെന്നാണ് പുതിയ എക്‌സിറ്റ്‌പോൾ ഫലം. കർഷകസമരവും ആളിക്കത്തുകയാണ്. ഇത് മുതലെടുക്കാനും 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനും പ്രതിപക്ഷ കക്ഷികൾ ഒരുമിക്കുകയാണ്. ഇതിന് വേണ്ടിയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന് ചേരും. പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് അനുവദിക്കാൻ വിമുഖതയുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (തൃണമൂൽ കോൺഗ്രസ്) പ്രതിപക്ഷ ഐക്യനിരയിൽ ഇതുവരെ സജീവമല്ലാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും (ആം ആദ്മി പാർട്ടി) ഇന്ന് യോഗത്തിന് എത്തും. ഇത് കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇനി യുപിയിൽ നിന്ന് മായവതി കൂടി എത്തിയാൽ എല്ലാം ശുഭകരമായി മാറുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

മോദി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് നീക്കം. കേരളം ഒഴികെ എല്ലായിടത്തും പ്രതിപക്ഷം ഒറ്റ ബാനറിൽ മത്സരിക്കാനാണ് സാധ്യത. ബിജെപിയെ പൊതു ശത്രുവായി ഉയർത്തിക്കാട്ടും. അതിനിടെ യോഗം പ്രധാനമാണെന്നും പങ്കെടുക്കുമെന്നും സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് ലക്‌നൗവിൽ പ്രഖ്യാപിച്ചു. ബിജെപി ഇതര സഖ്യത്തിനു പൂർണ പിന്തുണയുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു. മായാവതി ഇപ്പോഴും മനസ്സു തുറന്നിട്ടില്ല. ചർച്ചകൾ തുടരാനാണ് യോഗത്തിന്റെ മുഖ്യ സംഘാടകനായ തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. കോൺഗ്രസ് നേതൃത്വം അംഗീകരിച്ചുള്ള സഖ്യത്തിനു തെലുങ്കുദേശത്തെപ്പോലെ ഡിഎംകെയും പിന്തുണ അറിയിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവർ ഇന്നത്തെ യോഗത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഇവരെല്ലാം കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കുമെന്നാണ് സൂചന. മോദിക്കെതിരായ വികരം പരമാവധി മുതലെടുക്കാനാണ് ഇത്. അതിനിടെ നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാരിനെതിരെ യോജിച്ചുനിൽക്കാവുന്ന വിഷയങ്ങളെക്കുറിച്ചാകും ഇന്നു പ്രധാനമായും ചർച്ച നടക്കുക. 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കൂട്ടായ ഒരുക്കം സംബന്ധിച്ച ആലോചനകളുമുണ്ടാകും.

ബിജെപിക്കെതിരേ ഒരു വിശാല പ്രതിപക്ഷ സഖ്യം എന്ന ആശയം ഏറെ നാളായി ചർച്ചയാകുന്നതാണെങ്കിലും അത് ഇനിയും സാധ്യമായിട്ടില്ല. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുൻകൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എം കെ സ്റ്റാലിൻ(ഡിഎംകെ) മായവതി(ബിഎസ്‌പി), അരവിന്ദ് കെജ്രിവാൾ(എഎപി), അഖിലേഷ് യാദവ്( സമാജ് വാദി പാർട്ടി), തേജസ്വി യാദവ്( ആർജെഡി) പിണറായി വിജയൻ(സിപിഎം), ഫാറുഖ് അബ്ദുള്ള(നാഷണൽ കോൺഫറൻസ്), മമ്ത ബാനർജി(തൃണമൂൽ കോൺഗ്രസ്), ശരദ് പവാർ( നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി), ശരദ് യാദവ്, ഡി രാജ(സിപിഐ) എച്ച് ഡി ദേവ ഗൗഡ( ജനത ദൾ-എസ്) എന്നിവരെയാണ് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

എന്നാൽ മായവതി പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കോൺഗ്രസുമായി സഹകരിക്കാൻ താതപര്യമില്ലാത്തതാണ് മായവതി യോഗം ബഹിഷ്‌കരിക്കാൻ കാരണം. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പുകളിൽ ബിഎസ്-കോൺഗ്രസ് സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സീറ്റ് വിഹിതത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ അത് പൊളിഞ്ഞിരുന്നു. കോൺഗ്രസുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന നിലപാടാണ് ബിഎസ്‌പിക്ക്. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനത ദൾ നേതാവുമായ നവീൻ പട്നായിക്കും പ്രതിപക്ഷ സഖ്യത്തിനു പുറത്തു നിൽക്കുന്നയാളാണ്.

പ്രത്യക്ഷമായി യോജിപ്പ് പറയുന്നില്ലെങ്കിലും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനോട് അനുകൂല നിലപടാണ് ബിജു ജനത ദളിനും നവീൻ പട്നായിക്കിനും. ചില പാർട്ടികൾ ഒഴിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ എല്ലാവരും താമസിയാതെ ഒരുമിക്കുമെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP