Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടി ബിജെപി ഭരണം പിടിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നോ? സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകി 50% വിവി പാറ്റ് റസീറ്റ് എണ്ണണമെന്ന് ആവശ്യപ്പെടാൻ നീക്കം ഒറ്റക്കെട്ടായി; തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആക്ഷേപം; യന്ത്രത്തിലേക്ക് മാറിയ ലോകരാഷ്ട്രങ്ങൾ തിരികെ ബാലറ്റിലേക്ക് മടങ്ങിയതും ചൂണ്ടിക്കാട്ടും; ഫലം വൈകുമെന്ന് പറയുന്നതുപോലും അട്ടിമറി ഉറപ്പിക്കാനെന്ന് ആക്ഷേപം; ആദ്യഘട്ടത്തിൽ ഗുരുതര ക്രമക്കേട് ഉണ്ടായെന്ന് പ്രതിപക്ഷം

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടി ബിജെപി ഭരണം പിടിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നോ? സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകി 50% വിവി പാറ്റ് റസീറ്റ് എണ്ണണമെന്ന് ആവശ്യപ്പെടാൻ നീക്കം ഒറ്റക്കെട്ടായി; തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആക്ഷേപം; യന്ത്രത്തിലേക്ക് മാറിയ ലോകരാഷ്ട്രങ്ങൾ തിരികെ ബാലറ്റിലേക്ക് മടങ്ങിയതും ചൂണ്ടിക്കാട്ടും; ഫലം വൈകുമെന്ന് പറയുന്നതുപോലും അട്ടിമറി ഉറപ്പിക്കാനെന്ന് ആക്ഷേപം; ആദ്യഘട്ടത്തിൽ ഗുരുതര ക്രമക്കേട് ഉണ്ടായെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ എളുപ്പമാണെന്നും ആർക്ക് വോട്ടുചെയ്താലും ബിജെപിക്ക് വീഴുന്ന പ്രവണത ഉണ്ടെന്നും യുപി തിരഞ്ഞെടുപ്പ് കാലത്ത് ഉൾപ്പെടെ വലിയ ആക്ഷേപങ്ങളാണ് ഉയർന്നത്. ഇതോടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആ തന്ത്രം പയറ്റുമോ എന്ന ആശങ്ക പങ്കുവച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ എന്ന പറയാവുന്ന ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചർച്ചയാകുന്നു.

ലോകത്തുതന്നെ പല രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലേക്ക് മാറിയെങ്കിലും പിന്നീട് തിരിച്ചുവന്ന കാഴ്ചയാണ് കണ്ടത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഈ ആവശ്യം സജീവമായത്. യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ എളുപ്പമാണെന്ന ആക്ഷേപം ഉയർന്നതോടെ പല രാജ്യങ്ങളും പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചുവന്നു. വോട്ടിങ് യന്ത്രത്തിനൊപ്പം വിവി പാറ്റ് ഉപയോഗിക്കാം എന്ന ആശയം ഇന്ത്യ സ്വീകരിക്കുന്നത് അങ്ങനെയാണ്. എന്നാൽ ഇതുവരെ ഇത് സാർവത്രികമാക്കിയിരുന്നില്ല.

ഇന്ത്യയിൽ ആദ്യമായി രാജ്യവ്യാപകമായിതന്നെ വിവി പാറ്റ് മെഷീനുകൾ എല്ലാ ബൂത്തുകളിലും ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. അതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറി ഒഴിവാക്കാൻ അമ്പതു ശതമാനം മണ്ഡലങ്ങളിലും വിവി പാറ്റ് സ്‌ളിപ്പുകൾ എണ്ണണമെന്ന 22 പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു.

രാജ്യത്ത് ഓരോ അസംബ്‌ളി മണ്ഡലങ്ങളിലേയും അഞ്ച് യ്ന്ത്രങ്ങളിലെ വി വി പാറ്റ് വോട്ടുകൾ പരിശോധിക്കാം എന്നാണ് പ്രതിപക്ഷ ആവശ്യം പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. എന്നാൽ അമ്പതു ശതമാനം വിവി പാറ്റ് വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പട്ടിരുന്നു പ്രതിപക്ഷം. ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മിഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി കോടതി വിധിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ഈ തിരഞ്ഞെടുപ്പുകാലത്തുതന്നെ പ്രതിപക്ഷം. വോട്ടെണ്ണലിന്റെ സമയം വൈകുമെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷ ആവശ്യം പ്രാവർത്തികമാക്കാൻ ആവില്ലെന്ന് വാദിച്ചത്. എന്നാൽ ഇത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ആവശ്യമുന്നയിച്ച പ്രതിപക്ഷ കക്ഷികൾ വാദിക്കുന്നു. അഞ്ചു ബൂത്തുകൾ എണ്ണിയാൽ മതിയെന്ന വിധിയിൽ തൃപ്തിയില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ സുതാര്യമാക്കാൻ അമ്പതുശതമാനം എണ്ണണമെന്ന ആവശ്യത്തിലേക്ക് വീണ്ടും പ്രതിപക്ഷം എത്തുന്നത് ആദ്യഘട്ടം തിരഞ്ഞെടുപ്പ് പിന്നിട്ടപ്പോൾ തന്നെ വലിയ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. 21 പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേർന്നു. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി, ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ, സിപിഎം സിപിഐ തുടങ്ങി പ്രതിപക്ഷത്തെ മിക്ക പാർട്ടികളും കൈകോർത്തുള്ള നീക്കമാണിത്.

ഏതായാലും പുതിയ വിവരങ്ങൾ കൂടി ചേർത്ത് അപ്പീലുമായി പ്രതിപക്ഷം സുപ്രീംകോടതിയിൽ എത്തുമ്പോൾ എന്തുസംഭവിക്കുമെന്ന ആകാംക്ഷയാണ് ഉയരുന്നത്. അമ്പതുശതമാനം വിവി പാറ്റ് രസീതികൾ എണ്ണിയാൽ കൃത്രിമം ഉണ്ടെങ്കിൽ അത് വെളിച്ചത്തുവരുമെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. ഏതായാലും ബാലറ്റിലേക്ക ലോക രാഷ്ട്രങ്ങൾ തന്നെ തിരിച്ചുവരുന്നതുകൂടെ ചൂണ്ടിക്കാട്ടിയാകും പുതിയ നീക്കം.

തട്ടിപ്പുകൾ നിരവധി നടക്കുന്നുണ്ടെന്ന് ആക്ഷേപം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയ ഒരുകാലത്തും സമാധനപരമായിരുന്നില്ല. ബൂത്ത് പിടുത്തം, ബാലറ്റ് പെട്ടി മോഷണം, നശിപ്പിക്കൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ എന്ന് തുടങ്ങി നിരവധി ആക്ഷേപങ്ങൾ. ഇതിനിടെയാണ് ഇപ്പോൾ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം എന്ന ആക്ഷേപവും ഉയരുന്നത്. മറ്റ് ആക്ഷേപങ്ങൾ തീർക്കാൻ വേണ്ടിയാണ് കമ്മീഷൻ 2004ലോടെ ബാലറ്റ് പേപ്പർ ഒഴിവാക്കി വോട്ടെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് രീതിയിലാക്കിയത്. 1980-കളിൽ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (ECIL) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (BEL) കൂടിയാണ് ആദ്യമായി ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (EVM) വികസിപ്പിച്ചെടുത്തത്. 1982ൽ നോർത്ത് പറവൂരിലാണ് ആദ്യമായി ഇത് പരീക്ഷിച്ചത്.

ലളിതമായ കുഞ്ഞൻ യന്ത്രം

താരതമ്യേന ലളിതമായ രൂപകൽപ്പനയാണ് വോട്ടിങ് യന്ത്രത്തിന്്. വോട്ടു രേഖപ്പെടുത്താനായി ബട്ടനുകളോട് കൂടിയ ഒരു ബാലറ്റ് യൂണിറ്റും, പോളിങ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ഒരു കണ്ട്രോൾ യൂണിറ്റും. രണ്ടും ഒരു 5m കേബിൾ കൊണ്ട് യോജിപ്പിച്ചിട്ടുണ്ടാവും. ഓരോ ബട്ടനുകൾക്കും ഓരോ നമ്പർ ഉണ്ട്, അതിന് നേരെ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഒരു ബാലറ്റ് യൂണിറ്റിൽ 16 സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ അടയാളപ്പെടുത്താനുള്ള സ്ഥലമുണ്ട്. അതിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളപ്പോൾ (64 പേർ വരെ) കൂടുതൽ യൂണിറ്റുകൾ ഒന്നാമത്തേതിനോടൊപ്പം ചേർക്കുന്നു.

വോട്ടെടുപ്പ് ദിവസം ഉദ്യോഗസ്ഥർ ചെറിയൊരു mock പോളിങ് നടത്തി യന്ത്രം പ്രവർത്തനസജ്ജമാണെന്ന് ഉറപ്പു വരുത്തും. അതിനു ശേഷം എല്ലാവരുടെയും സാന്നിധ്യത്തിൽ clear ബട്ടൻ അമർത്തി പൂജ്യമാക്കി വോട്ടെടുപ്പ് തുടങ്ങും. ബാലറ്റ് യൂണിറ്റിൽ ബട്ടനമർത്തുമ്പോൾ ഏതു നമ്പറിനു നേരേയാണോ വോട്ടു വീണത്, അത് കണ്ട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തി വയ്ക്കുന്നു. വരണാധികാരി കണ്ട്രോൾ യൂണിറ്റിലെ close ബട്ടൺ അമർത്തുന്നതോടെ വോട്ടെടുപ്പ് അവസാനിക്കുന്നു. പിന്നീട് എത്ര ബട്ടൻ അമർത്തിയാലും വോട്ട് വീഴില്ല. വോട്ടെണ്ണൽ ദിവസം, അതുവരെ പൂട്ടി ഭദ്രമാക്കി വച്ച കണ്ട്രോൾ യൂണിറ്റുകൾ തുറന്ന് ടോട്ടൽ ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർത്ഥി്ക്കും ലഭിച്ച വോട്ടിന്റെ കണക്ക് തെളിയും. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഓരോന്നായി എഴുതിക്കൂട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

യന്ത്രം രണ്ടു ഭാഗം ആക്കിയത് സുരക്ഷാ കാരണങ്ങളാൽ

തെരഞ്ഞെടുപ്പു യന്ത്രം ഇങ്ങനെ രണ്ടു ഭാഗങ്ങളാക്കിയത് പല സുരക്ഷാ കാരണങ്ങളാലാണ്. ഒന്നാമതായി ബാലറ്റ് യന്ത്രത്തിന് എന്തെങ്കിലും കേടു സംഭിവിച്ചാലും കണ്ട്രോൾ യൂണിറ്റിൽ അതുവരെ രേഖപ്പെടുത്തിയ വിവരങ്ങൾ നഷ്ടപ്പെടില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ യന്ത്രങ്ങൾക്ക് 15 വർഷത്തോളം ആയുസ്സുണ്ട്, അതുകൊണ്ട് വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം, താരതമ്യേന വിലയും കുറവാണ് (Rs 40,000). യന്ത്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കണ്ട്രോൾ യൂണിറ്റിലുള്ള CPU ആണ്. ഈ CPU -ൽ തെരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ആലേഖനം ചെയ്തിരിക്കുന്നു.

ചിപ്പ് നിർമ്മാണവേളയിലല്ലാതെ ആർക്കും ഈ സോഫ്റ്റ്‌വെയർ മാറ്റാനോ, വായിക്കാനോ, പകർപ്പെടുക്കനോ പറ്റില്ല. ഇതാണ് EVM കളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ക്രമീകരണം. ബാലറ്റ് യൂണിറ്റിൽ ബട്ടനമർത്തുമ്പോൾ ആർക്കു വോട്ടു വീഴണം എന്ന് തീരുമാനിക്കുന്ന ഈ ചിപ്പുകൾ നിർമ്മിക്കുന്നത് പക്ഷെ ഇന്ത്യയിലല്ല. ജപ്പാനിലും, അമേരിക്കയിലും ഉള്ള രണ്ടു കമ്പനികളാണ്. എന്താണ് ആ ചിപ്പിൽ കോഡ് ചെയ്തിട്ടുള്ളത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷനെന്നല്ല ആർക്കും പരിശോധിക്കാനും പറ്റില്ല. ചിപ്പ് തുറന്നു മൈക്രോസ്‌കോപ്പിലൂടെ നോക്കി, മാസങ്ങൾകൊണ്ട് കണ്ടുപിടിക്കാം എന്നൊക്കെ പറയുന്നുണ്ട്. ഏതായാലും ഇതുവരെ അവയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും ന്യൂനതയുള്ളതായി ആരും കണ്ടെത്തിയിട്ടില്ല. സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഒരാഴ്ച മുമ്പാണ്, അപ്പോഴാണ് ബാലറ്റിലെ ഏതു ബട്ടനു നേരെ ആര് വരുമെന്ന് തീരുമാനിക്കപ്പെടുന്നത്. 

തുടക്കം മുതലേ ചർച്ചയായി തട്ടിപ്പ് സാധ്യതകൾ

താരതമ്യേന ലളിതമായ രൂപകൽപ്പനയാണ് തെരഞ്ഞെടുപ്പു യന്ത്രങ്ങളുടേത്. ഇതുതന്നെയാണ് ഈ ആധുനിക കാലത്ത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതും. എളുപ്പം ഹാക്ക് ചെയ്യപ്പെടാമെന്നും കൃത്രിമത്തിന് സാധ്യത ഏറെയന്നതുമാണ് ഇപ്പോൾ യന്ത്രത്തെ പ്രതിക്കൂട്ടിലാക്കുന്നത്. EVMൽ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണ്. വിദേശ രാജ്യങ്ങളിലെ യന്ത്രങ്ങളിൽ 10 ലക്ഷത്തിലേറെ വരികൾ വരെ ഉള്ളപ്പോൾ, ഇവിടെ ഏതാനും ആയിരം വരികളേ ഉള്ളൂ. അതിനാൽ തന്നെ കോഡിന്റെ സങ്കീർണ്ണത മൂലം, തെറ്റ് പറ്റിയാൽ കണ്ടുപിടിക്കാൻ പോലും പറ്റിലെന്നായപ്പോൾ പല രാജ്യങ്ങളും അവരുടെ DRE യന്ത്രങ്ങൾ ഉപേക്ഷിച്ച് പഴയ ബാലറ്റ്‌പേപ്പർ രീതിയിലേക്ക് മടങ്ങി . ചുരുങ്ങിയ കോഡിങ് ഗുണകരമാണെങ്കിലും, ചിപ്പുണ്ടാക്കുന്ന കമ്പനിയിലെയോ മറ്റൊ ഒരാൾക്ക് വേണെമെങ്കിൽ വളരെ എളുപ്പത്തിൽ ഇത് അട്ടിമറിക്കാനാകും. അങ്ങനെ ചില പ്രയോഗങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ നടന്നു എന്നുതന്നെയാണ് പ്രതിപക്ഷം ആരോപിക്കുന്നതും.

അട്ടിമറി സാധ്യത വിലയിരുത്തി സുരക്ഷാ പരിശോധകർ

ഈ ചിപ്പുകളുടെ വേറെ പല രൂപങ്ങളും പൊതുവിപണിയിൽ വാങ്ങാൻ കിട്ടുന്നതാണ്. EVMന് വേണ്ടി ഈ ചിപ്പുകൾ code ചെയ്യുന്നൂ എന്നേ ഉള്ളൂ. ജപ്പാനിൽ നിന്നും അമേരിക്കയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഇവയുടെ ഒറിജിനൽ മാറ്റി കള്ള പ്രോഗ്രാം കയറ്റിയ ചിപ്പുകൾ കൊണ്ട് വന്നാൽ ആർക്കും തിരിച്ചറിയാൻ പറ്റില്ല. ECIL ഉം, BEL ഉം ഇവയുടെ assembling മാത്രമാണ് ചെയ്യുന്നത്. അവർക്കും തിരിച്ചറിയാൻ എളുപ്പമല്ല. ടെസ്റ്റിങ് സമയത്ത് സാധാരണ പോലെ പ്രവർത്തിക്കുകയും, എന്നാൽ ചില പ്രത്യേക key combinationsലൂടെയൊ പത്തോ നൂറോ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലൊ activate ആവുകയും ചെയ്യുന്ന വിധത്തിൽ ചിപ്പുകളെ വേണെമെങ്കിൽ പ്രോഗ്രാം ചെയ്യാം.

രണ്ടിന്നുമിടയിലോ ഏതെങ്കിലും പുതിയ ഉപകരണം (ബാലറ്റ് യൂണിറ്റിൽ നിന്ന് വരുന്ന സിഗ്‌നലുകളെ മാറ്റാനോ മറ്റൊ) പിടിപ്പിച്ചാൽ യന്ത്രത്തിന് തിരിച്ചറിയാൻ പറ്റില്ല, അത് പ്രവർത്തിക്കാതിരിക്കില്ല. (Hardware intrusion). പുതുതലമുറയിൽ പെട്ട ഫോൺ പോലെയുള്ള കൊച്ചു ഉപകരണങ്ങൾ പോലും പുതിയ hardware തിരിച്ചറിയുന്നത് കണ്ടിട്ടില്ലേ? അത് ഇവിടെ നടക്കില്ല.

Circuit board -ൽ ചില മാറ്റങ്ങൾ വരുത്തി കണ്ട്രോൾ യൂണിറ്റിൽ വോട്ടു രേഖപ്പെടുത്തുന്നത് മാറ്റാൻ കഴിയും. (കണ്ട്രോൾ യൂണിറ്റുനുള്ളിൽ Bluetooth module ഘടിപ്പിച്ചു സെൽഫോൺ വഴി പുറമേ നിന്ന് തനിക്കു ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചോർത്തുന്ന demo video you tube -ൽ ഉണ്ട്). ഇത് പക്ഷെ ഉപകരണങ്ങൾ ഉണ്ടാക്കുന്ന വേളയിൽ ചെയ്യണം. അതുകൊണ്ട് ഇത്തരം തട്ടിപ്പുകൾ വൻതോതിൽ നടക്കാൻ സാധ്യതയില്ല.

കണ്ട്രോൾ യൂണിറ്റിൽ ഫലം കാണിക്കുന്ന ഡിസ്‌പ്ലേയിൽ കൃത്രിമം കാണിക്കാം. ഇത് കുറേക്കൂടി എളുപ്പമാണ്. പക്ഷെ വോട്ടിങ് കഴിഞ്ഞ് സീൽ ചെയ്ത ഉപകരണം തുറന്നു വേണം പുതിയ display cum micro-controller പിടിപ്പിക്കാൻ. ഇവിടെയും വലിയ തോതിലുള്ള തട്ടിപ്പുകൾക്ക് സാധ്യതയില്ല.

Clip-on memory manipulator എന്ന പോക്കറ്റിൽ കൊണ്ട് നടക്കാവുന്ന ചെറു ഉപകരണം ഉപയോഗിച്ച്, വോട്ടു രേഖപ്പെടുത്തി വച്ചിട്ടുള്ള കണ്ട്രോൾ യൂണിറ്റിലെ EEPROM ലെ വിവരങ്ങൾ എളുപ്പത്തിൽ മാറ്റാം. 3000 ത്തിലേറെ വോട്ടുകളുള്ള ഒരു യന്ത്രത്തിലെ വോട്ടുകൾ മാറ്റാൻ സെക്കന്റുകൾ മതിയെത്രേ. എവിടെയും പക്ഷെ കണ്ട്രോൾ യൂണിറ്റ് തുറക്കണം.

ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ശാസ്ത്രസാങ്കേതിക വിദ്യയുടെ ബലത്തിലല്ല പൊതുവേ സുരക്ഷിതമായിരിക്കുന്നത്. യന്ത്രങ്ങൾ ഉണ്ടാക്കുന്ന ആളുകളുടെ സത്യസന്ധതയും, പിന്നീട് വോട്ടിങ് യന്ത്രങ്ങൾക്കുള്ള പൊലീസ് സുരക്ഷയും മൂലമാണ്.

വോട്ടിങ് പരിഷ്‌ക്കരണ സാധ്യതയായി വന്നത് വിവി പാറ്റ്

നിലവിലുള്ള 10 ലക്ഷത്തോളം വരുന്ന EVMകളെ പരിഷ്‌ക്കരിക്കുക സാധ്യമല്ല. അവ അങ്ങനെ update ചെയ്യാനായി ഉണ്ടാക്കിയതല്ല എന്നത് തന്നെയാണ് കാരണം. എന്നാൽ വോട്ടർമാർക്ക് തങ്ങളുടെ വോട്ട് ആർക്കാണ് വീണതെന്ന് കാണാനുള്ള സംവിധാനം ഏർപ്പെടുത്താം. Voter-verifiable paper audit trail (VVPAT) എന്ന സംവിധാനം ബാലറ്റ് യൂണിറ്റിനും കണ്ട്രോൾ യൂണിറ്റിനും ഇടയിൽ വച്ചാൽ വോട്ടു രേഖപ്പെടുത്തിയത് രസീത് പോലെ പ്രിന്റ് ചെയ്തു ലഭിക്കാനുള്ള സൗകര്യം ഉണ്ട്.

രണ്ടാമത്തെ സാധ്യത പണ്ടത്തെപ്പോലെ ബാലറ്റ് പേപ്പറിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം പെട്ടിയിലിടുന്നതിനു മുൻപ് EVM ഉപയോഗിച്ച് optical scan ചെയ്യുക എന്നതാണ്. പിന്നീട് ഇപ്പോഴുള്ളത് പോലെ ഇലക്ട്രോണിക് രീതിയിൽ വോട്ടെണ്ണൽ നടക്കുന്നു. വോട്ടിങ്ങിന് രണ്ടു രേഖകൾ ഉണ്ടായിരിക്കുന്ന അവസരത്തിൽ, രണ്ടു രേഖയും മാറ്റിയുള്ള തട്ടിപ്പിനുള്ള സാധ്യത വിരളമാകും. ഇതിലൂന്നിയാണ് വിവി പാറ്റ് രസീതികൾ എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതും. എന്തെകിലും സംശയമുണ്ടെങ്കിൽ ബാലറ്റ് പരിശോധിക്കുകയോ, പേപ്പർ ബാലറ്റും EVM -ഉം ഒത്തു നോക്കി കാര്യക്ഷമത പരീക്ഷിക്കുകയൊ ചെയ്യാം.

വീണ്ടും ഇന്ത്യ തിരിച്ച് പോകുമോ ബാലറ്റ് യുഗത്തിലേക്ക്

പഴയ ബാലറ്റ് പേപ്പർ രീതിയിലെക്കു തിരിച്ചു പോവുക എന്നതാണ് യഥാർത്ഥ പോംവഴിയെന്ന് ഒരുവിഭാഗം നേരത്തേ മുതലേ പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളും സുതാര്യത ഇല്ല എന്ന കാരണത്താലും ജർമ്മനി, ഹോളണ്ട്, അയർലണ്ട് പോലെയുള്ള പല രാജ്യങ്ങളും പലരും പഴയ രീതിയിലേക്ക് പോയിക്കഴിഞ്ഞു. മനസ്സിലാക്കിയിടത്തോളം ഒരു സംസ്ഥാനത്തെയോ രാജ്യത്തേയോ മുഴുവൻ തെരെഞ്ഞുടുപ്പ് ഫലത്തെയും ബാധിക്കത്തക്ക വിധത്തിൽ ക്രമക്കേട് വോട്ടിങ് യന്ത്രങ്ങളിൽ സാധാരണ ഗതിയിൽ സാധ്യമല്ല. കാരണം എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും ഒറ്റക്കൊറ്റയ്ക്കുള്ളതാണ് എന്നത് തന്നെ. ഈ യന്ത്രങ്ങൾ നെറ്റ്‌വർക്ക് ചെയ്യാത്തതിനു കാരണവും ഇത് തന്നെ.

ലക്ഷക്കണക്കിന് യന്ത്രങ്ങളിൽ തിരിമറി നടക്കണമെങ്കിൽ ഒന്നുകിൽ ഒറിജിനൽ പ്രോഗ്രാമിൽ മാറ്റം വരുത്തണം, അങ്ങനെ ചെയ്താൽ കണ്ടെത്താൻ എളുപ്പമല്ല എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അല്ലെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം കണ്ട്രോൾ യൂണിറ്റ് തുറന്ന് കള്ളത്തരം നടത്തണം. രണ്ടും ഇപ്പോഴുള്ള വിവരങ്ങൾ വെച്ച് നടക്കാൻ സാധ്യതയില്ല. അതിനാൽ വിവി പാറ്റും വോട്ടിങ് യന്ത്രവും ഒരുമിച്ചുവച്ചുള്ള ഇന്ത്യൻ ജനാധിപത്യ പ്രക്രിയ തന്നെയാകും ആശാസ്യം. ഇതിൽ ആവശ്യമെങ്കിൽ വിവി പാറ്റ് രസീതികൾ എണ്ണാമെന്ന സാധ്യതകൂടെ ഉള്ളതിനാൽ എല്ലാം സുതാര്യമെന്ന് തന്നെ ഉറപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP