Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പനീർശെൽവവും സംഘവും ഒരിക്കൽക്കൂടി ചെന്നൈ മറീനയിലെ ജയയുടെ സ്മൃതിമണ്ഡപത്തിൽ; ജയയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനയിൽ; റിസോർട്ടിൽനിന്ന് ശശികല പോയസ് ഗാർഡനിലേക്കും; പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കു കാതോർത്ത് തമിഴകം

പനീർശെൽവവും സംഘവും ഒരിക്കൽക്കൂടി ചെന്നൈ മറീനയിലെ ജയയുടെ സ്മൃതിമണ്ഡപത്തിൽ; ജയയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനയിൽ; റിസോർട്ടിൽനിന്ന് ശശികല പോയസ് ഗാർഡനിലേക്കും; പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കു കാതോർത്ത് തമിഴകം

ചെന്നൈ: തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവം ഒരിക്കൽക്കൂടി ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപം സന്ദർശിച്ചു. തന്നെ അനുകൂലിക്കുന്ന നേതാക്കൾക്കൊപ്പമാണ് രാത്രി വൈകി പനീർശെൽവം മറീനയിലെത്തിയത്. ഏതാനും ദിവസം മുമ്പ് ഇതുപോലെ രാത്രി നടത്തിയ സന്ദർശനത്തിലാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് പനീർശെൽവം ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ചത്. പനീർശെൽവത്തിന്റെ സന്ദർശനത്തിനു മുന്നോടിയായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും ഇവിടെയെത്തി.

ഇതിനിടെ കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽനിന്ന് ശശികല പോയസ് ഗാർഡനിലെത്തി. രാത്രി ഒമ്പതിനാണ് ശശികലയ റിസോർട്ട് വിട്ടത്. മുതിർന്ന നേതാവ് സെങ്കോട്ടയ്യൻ മാത്രമാണ് അവരെ അനുഗമിച്ചത്.

മുഖ്യമന്ത്രി പദവി ഒഴിയില്ലെന്നാണു പനീർസെൽവം നേരത്തേ സൂചന നൽകിയത്. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശശികലയ്ക്ക് അധികാരമില്ലെന്നും പനീർസെൽവം വ്യക്തമാക്കി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധർമത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു. താൽക്കാലികമായുള്ള പ്രശ്‌നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് തുറന്ന കത്തെഴുതി.

സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കും. പിന്തുണ നൽകിയ പ്രവർത്തകർക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീർസെൽവം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കരുതെന്ന് പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

തുടർന്ന് പനീർശെൽവത്തെ അനുകൂലിക്കുന്ന രാജ്യസഭാ എംപി വി. മൈത്രേയനും മനോജ് പാണ്ഡ്യനും രാജ്ഭവനിലെത്തി ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ശശികലയുടെ പകരക്കാരൻ എടപ്പാടി പളനിസാമി ഗവർണറെ കണ്ടതിനു പിന്നാലെയാണ് പനീർശെൽവത്തിന്റെ വിശ്വസ്തർ രാജ്ഭവനിലെത്തിയത്.

നേരത്തെ, കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന എംഎൽഎമാരുടെ യോഗമാണ്, സുപ്രീം കോടതി ശിക്ഷിച്ച ശശികലയുടെ പകരക്കാരനായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തത്. പനീർസെൽവത്തെയും പിന്തുണയ്ക്കുന്ന എംഎൽഎമാരെയും പുറത്താക്കാനും യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരെ പുറത്താക്കിയിട്ടില്ല.

ഇതിനിടെ, കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ തമ്പടിച്ചിരിക്കുന്ന എംഎൽഎമാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിസോർട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായാണു റിപ്പോർട്ടുകൾ. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശശികലയെ ശിക്ഷിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ റിസോർട്ടിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP