Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് റിസോർട്ടുകളിലായി എംഎൽഎമാരും മന്ത്രിമാരും തടങ്കലിൽ; മൊബൈൽ ഫോണോ ടിവിയോ ഉപയോഗിക്കാൻ അനുമതിയില്ല; റിസോർട്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശനമില്ല; ഭരണം നഷ്ടമാകാതിരിക്കാൻ പുറത്തുള്ള മന്ത്രിമാരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം: ഗവർണറുടെ തീരുമാനം വരെ ആരും കൈവിട്ടു പോകാതിരിക്കാൻ എംഎൽഎമാരെ ബന്ധികളാക്കി ശശികല

രണ്ട് റിസോർട്ടുകളിലായി എംഎൽഎമാരും മന്ത്രിമാരും തടങ്കലിൽ; മൊബൈൽ ഫോണോ ടിവിയോ ഉപയോഗിക്കാൻ അനുമതിയില്ല; റിസോർട്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശനമില്ല; ഭരണം നഷ്ടമാകാതിരിക്കാൻ പുറത്തുള്ള മന്ത്രിമാരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം: ഗവർണറുടെ തീരുമാനം വരെ ആരും കൈവിട്ടു പോകാതിരിക്കാൻ എംഎൽഎമാരെ ബന്ധികളാക്കി ശശികല

ചെന്നൈ: അധികാരത്തിന് വേണ്ടി രാഷ്ട്രീയ വടംവലി ശക്തമായ തമിഴ്‌നാട്ടിൽ എംഎൽഎമാരെ തടവിലാക്കി അധികാരം പിടിക്കാൻ ശശികലയുടെ നീക്കം. ശശികല പക്ഷത്തെ എംഎൽഎമാരെ ചെന്നൈയിലെ നഗരപ്രാന്തമായ രണ്ട് റിസോർട്ടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ അടക്കമുള്ളവരാണ് ശശികലയുടെ തടവിലുള്ളത്. ഇവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. ടെലിവിഷൻ കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. പനീർ ശെൽവത്തിന്റെ നീക്കങ്ങൾ അറിയാതിരിക്കാനാണ് എംഎൽഎമാർ ടിവി കാണേണ്ടതില്ലെന്ന തീരുമാനം ശശികല എടുത്തത്. 

മഹാബലിപുരത്തെ കൂവത്തൂരിലുള്ള ബീച്ച് റിസോർട്ടിൽ 90 എംഎൽഎമാരെയും കൽപ്പാക്കം പൂന്തണ്ടലത്തെ റിസോർട്ടിൽ 30 പേരെയുമാണു താമസിപ്പിച്ചിട്ടുള്ളതെന്നാണു വിവരം. ശശികല പക്ഷത്തിനു പൂർണ വിശ്വാസമുള്ള വിരലിലെണ്ണാവുന്ന മന്ത്രിമാർ മാത്രമാണു പുറത്തുള്ളത്. ഇവരെ പോലും നിരീക്ഷിക്കാൻ ആളുകളുണ്ട്. റിസോർട്ടുകളുടെ പരിസരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. റിസോർട്ടിന്റെ രണ്ടു കി.മീ. മുൻപു തന്നെ മാദ്ധ്യമപ്രവർത്തകരെയുൾപ്പെടെ തടയാൻ ആളുകളുണ്ട്. ആ വിധത്തിലാണ് മന്നാർഗുഡി മാഫിയയുടെ പ്രവർത്തനം.

റിസോർട്ടിലെ മുൻകൂർ ബുക്കിങ്ങുകൾ പോലും റദ്ദാക്കി. അതിനിടെ എംഎൽഎമാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന ഹർജികളിൽ, അവർ ചെന്നൈയിലെ എംഎൽഎ ഹോസ്റ്റലിലുണ്ടെന്ന വിശദീകരണമാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്. തടങ്കലിൽ അല്ലെന്നും എവിടേക്കു പോകുവാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി, അഭിഭാഷകനായ കെ. ബാലു എന്നിവരാണു ഹർജി നൽകിയത്. അരിയല്ലൂർ ജില്ലയിലെ കുന്നം മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആർ.ടി.രാമചന്ദ്രനെ കാണാനില്ലെന്ന് കെ. ബാലു അറിയിച്ചു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അതേ സമയം, എംഎൽഎമാരുടെ ഔദ്യോഗിക വാഹനങ്ങളെല്ലാം എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ടിട്ടുണ്ട്.

അതേസമയം രണ്ട് പക്ഷമായി വടംവലി തുടരുന്ന സാഹചര്യത്തിൽ ഗവർണറാണ് ഇനി എല്ലാ കാര്യങ്ങളും പറയേണ്ടത്. മംബൈയിൽ നിന്നെത്തിയ ഗവർണറുമായി ആദ്യം കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും പിന്നീട് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും കൂടിക്കാഴ്ച നടത്തി. തന്നെ നിർബന്ധപൂർവം രാജിവയ്‌പ്പിക്കുകയായിരുന്നുവെന്നും അതിനാൽ രാജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള വാദമാണു പനീർസെൽവം ഉന്നയിച്ചത്. 134 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടി. നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിനു റിപ്പോർട്ടും അയച്ചു. തീരുമാനം ഇന്നുണ്ടാകുമെന്നാണു പ്രതീക്ഷ.

രാജിയിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന നിവേദനം പനീർസെൽവം ഗവർണർക്കു കൈമാറി. ശശികല പാർട്ടി ജനറൽ സെക്രട്ടറിയായതും നിയമസഭ കക്ഷി നേതാവായതും ശരിയായ രീതിയിലല്ല. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും ശശികല പക്ഷം അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപിച്ചു. പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ, മുൻ മന്ത്രി നത്തം വിശ്വനാഥൻ, മുൻ സ്പീക്കർ പി.എച്ച്. പാണ്ഡ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. നല്ലതു സംഭവിക്കുമെന്നും ധർമം ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീർസെൽവം പ്രതികരിച്ചു.

ജയ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു ശശികല രാജ്ഭവനിലെത്തിയത്. പിന്തുണ നൽകി എംഎൽഎമാർ ഒപ്പിട്ടു നൽകിയ സമ്മതപത്രം ഉൾപ്പെട്ട കവറും ശശികല ജയ സ്മാരകത്തിൽ സമർപ്പിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ 10 മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ഈ മാസം അഞ്ചിനു ചേർന്ന നിയമസഭാകക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യം അവർ ഗവർണറെ അറിയിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം വരെ ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവം പക്ഷത്തേക്കു മാറിയതാണ് ഇന്നലെയുണ്ടായ സുപ്രധാന നീക്കം. ജനറൽ സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണു പ്രസീഡിയം ചെയർമാന്റേത്. എന്നാൽ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ച അഞ്ചു പേരല്ലാതെ കൂടുതൽ എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു മാറിയിട്ടില്ല. ശശികല എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് പനീർസെൽവം പക്ഷത്തുള്ള എംപി വി. മൈത്രേയൻ ആരോപിച്ചു.

അണ്ണാഡിഎംകെയിൽ ജനറൽ സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പ്രിസീഡിയം ചെയർമാൻ പദവി വഹിക്കുന്ന ഇ. മധുസൂദനൻ പിന്തുണയുമായി എത്തിയത് അനിശ്ചിതത്വത്തിനിടയിലും പനീർസെൽവം പക്ഷത്തിന് ആവേശം പകർന്നു. ഇന്നലെ രാവിലെ പനീർസെൽവത്തിന്റെ വസതിയിലെത്തിയാണു മധുസൂദനൻ പിന്തുണയറിയിച്ചത്. ഗവർണറെ കാണാൻ പനീർസെൽവത്തെ അനുഗമിക്കുകയും ചെയ്തു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചയാളാണു മധുസൂദനൻ. ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.

നിയമസഭാ കക്ഷി യോഗത്തിലും പനീർസെൽവം കലാപമുണ്ടാക്കിയ ശേഷം നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിലും ഇ. മധുസൂദനൻ പങ്കെടുത്തിരുന്നു.അതേസമയം, കഴിഞ്ഞ ദിവസം പിന്തുണയറിയിച്ച അഞ്ച് എംഎൽഎമാരല്ലാതെ പുതുതായി ആരും പനീർസെൽവം ചേരിയിലേക്ക് എത്തിയിട്ടില്ല. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നതല്ലാതെ പ്രത്യക്ഷമായി തെളിയിക്കാൻ കഴിയാത്തതു ക്ഷീണമായിട്ടുണ്ട്. മുൻ എംഎൽഎ ജെസിഡി പ്രഭാകർ, പുതുച്ചേരിയിലെ പാർട്ടി നേതാവ് ഓം ശക്തി ശേഖർ എന്നിവരാണ് ഇന്നലെ പനീർസെൽവം കൂടാരത്തിലെത്തിയ മറ്റു പ്രമുഖർ. ഇതിനു തൊട്ടുപിറകെ ശേഖറിനെ ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.

അതിനിടെ കാര്യങ്ങൾ നിരീക്ഷിക്കുന് ഡിഎംകെ രാഷ്ട്രീയ നീക്കത്തിനൊന്നും ഇതുവരെ തയ്യാറായിട്ടില്ല. പനീർസെൽവത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞു. എങ്കിലും പനീർസെൽവത്തിനു സാധ്യതകൾ തെളിഞ്ഞാൽ ഡിഎംകെ പിന്തുണച്ചേക്കുമെന്നാണ് സൂചനകൾ. തങ്ങളുടെ പക്ഷത്തു നിന്ന് എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു ചാഞ്ഞാൽ കോൺഗ്രസിനെ കൂടെ കൂട്ടാനുള്ള കരുനീക്കങ്ങൾ ശശികലയും നടത്തുന്നു.

ശശികലയ്‌ക്കെതിരെ അടുത്ത വെല്ലുവിളിയുയർത്തി പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ 'വേദനിലയം' സ്മാരകമാക്കുമെന്നു പനീർസെൽവം പ്രഖ്യാപിച്ചു. ശശികലയും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ഇവിടെ താമസം. രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഉറപ്പുനൽകി അഞ്ചു വർഷം മുൻപു ജയയ്ക്കു ശശികല നൽകിയ കത്തും പനീർസെൽവം പുറത്തുവിട്ടു. 2011ൽ പാർട്ടിയിൽ നിന്നു പുറത്താക്കിയ ശേഷം തിരിച്ചെടുക്കാനായി ക്ഷമാപണം നടത്തി ശശികല നൽകിയ കത്താണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP