ഇന്ത്യൻ പ്രസിഡന്റ് ആകാനുള്ള അവസാന സാധ്യതയും ഇല്ലാതാക്കി അദ്വാനിയുടെ ജീവചരിത്രം; മോദി വിമർശനം വിവാദമായപ്പോൾ തള്ളിപ്പറഞ്ഞു ബിജെപി നേതാവ്; അനുമതി നൽകിയ തെളിവുകൾ പുറത്തുവിട്ടു ഗ്രന്ഥകാരൻ
July 23, 2016 | 10:12 AM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: അടുത്ത പ്രസിഡന്റാകാനുള്ള കരുനീക്കത്തിലാണ് എൽകെ അദ്വാനി. എന്നാൽ അതിന് തടസ്സമാകുന്നതാണ് സംഭവിക്കുന്നത്. മുൻ സഹായി എഴുതിയ തന്റെ ജീവചരിത്ര പുസ്തകത്തെ പ്രകാശനത്തിനു തൊട്ടുമുൻപു അദ്വാനി തള്ളിപ്പറഞ്ഞു വിവാദം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നു പതിറ്റാണ്ടിലേറെ അദ്വാനിക്കൊപ്പം പ്രവർത്തിച്ച വിശ്വംഭർ ശ്രീവാസ്തവ എഴുതിയ 'അദ്വാനി കേ സാഥ് 32 സാൽ' (അഡ്വാനിക്കൊപ്പം 32 വർഷം) എന്ന പുസ്തകത്തിനു തന്റെ അനുമതിയില്ലെന്നാണ് അദ്വാനി കത്തിലൂടെ വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും അഡ്വാനിക്കുള്ള അഭിപ്രായഭിന്നതകൾ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നാണു സൂചന. ഇതു സംബന്ധിച്ച വിവാദങ്ങളിൽപ്പെടാൻ ഇനി താൽപര്യമില്ലാത്തതുകൊണ്ടാണ് അദ്വാനി പുസ്തകത്തെ തള്ളിപ്പറഞ്ഞതെന്നാണു വ്യാഖ്യാനം. പ്രസിഡന്റാകാനുള്ള സാധ്യതകളെ അത് ഇല്ലാതാക്കുമെന്നാണ് അദ്വാനിയുടെ വിലയിരുത്തൽ. ഇതോടെ പുസ്തകത്തെ തള്ളിപ്പറഞ്ഞു. എന്നാൽ അതും ഗുണം ചെയ്തില്ല.
തെളിവുകൾ സഹിതം ഗ്രന്ഥകാരൻ എല്ലാം അദ്വാനിക്ക് അറിയാമായിരുന്നു എന്ന് തെളിയിച്ചു. പുസ്തകത്തിന്റെ ആദ്യ കയ്യെഴുത്തുപ്രതിയും അവസാന പ്രതിയും അദ്വാനിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും അവസാനനിമിഷം അദ്ദേഹം തള്ളിപ്പറഞ്ഞത് അദ്ഭുതപ്പെടുത്തുന്നുവെന്നും ശ്രീവാസ്തവ പ്രതികരിച്ചു. പുസ്തകം കയ്യിൽപ്പിടിച്ച് അദ്വാനിക്കൊപ്പം ശ്രീവാസ്തവ നിൽക്കുന്ന പടവും പുറത്തുവന്നിട്ടുണ്ട്. അദ്വാനിക്ക് പുസ്തകത്തെക്കുറിച്ചു വ്യക്തമായി അറിയാമായിരുന്നുവെന്നു തെളിയിക്കുന്നതാണിത്.
2013 സെപ്റ്റംബറിൽ നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി പാർലമെന്ററി ബോർഡിന്റെ തീരുമാനത്തെ അദ്വാനി എതിർത്തതടക്കമുള്ള വിവാദങ്ങൾ പരാമർശിക്കുന്നതാണു പുസ്തകം. അന്ന് പാർട്ടി യോഗത്തിൽ പങ്കെടുക്കാനായി വീട്ടിൽനിന്നു കാറിൽ കയറിയ അദ്വാനി അവസാനനിമിഷം പിൻവാങ്ങുകയായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. മോദിയെ എതിർക്കാൻ ആദ്യം അദ്വാനി തീരുമാനിച്ചിരുന്നില്ല. എന്നാൽ പിന്നീട് തീരുമാനം മാറി. യോഗത്തിൽനിന്നു വിട്ടുനിന്ന അദ്വാനി അന്നു പാർട്ടി അധ്യക്ഷനായിരുന്ന രാജ്നാഥ് സിങ്ങിന് കത്തുനൽകി. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിയ യോഗത്തിൽനിന്നു വിട്ടുനിന്നതോടെ അദ്വാനിയും മോദിയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണുവെന്നു പുസ്തകം പറയുന്നു.
മക്കൾ രാഷ്ട്രീയത്തിനും സ്വജനപക്ഷപാതത്തിനും എതിരായ അദ്വാനി 1989ൽ മകൻ ജയന്തിനെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനുള്ള നീക്കത്തെ എതിർത്തതും 1977ൽ ജനതാ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തനിക്കേർപ്പെടുത്തിയ പൊലീസ് സുരക്ഷയിൽ അദ്ദേഹം അസ്വസ്ഥനായതും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
