Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; റിസോർട്ടിലും പുറത്തും അണ്ണാ ഡിഎംകെ പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; അമ്മയുടെ വിജയമെന്നും പാർട്ടി നേതാക്കൾ

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; റിസോർട്ടിലും പുറത്തും അണ്ണാ ഡിഎംകെ പ്രവർത്തകരുടെ ആഹ്‌ളാദ പ്രകടനം; അമ്മയുടെ വിജയമെന്നും പാർട്ടി നേതാക്കൾ

ചെന്നൈ: അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത എടപ്പാടി കെ. പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. അദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. ഇന്ന് 11.30ന് രാജ്ഭവനിലെത്തി പളനിസ്വാമി ഗവർണർ വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരിക്കാൻ പളനിസ്വാമിയെ ഗവർണർ ക്ഷണിച്ചു.

സമ്മർദമേറിയ പശ്ചാത്തലത്തിൽ പളനിസ്വാമിയെ എത്രയും വേഗം മുഖ്യമന്ത്രിയാക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസർക്കാരിൽനിന്നു ലഭിച്ച നിർദ്ദേശവും ഇക്കാര്യത്തിൽ നിർണായകമായി. 15 ദിവസത്തിനകം പളനിസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം നിലർത്തണമെന്ന് ആവശ്യപ്പെട്ട് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും ഗവർണറെ കണ്ടിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നത് ആവശ്യമായ പിന്തുണ അദ്ദേഹത്തിന് ഇല്ലായിരുന്നു. പനീർശെൽവത്തിന് അനുകൂലമായ മനോഭാവം ഗവർണർക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി തനിക്കു പ്രതികൂലമായതിനെത്തുടർന്നാണു ശശികല തൻെ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടർന്ന് പളനിസ്വാമി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. തനിക്ക് തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പളനിസ്വാമി തന്റെ പക്ഷത്ത് ഏകദേശം 124 എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത് രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 10 എംഎൽഎമാരെ മാത്രമാണ്.

അനധികൃത സ്വത്തു സമ്പാദനക്കേസിലെ സുപ്രീംകോടതി വിധിയിൽ ശശികല ജയിലിൽ പോകേണ്ടിവന്നപ്പോഴാണ് എടപ്പാടി പളനിസ്വാമിയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തന്റെ രാജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും ഗവർണറെ കണ്ടിരുന്നു. എന്നാൽ രാജി അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തിൽ പനീർശെൽവത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിൽ ഗവർണർക്കു മുന്നിൽ നിയമതടസങ്ങളുണ്ടായിരുന്നു.

രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറുന്നത്. രണ്ടു മാസത്തിനകം മൂന്നാമത്തെ മുഖ്യമന്ത്രിയെയാണു തമിഴ്‌നാടിനു ലഭിക്കുന്നത്. ഡിസംബർ ആദ്യം ജയലളിത മരിച്ചതോടെയാണ് പനീർശെൽവം മുഖ്യമന്ത്രിയായത്. ഇതിനിടെ പാർട്ടിയിലും ഭരണത്തിലും അധികാരം പിടിച്ചെടുത്ത ജയലളിതയുടെ തോഴി ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകൻ കരുനീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പനീർശെൽവം രാജിവയ്ക്കുകയും ശശികലയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് പനീർശെൽവം വെട്ടിത്തുറന്നു പറഞ്ഞതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചു.

തുടർന്ന് ശശികല പക്ഷവും പനീർപക്ഷവും തമ്മിലുള്ള പോരടിക്കാണ് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ശശികല കൂവത്തൂരിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയി തടവിലിട്ടു. ഇവിടെനിന്ന് എംഎൽഎമാരെ ആകർഷിച്ചു തന്റെ പക്ഷത്തു ചേർക്കാനുള്ള തന്ത്രങ്ങളുമായി പനീർശെൽവം സജീവമായി. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി പ്രതികൂലമാകുമെന്ന നിഗമനത്തിൽ ശശികലയുടെ സത്യപ്രതിജ്ഞ വൈകിച്ച് ഗവർണർ വിദ്യാസാഗർ റാവുവും കളം നിറഞ്ഞു.

ഒടുക്കം സുപ്രീം കോടതി വിധി വന്നതോടെ ശശികല ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷം തടവുശിക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. ഇതോടെ ഇനി സർക്കാർ രൂപീകരണത്തിലുള്ള തീരുമാനം വൈകിക്കേണ്ടെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP