Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്‌ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്‌സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം

തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്‌ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്‌സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം

ന്യൂഡൽഹി: പാലം കടക്കുവോളം നാരായണ.. പാലം കടന്നാലെ കൂരായണ.. എന്നു പറഞ്ഞപോലെയായി കാര്യങ്ങളെന്നാണ് തോന്നുന്നത്..!!.  മാദ്ധ്യമങ്ങൾ മോദിയെ  ആദർശത്തിന്റെയും വികസനത്തിന്റെയും നായകനാക്കി വാഴ്‌ത്തിയതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കൂടുതൽ എളുപ്പമായി. എന്നാൽ പ്രധാനമന്ത്രിയായതോടെ പരമ്പരാഗത മാദ്ധ്യമങ്ങളെ അകറ്റി നിർത്താൻ മോദി ശ്രമിക്കുന്നുവെന്നാണ് മാദ്ധ്യമരംഗത്തെ പ്രമുഖർ പറയുന്നത്. പകരം ട്വിറ്റർ , ഫേസ്‌ബുക്ക് പോലുള്ള നവമാദ്ധ്യമങ്ങളിലൂടെ കാര്യങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനാണ് പ്രധാനമന്ത്രി താൽപര്യപ്പെടുന്നത്.

ഇതോടെ പ്രൈംമിനിസ്റ്ററുടെ ഓഫീസിൽ ബീറ്റിനെത്തുന്ന റിപ്പോർട്ടർമാർ പുതിയൊരു സംസ്‌കാരം പിന്തുടരാൻ നിർബന്ധിതരായിരിക്കുന്നു. പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരെ നേരിട്ട് കാണാൻ തയ്യാറാവുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഫോൺവിളിച്ചാലും ടെക്സ്റ്റ് മെസേജ് അയച്ചാൽ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് മാദ്ധ്യമക്കാരോട് പ്രതികരിക്കുന്നില്ലത്രെ. പത്രക്കാർക്ക് വേണ്ടി അധികം സമയം ചെലവാക്കേണ്ടെന്നാണത്രെ ഓഫീസിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. ആവശ്യമുള്ള വിവരങ്ങൾ താൻ ട്വിറ്ററിലൂടെയും വെബ്‌സൈറ്റിലൂടെയും സമയാസമയത്ത് വെളിപ്പെടുത്തുമെന്നാണ് മോദി പറയുന്നത്.

പത്രക്കാരോട് വാ തുറന്ന് യാതൊന്നും പറയില്ലെന്നതിന്റെ പേരിൽ മുൻപ്രധാനമന്ത്രി മന്മോഹൻസിങ് ഏറെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ മന്മോഹൻ മാദ്ധ്യമപ്രവർത്തകരോട് നേരിട്ട് പ്രതികരിക്കാൻ തയ്യാറായിരുന്നു. പക്ഷേ മോദി അതിന് പോലും തയ്യാറാവുന്നില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് ദി വീക്ക് മാഗസിന്റെ ദൽഹിയിലെ റസിഡന്റ് എഡിറ്ററായ സച്ചിദാനന്ദമൂർത്തി പറയുന്നു. പ്രധാനമന്ത്രിയായതിന് ശേഷം മൂന്ന്മാസക്കാലത്തിനിടെ സാമ്പ്രദായിക മാദ്ധ്യമങ്ങളെ തെല്ലകലത്തിൽ നിർത്താൻ മോദി എപ്പോഴും ജാഗരൂകനായിരുന്നുവെന്ന് കാണാം. പകരം തന്റെ ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും കാര്യങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനാണ് മോദി ശ്രമിച്ചിട്ടുള്ളത്.

മീഡിയാ പോളിസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ഉപദേശിക്കാൻ സാധാരണയായി ഒരു പ്രസ് അഡൈ്വസറെ നിയമിക്കാറുണ്ട്. ഒരു ഹൈ പ്രൊഫൈൽ ജേർണലിസ്റ്റിനെയാണ് പ്രസ്തുത സ്ഥാനത്തിരുത്താറുള്ളത്. എന്നാൽ സ്ഥാനമേറ്റ് ഇത്രയായിട്ടും മോദി അത് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ.് ഗുജറാത്തിൽ മോദിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്ന ജഗദീഷ് താക്കർ അദ്ദേഹത്തോടൊപ്പം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇദ്ദേഹം മാദ്ധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്ന പതിവില്ല. തന്റെ മന്ത്രിമാരും പത്രക്കാരുമായി ബന്ധം പുലർത്തണമെന്ന് മോദിക്ക് യാതൊരു നിർബന്ധവുമില്ല. സാധാരണ പ്രധാനമന്ത്രിമാർ വിദേശസന്ദർശനത്തിന് പോകുമ്പോൾ 30ൽ അധികം കറസ്‌പോണ്ടന്റുമാർ കൂടെ പോകാറുണ്ട്. എന്നാൽ മോദിക്കൊപ്പം വിദേശത്തേക്ക് ദൂരദർശന്റെയും ആൾ ഇന്ത്യ റേഡിയോയുടെയും റിപ്പോർട്ടർമാരെ മാത്രമെ കൂട്ടാറുള്ളൂ.

തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി മോദി 5187 ഇവന്റുകളിൽ പങ്കെടുത്തിരുന്നു. ഇതിൽ 25 സംസ്ഥാനങ്ങളിലായി നടന്ന 477 റാലികളും ഉൾപ്പെടുന്നു. ഇത്തരം പ്രചാരണങ്ങൾക്കൊക്കെ വമ്പൻ വാർത്താപ്രാധാന്യമാണ് ടെലിവിഷൻ ചാനലുകളും പത്രങ്ങളും നൽകിയിരുന്നത്. ദൽഹിയിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ഇതു സംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. അതു പ്രകാരം മാർച്ചിലും ഏപ്രിലിലും അഞ്ച് നാഷണൽ ചാനലുകൾ അവരുടെ പ്രൈംടൈമിൽ മോദിക്ക് വമ്പിച്ച കവറേജാണ് നൽകിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവർത്തിച്ച മീഡിയ പോളിസി കേന്ദ്രത്തിലും മോദി അനുവർത്തിക്കുകയാണെന്നാണ് നീലാഞ്ജൻ മുഖോപാധ്യായ പറയുന്നത്. നരേന്ദ്ര മോദി: ദി മാൻ , ദി ടൈംസ് എന്ന പുസ്തകത്തിന്റെ കർത്താവാണ് അദ്ദേഹം. ഡയലോഗുകൾക്കായി മീഡിയയെ ഉപയോഗിക്കാൻ പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നും പകരം മോണോലോഗുകളിലൂടെ തന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നതെന്നും നീലാഞ്ജൻ പറയുന്നു. ഓരോ ജേർണലിസ്റ്റും ഒരു അജൻഡയാൽ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നാണ് മോദി വിശ്വസിക്കുന്നതെന്നാണ് ചിലർ ്അഭിപ്രായപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിൽ മാദ്ധ്യമങ്ങൾ കൈക്കൊണ്ട ചില നിലപാടുകളിൽ നിന്ന് മോദി ഏറെ പാഠങ്ങൾ പഠിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചപ്പോൾ യു ട്യൂബ്, ട്വിറ്റർ, ഫേസ്‌ബുക്ക്, ബ്ലോഗുകൾ തുടങ്ങിയ നവമാദ്ധ്യമങ്ങൾ അദ്ദേഹത്തെ വികസനനായകനാക്കി ചിത്രീകരിച്ച് മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള അജൻഡ പാർട്ടി ഫലപ്രദമായി നടപ്പിലാക്കുകയായിരുന്നുവെന്നാണ് സച്ചിദാന്ദ മൂർത്തി പറയുന്നത്.

മറ്റ് ജനാധിപത്യരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ മുമ്പേ തന്നെ ചെയ്ത് തുടങ്ങിയ മാദ്ധ്യമനയം മോദി ഇപ്പോൾ അനുവർത്തിക്കുകയാണെന്നാണ് റോബിൻ േെജ്രഫ പറയുന്നത്. മീഡീയാ സ്‌കോളറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് പ്രൊഫസറുമാണ് അദ്ദേഹം.

സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അച്ചടക്കമില്ലാതെ പുറത്തേക്ക് പ്രവഹിക്കുന്നതിന് മോദി തടയിട്ടിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ അച്ചടക്കം പാലിക്കുന്നുണ്ടെന്നുമാണ് ബിജെപി വക്താവായ സഞ്ജയി കൗൾ പറയുന്നത്. മന്ത്രാലയങ്ങൾ പരസ്പരവിരുദ്ധമായ വാർത്തകൾ പടച്ച് വിടാതിരിക്കുകയെന്ന ലക്ഷ്യവും ഈ വിവരനിയന്ത്രണത്തിന് പുറകിലുണ്ട്.

ഭരണകൂടങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുകയും അവിടെ നിന്ന് വിവരങ്ങൾ ചോർത്തിയെടുത്ത് ഭരണകൂടത്തിനെതിരായി എഴുതുകയും ചെയ്യുന്ന രീതി പല മാദ്ധ്യമപ്രവർത്തകരും പതിറ്റാണ്ടുകളായി ഇവിടെ തുടർന്നു വരുന്ന തന്ത്രമാണ്. അതിനാണ് മോദി ഇപ്പോൾ തടയിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP