Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ അരങ്ങേറുന്നത് ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നാടകങ്ങളോ?കെജ്രിവാളിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തതിൽ കടുത്ത പ്രതിഷേധവുമായി എഎപി; ലോയയുടെ മരണത്തിൽ അമിത് ഷായെ ഇതുപോലെ തൊടാൻ ധൈര്യമുണ്ടോ എന്ന് ചോദ്യം: ഡൽഹിയിൽ നടക്കുന്നത് ഇഷ്ടമില്ലാത്ത അച്ചിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തന്നെ

ഡൽഹിയിൽ അരങ്ങേറുന്നത് ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നാടകങ്ങളോ?കെജ്രിവാളിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തതിൽ കടുത്ത പ്രതിഷേധവുമായി എഎപി; ലോയയുടെ മരണത്തിൽ അമിത് ഷായെ ഇതുപോലെ തൊടാൻ ധൈര്യമുണ്ടോ എന്ന് ചോദ്യം: ഡൽഹിയിൽ നടക്കുന്നത് ഇഷ്ടമില്ലാത്ത അച്ചിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തന്നെ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ മൂക്കിൽ കയറിയ ചൊറിയുന്ന ഭരണമാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റേത്. നരേന്ദ്ര മോദിയുടെയും കേന്ദ്രത്തിന്റെയും കടുത്ത വിമർശകനായ ആം ആദ്മി സർക്കാറിന്റെ 20 എംഎൽഎമാരെ അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ അയോഗ്യത കൽപ്പിക്കലിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന വിമർശനവും ശക്തമായിരുന്നു. ഡൽഹി സർക്കാറിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചീഫ് സെക്രട്ടറിയ ആം ആദ്മി എംഎൽഎമാർ മർദ്ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡ്.

ഒരു മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കേന്ദ്രത്തിന് കീഴിലുള്ള ഡൽഹി പൊലീസ് റെയ്ഡ് നടത്തുകയും സിസി ടിവി ദൃശ്യങ്ങൾ അടക്കം പിടിച്ചെടുക്കുകയും ചെയ്ത നടപടിയാണ് ഏറെ വിവാദത്തിന് ഇടയാക്കുന്നത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് പിടിച്ചെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ പൊലീസ് സംഘം തന്ന എത്തിയിരുന്നു. സസിടിവി ദൃശ്യങ്ങളുടെ പകർപ്പു കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വൈകിയ സാഹചര്യത്തിലാണു ഈ നടപടിയെന്നാണ് വിമർശനം.

എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങൾ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു. അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ കേജ്രിവാൾ പ്രതികരിച്ചു. ആരോപണത്തിന്റെ പേരിൽ ഒരു വലിയ കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയാണ് വീട്ടിലേക്കു വിട്ടത്. ഇവർ വന്നു വീടു മുഴുവൻ അരിച്ചുപെറുക്കി. സിബിഐ ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണത്തിലും ഇതേ പരിഗണന അന്വേഷണ ഏജൻസികൾ കാണിക്കണം. സംഭവത്തിൽ എന്നെങ്കിലും അമിത് ഷായെ ചോദ്യം ചെയ്തിട്ടുണ്ടോ? കേജ്രിവാൾ ചോദിച്ചു.

എഎപി എംഎൽഎമാർ ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ തെളിവുശേഖരിക്കുന്നതിന് സിവിൽ ലൈൻ ഏരിയയിലെ വീട്ടിലേക്കാണ് അന്വേഷണ സംഘമെത്തിയത്. അതേസമയം, ഡൽഹി സർക്കാരിലെ മന്ത്രിമാർ ഉടൻ ലഫ്. ഗവർണറെ കാണും. സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്ന് മന്ത്രിമാർ ആവശ്യപ്പെടും.

തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വീട്ടിൽവച്ച് ചീഫ് സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽ എഎപി എംഎൽഎമാരായ പ്രകാശ് ജർവാൾ, അമൻതുല്ല ഖാൻ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചീഫ് സെക്രട്ടറിയെ മർദ്ദിക്കുന്നതു കണ്ടുവെന്ന് മുഖ്യമന്ത്രിയുടെ ഉപദേശകനായ വി.കെ. ജെയിൻ മൊഴി നൽകിയിട്ടുണ്ട്.

ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ അക്രമിച്ച കേസിൽ എഎപി എംഎൽഎമാരായ അമാനുള്ള ഖാൻ, പ്രകാശ് ജർവാൾ എന്നിവരെ നേരത്തെ പൊലീസ അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് കെജ്രിവാളിന്റെ വസതിയിൽ തിരച്ചിൽ നടത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസിതിയിൽ പൊലീസ് റെയ്ഡ്. 150 ഓളം വരുന്ന പൊലീസുകാരാണ് കെജ്രിവാളിന്റെ സിവിൽ ലൈനിലുള്ള ഔദ്യോഗികവസിതിയിൽ തിരച്ചിൽ നടത്തിയത്. എന്നാൽ കേസിനാസ്പദമായ ഒരു തെളിവുകളും പൊലീസിന് ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കണ്ടെടുക്കാനായില്ലെന്ന് ലഭിക്കുന്ന വിവരം.

അതേസമയം ഡൽഹിയിൽ അടുത്തിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിഷയം ആം ആദ്മി സർക്കാർ ആയുധമാക്കാൻ ഒരുങ്ങുകയാണ്. സംഭവത്തിൽ ക്ഷേ ഒരു കാര്യം ഉറപ്പാണ്, ഈ കാര്യം ആം ആദ്മി പാർട്ടിയെ തങ്ങളുടെ തട്ടകമായ ഡൽഹിയിൽ തന്നെ വീണ്ടും തളച്ചിടാൻ പര്യാപ്തമാണ്. ഒപ്പം, ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ തന്നെ തളച്ചിടാൻ കഴിഞ്ഞുകൊണ്ട്, അവരെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞു കൊണ്ട് ബിജെപി വലിയൊരു രാഷ്ട്രീയ വിജയം കൂടിയാണ് നേടിയിരിക്കുന്നത്.

ബിജെപിയോട് അടുപ്പം പുലർത്തുന്നു എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി അർഷു പ്രകാശ്. നേരത്തെ സുഷമ സ്വരാജിനൊപ്പം ജോലി ചെയ്തിരുന്ന പ്രകാശിനെ ഡൽഹി ചീഫ് സെക്രട്ടറിയായി നിയമിച്ചത് ബിജെപിയുടെ തന്ത്രപരമായ നീക്കം തന്നെയായിരുന്നു. പ്രകാശും ഒപ്പം, ഡൽഹി ലഫ്. ഗവർണർ അനിൽ ബെയ്ജാലും ചേർന്ന് ഡൽഹിയിൽ ബിജെപി മുന്നേറ്റത്തിനുള്ള സാഹചര്യങ്ങൾ പടിപടിയായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആം ആദ്മി പാർട്ടി സർക്കാർ നടത്തുന്ന ഭരണപരമായ കാര്യങ്ങൾക്കു പോലും തടയിടൽ, നിരവധി ക്ഷേമപദ്ധതികൾക്ക് തുരങ്കം വയ്ക്കൽ, കെജ്രിവാൾ സർക്കാർ സ്വതന്ത്രമായി ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കൽ എന്നിവയൊക്കെ അതിന്റെ ഭാഗമാണ്. ഡൽഹി സർക്കാരിന്റെ അധികാരത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നപ്പോൾ മുതൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ അതിനെതിരെയാണ് പ്രവർത്തിക്കുന്നത്. സാധിക്കുന്ന ഓരോ വഴിക്കും പാർട്ടിയേയും സർക്കാരിനെയും ദുർബലപ്പെടുത്താനും അവരുടെ അജണ്ടകളെ അട്ടിമറിക്കാനും ശ്രമിക്കുന്നുണ്ട്. കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സിബിഐ റെയ്ഡ് ചെയ്തതു പോലുള്ള നിരവധി കാര്യങ്ങളാണ് നടക്കുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളും ഇതിന്റെ ബാക്കിപത്രമായി വേണം നോക്കിക്കാണാൻ. അതുകൊണ്ടു തന്നെ ഡൽഹി എങ്ങോട്ടാണ് പോകുന്നത് എന്നതിൽ ഒരു സൂചനയും ലഭിക്കും.

ആം ആദ്മി സർക്കാറിനെ പിരിച്ചു വിടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിൽ നിന്നേറ്റ നാണംകെട്ട പരാജയത്തിന് പ്രതികാരം തീർക്കാൻ മോദി അത്തരമൊരും ശ്രമം നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP