Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാർ റൂം മാനേജർമാരായി പിന്നിൽ നിന്ന് പട നയിച്ചവരെ ഇനി നിതീഷിന് വേണ്ട; തന്നെ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ജെഡിയു അദ്ധ്യക്ഷൻ; രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും മുൻ നയതന്ത്രജ്ഞൻ പവൻ വർമയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി; ഇരുവരും നിതീഷിനോട് ഇടഞ്ഞത് പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ജെഡിയു നിലപാടിൽ പ്രതിഷേധിച്ച്

വാർ റൂം മാനേജർമാരായി പിന്നിൽ നിന്ന് പട നയിച്ചവരെ ഇനി നിതീഷിന് വേണ്ട; തന്നെ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ജെഡിയു അദ്ധ്യക്ഷൻ; രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും മുൻ നയതന്ത്രജ്ഞൻ പവൻ വർമയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി; ഇരുവരും നിതീഷിനോട് ഇടഞ്ഞത് പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ജെഡിയു നിലപാടിൽ പ്രതിഷേധിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും മുതിർന്ന നേതാവ് പവൻ വർമയെയും ജെഡിയു പുറത്താക്കി. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെ ഇരുവരും ശക്തമായി വിമർശിച്ചുവരികയായിരുന്നു. നിതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മിലുള്ള വാക്‌പോര് ഇന്നലെ എല്ലാ അതിരുകളെയും ലംഘിച്ചതോടെ പാർട്ടി നടപടി ഏകദേശം ഉറപ്പായിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ ശുപാർശ പ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ എടുത്തതെന്ന് ഓർക്കണമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാർ രാഷ്ട്രീയ തന്ത്രജ്ഞനെ ഓർമിപ്പിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നിതീഷ് കുമാറിന്റെ ഒരുപരാമർശത്തോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായിരുന്നു. 'പ്രശാന്ത് കിഷോർ പാർട്ടി വിടുന്നെങ്കിൽ എനിക്ക് പ്രശ്‌നമില്ല. എന്നാൽ, അദ്ദേഹത്തിന് പാർട്ടിയിൽ തുടരണമെങ്കിൽ, അടിസ്ഥാന ഘടന പിന്തുടരേണ്ടി വരും', നിതീഷ് പറഞ്ഞു. അമിത്ഷാ ജിയാണ് എന്നോട് പ്രശാന്തിനെ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം പലതരത്തിലുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം ആംആദ്മി പാർട്ടിക്ക് വേണ്ടി ജോലി ചെയ്യുന്നു. പലയിടത്തും പോകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടാകും. അദ്ദേഹത്തിന് അതിന് സ്വാതന്ത്ര്യമുണ്ട്, നിതീഷ് കുമാർ പറഞ്ഞു.

നിതീഷിന്റെ പരാമർശത്തെ തുടർന്ന്, ഒരു ട്വീറ്റിലൂടെ പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. ഞാൻ ജെഡിയുവിൽ ചേർന്നതിനെ കുറിച്ച് പെരുനുണ പറഞ്ഞ താങ്കൾ എന്തുതാഴ്ന്നുപോയി. നിങ്ങളുടെ അതേ സ്വഭാവക്കാരനാണ് ഞാനെന്ന് ചിത്രീകരിക്കാൻ നടത്തിയ പാഴ് ശ്രമം ആണിത്. നിങ്ങൾ സത്യം പറയുകയാണെങ്കിൽ തന്നെ, അമിത്ഷാ ശുപാർശ ചെയ്യുന്ന ഒരാളെ കേൾക്കാതിരിക്കാൻ നിങ്ങൾക്കിപ്പോഴും ധൈര്യമുണ്ടെന്ന് ആരുവിശ്വസിക്കാൻ, പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.

പവൻ വർമയും നിതീഷും തമ്മിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി പോര് രൂക്ഷമായിരുന്നു, ബിജെപിയുമായി ചേർന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് നിതീഷിന് അയച്ച രണ്ടുപേജുള്ള കത്ത് പവൻ വർമ പുറച്ചുവിട്ടിരുന്നു, ഇതോടെ ജെഡിയു വിടാൻ താൽപര്യമുണ്ടെങ്കിൽ പവൻ വർമയ്ക്ക് അതാവാമെന്ന് നിതീഷ് പറയുകയും ചെയ്തു. മൻ നയതന്ത്രജ്ഞനാണ് പവൻ വർമ.

ഇരുവരെയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജെഡിയുവിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ പ്രശാന്ത് കിഷോറിനെതിരെ നേരിട്ടു പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിനും ശക്തമായ സന്ദേശം നൽകുന്നതായിരുന്നു വർമയോടുള്ള നിതീഷിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിൽ പ്രശാന്ത് കിഷോറിനോടും നിതീഷ് കുമാറിന് നീരസമുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമം ബിഹാറിൽ നടപ്പാക്കില്ലെന്ന് പിന്നീട് നിതീഷ് കുമാറിനു തുറന്നു പറയേണ്ടിയുംവന്നു.

നിതീഷ് കുമാറിനെ 2015 ൽ മുഖ്യമന്ത്രിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രധാനികളാണ് പവൻ വർമയും പ്രശാന്ത് കിഷോറും. ബിജെപി അധികാരത്തിലെത്തുമെന്നു കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ അണിയറ തന്ത്രങ്ങളുടെ കൂടി കരുത്തിലാണ് ആർജെഡിയുമായി സഖ്യമുണ്ടാക്കി ജെഡിയു ബിഹാറിൽ അധികാരത്തിലേറിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇരുവരും നിതീഷ് കുമാറിന് അനഭിമതരായി.

വിദേശകാര്യ വകുപ്പിൽനിന്നു വിരമിച്ചാണ് 2013ൽ പവൻ വർമ ജെഡിയുവിൽ ചേർന്നത്. മുഖ്യമന്ത്രിയുടെ സാംസ്‌കാരിക ഉപദേഷ്ടാവായി വർമ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച് 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങിയ ജെഡിയുവിന് പ്രചാരണ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പവൻ വർമയായിരുന്നു. ആർജെഡിയുമായി ചേർന്ന് വിശാല സഖ്യം രൂപീകരിച്ച് മൽസരിക്കുന്നതിലേക്കു നിതീഷ് കുമാറിനെ നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചതാകട്ടെ പ്രശാന്ത് കിഷോറും. നിതീഷ് കുമാറിന്റെ 'വാർ റൂം' മാനേജർമാർ എന്ന നിലയിൽ ഇരുവരും ചേർന്നു രൂപീകരിച്ച തന്ത്രങ്ങൾ കൂടി വിജയിച്ചതോടെ രാജ്യത്തെയാകെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യം ബിഹാറിൽ ഭരണംപിടിച്ചു.

പ്രാദേശിക പാർട്ടിയെന്ന ലേബലിൽനിന്ന് ദേശീയ പാർട്ടിയെന്ന നിലയിലേക്ക് ജെഡിയുവിനെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് മികച്ച പ്രതിച്ഛായയുള്ള ഇരുവരെയും നിതീഷ് കുമാർ പാർട്ടിയിൽ അംഗങ്ങളാക്കിയത്. രാജീവ് രഞ്ജൻ സിങ്, ആർസിപി സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിച്ച നിതീഷ് , ഇരുവരെയും വിശ്വസ്തരായി ഒപ്പംകൂട്ടി. എന്നാൽ വിശ്വസ്തർ തന്നെ തന്റെ നിലപാടിനെതിരെ തുറന്നടിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഒടുവിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇരുവരെയും പുറത്താക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP