Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ എംപിമാരും ഓരോ ഗ്രാമം വീതം എല്ലാ വർഷവും ദത്തെടുക്കണം; സർവർക്കും ഇൻഷൂറൻസോടെ ബാങ്ക് അക്കൗണ്ട്; പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടും: ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം

എല്ലാ എംപിമാരും ഓരോ ഗ്രാമം വീതം എല്ലാ വർഷവും ദത്തെടുക്കണം; സർവർക്കും ഇൻഷൂറൻസോടെ ബാങ്ക് അക്കൗണ്ട്; പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടും: ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം

സോഷ്യലിസ്റ്റ് ഭൂതകാലത്തിന്റെ നീക്കിയിരിപ്പായ പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടുമെന്നും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് താത്ക്കാലികവിരാമം ഇടണമെന്നും ചെങ്കോട്ടയിൽ നിന്നുള്ള തന്റെ കന്നിപ്രസംഗത്തിൽ മോദി രാഷ്ട്രത്തോടായി പറഞ്ഞു. അധികാരത്തിലെത്തി മൂന്നുമാസം തികയുംമുന്നെ, തന്റെ വികസന സങ്കല്പങ്ങളെക്കുറിച്ചും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉള്ള സ്വപ്നങ്ങൾ മോദി പങ്കുവച്ചു. ഇന്ത്യയെ ഒരു ആഗോള ഉത്പാദന രാഷ്ട്രമാക്കുക എന്നലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, രാഷ്ട്രത്തിന്റെ 67-ാം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു, പ്രധാനമന്ത്രി.

ദരിദ്രർക്ക് ഒരുലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ അടങ്ങുന്ന ബാങ്ക് അക്കൗണ്ടുകൾ നൽകി അവരെയും സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഓരോ പാർലമെന്റംഗവും വർഷാവർഷം ഓരോ ഗ്രാമങ്ങളെ വീതം ദത്തെടുക്കുന്ന, എംപി മാതൃകാ വില്ലേജ് പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 65 മിനിറ്റ് നീണ്ടു നിന്ന ഹിന്ദി പ്രസംഗത്തിൽ മാവോയിസ്റ്റുകളോടും ഭീകരവാദികളോടും അക്രമത്തിന്റെ പാത വെടിഞ്ഞ് ദേശീയ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വർദ്ധിച്ചുവരുന്ന ബലാത്സംഗങ്ങളെയും സ്ത്രീപീഡനങ്ങളേയും പെൺഭ്രൂണഹത്യകളെയും തള്ളിപ്പറഞ്ഞ അദ്ദേഹം രാഷ്ട്ര പുനർനിർമ്മാണത്തിൽ പെൺകുട്ടികളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു.

"സ്വഭവനത്തിൽ 10 വയസ്സായ പെൺകുട്ടിയുള്ള ഓരോ രക്ഷാകർത്താവും, അവളോട് എവിടേക്കാണ് പോകുന്നതെന്നും എപ്പോൾ തിരിച്ചെത്തുമെന്നും ചോദിക്കും. യഥാസ്ഥാനത്തെത്തിയിട്ട് വീട്ടിലേക്കു വിളിച്ചുപറയണമെന്നും ഏല്പിക്കും. എന്നാൽ നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ആൺമക്കളോട് എവിടെയാണ് അവർ പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ ആരാണ് അവരുടെ ചങ്ങാതിമാർ എന്നോ തിരക്കിയിട്ടുണ്ടോ?," മോദി ചോദിച്ചു.

തുറസ്സിടങ്ങളിൽ വെളിക്കിറങ്ങുന്ന പരിതാപകരമായ അവസ്ഥ ഒഴിവാക്കാൻ പള്ളിക്കൂടങ്ങളിൽ അടക്കം ടോയിലെറ്റുകൾ പണിയാനായി കോർപ്പറേറ്റുകളുടെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.

64 വർഷം പിന്നിട്ട സോവിയറ്റ് ശൈലിയിലുള്ള ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ട് തത്സ്ഥാനത്ത് ആഭ്യന്തരമായും ആഗോളമായും മാറിയ സാമ്പത്തികാവസ്ഥയ്ക്ക് അനുയോജ്യമായ പുതിയ സ്ഥാപനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സംസ്ഥാനങ്ങളെ മുന്നോട്ടെത്തിച്ചേ മതിയാവൂ. അറുപതുവർഷം മുമ്പത്തേക്കാൾ ഫെഡറൽ ഘടയുടെ പ്രാധാന്യം ഇന്നു വളരെയേറെയാണ്. എത്രയും വേഗം നാം ആസൂത്രണ കമ്മിഷന്റെ സ്ഥാനത്ത് മറ്റൊരു സ്ഥാപനം ആരംഭിക്കും, അദ്ദേഹം പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾക്കു പുറമേ സൃഷ്ടിപരമായ ആലോചനകൾക്കും പ്രതീക്ഷകൾക്കും ഇടം നൽകുന്ന സ്ഥാപനമാകും അത്.

ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അതിന്റെ സാന്നിധ്യം പ്രസക്തമാക്കണമെങ്കിൽ അടിയന്തിരമായി യുവാക്കളുടെ കഴിവുകളെ ചാലുകീറി വിടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി, മുൻകൂട്ടി തയ്യാറാക്കാതെയുള്ള പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക

ഇന്ത്യയെ ഒരു ഉത്പാദക തുരുത്താക്കാൻ ലോകത്തിനു തുറന്ന ക്ഷണമാണ് മോദി വച്ചുനീട്ടിയത്. "വരൂ, ഇന്ത്യയിൽ നിർമ്മിക്കൂ, പ്ലാസ്റ്റിക് ആവട്ടെ, കാറുകളാവട്ടെ, ഉപഗ്രഹങ്ങളാവട്ടെ, കാർഷിക ഉത്പന്നങ്ങളാവട്ടെ, ഇന്ത്യയിൽ വന്നു നിർമ്മിക്കൂ" മോദി ക്ഷണിച്ചു. ലോകമെങ്ങും "മേഡ് ഇൻ ഇന്ത്യ" ഉത്പന്നങ്ങൾ ഉണ്ടാവട്ടെ എന്ന് നാം സ്വപ്നം കാണണം. നാം ഉത്പാദക മേഖലയെ പ്രോത്സാഹിപ്പിക്കണം. ഉത്പാദനത്തിലൂടെ യുവാക്കളുടെ ശക്തിയെ നാം ചാനലൈസ് ചെയ്യണം, മോദി പറഞ്ഞു. "നാം നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു കുറ്റവും ഉണ്ടാവരുത്; പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്തുകയുമരുത്," അദ്ദേഹം കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്യാത്ത എന്നാൽ നിരന്തരം കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാകാൻ നാം യത്നിക്കണം. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിലുള്ള ആശ്രിതത്വം ഉപേക്ഷിക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.

പ്രധാൻ മന്ത്രി ജൻ ദാൻ യോജന

ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ദരിദ്രരെ സഹായിക്കുന്നതിനായി പ്രധാൻ മന്ത്രി ജൻ-ദാൻ യോജന എന്ന പദ്ധതി മോദി പ്രഖ്യാപിച്ചു. ഒരു ഡെബിറ്റ് കാർഡും അക്കൗണ്ട് ഹോൾഡറിന് ഒരുലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയും സഹിതമാവും ബാങ്ക് അക്കൗണ്ടുകൾ ലഭിക്കുക. ഇതുവഴി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുടുംബം വഴിയാധാരമാകില്ല. ഏഴകളിൽ ഏഴകളായവരെ ബാങ്ക് അക്കൗണ്ടുകളുമായി യോജിപ്പിക്കുകയാണ് നമുക്കാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് മൊബൈൽ ഫോണുകളുണ്ടെന്നും എന്നാൽ ബാങ്ക് അക്കൗണ്ടുകളില്ലെന്നും നിരീക്ഷിച്ച അദ്ദേഹം ഔപചാരികമായ ബാങ്കിങ് സമ്പ്രദായത്തിന്റെ മെച്ചങ്ങൾ അവരിലേക്കെത്തിക്കാൻ ഈ പദ്ധതി ഉപകാരപ്പെടുമെന്ന് പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ

നാം ഒരു ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണണം. ഡിജിറ്റൽ ഇന്ത്യ ദരിദ്രർക്കു വേണ്ടിയുള്ള സ്വപ്നമാണ്. ബ്രോഡ് ബാൻഡ് കണക്ടിവിറ്റിയിലൂടെ ദീർഘദൂര വിദ്യാഭ്യാസം നമുക്കു് ഉറപ്പാക്കാം, മോദി പറഞ്ഞു. "ഡിജിറ്റൽ ഇന്ത്യ പണക്കാരുടെ നേട്ടത്തിനു വേണ്ടിയുള്ള പദ്ധതിയല്ല, പാവങ്ങൾക്കു വേണ്ടിയുള്ളതാണ്," മോദി ഊന്നി. "ഇ-ഭരണം അനായാസ ഭരണമാണ്, കാര്യക്ഷമമായ ഭരണമാണ്, അതു പ്രധാനമാണ്," മോദി കൂട്ടിച്ചേർത്തു.

സൻസദ് ആദർശ് ഗ്രാമ യോജന

2016ഓടെ തങ്ങളുടെ മണ്ഡലങ്ങളിൽ ഓരോ മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കാൻ മോദി എല്ലാ പാർലമെന്റംഗങ്ങളോടും ആഹ്വാനം ചെയ്തു. "ഒരു മണ്ഡലത്തിൽ ഒരു ഗ്രാമം വീതം മാതൃകാപരമായ രീതിയിൽ വികസിപ്പിക്കണം. 2019ഓടെ രണ്ടുഗ്രാമങ്ങൾ കൂടി അങ്ങനെ വികസിപ്പിക്കാം. നമുക്കു് രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ ആദ്യം ഗ്രാമങ്ങളിൽ നിന്നു തുടങ്ങണം," അദ്ദേഹം പറഞ്ഞു. "അഞ്ചുവർഷം കൊണ്ട് മൂന്നു ഗ്രാമങ്ങൾ വികസിപ്പിക്കാൻ ഓരോ എംപിയും തീരുമാനിച്ചാൽ രാജ്യത്തെ ധാരാളം ഗ്രാമങ്ങൾ പുരോഗതി ദർശിക്കും," മോദി കൂട്ടിച്ചേർത്തു.

അക്രമത്തിന് താത്ക്കാലിക വിരാമം

പാർലമെന്റിലെ ഭൂരിപക്ഷസമ്മതിയുടെ അടിസ്ഥാനത്തിലല്ല, പൊതസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രത്തെ നയിക്കാൻ താൻ ഇച്ഛിക്കുന്നതെന്നും പത്തുവർഷത്തേക്ക് ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് ശമനമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെയും നക്സലിസത്തിന്റെയും പാതകളിലേക്കു തിരിഞ്ഞ വഴിതെറ്റിയ യുവത്വത്തോട് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കുവാനും സമാധാനത്തിന്റെയും വികസനത്തിന്റെയും പാത സ്വീകരിക്കുവാനും മോദി ഉപദേശിച്ചു.

ആസൂത്രണ കമ്മിഷൻ പിരിച്ചുവിടും

പതിറ്റാണ്ടുകളോളം രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ നയിച്ച ആസൂത്രണ കമ്മിഷനെ മാറ്റി കൂടുതൽ ആധുനികമായ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. "ആസൂത്രണ കമ്മിഷൻ സ്ഥാപിച്ചതിൽ നിന്ന് കാലം ഏറെ മാറി. ചുരുങ്ങിയ സമയത്തിനകം പ്ലാനിങ് കമ്മിഷന്റെ സ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിന് നാം തുടക്കമിടും," മോദി പറഞ്ഞു. "ആസൂത്രണ കമ്മിഷന്റെ ഉദ്ദേശ്യം സംബന്ധിച്ച് നമുക്കു് സൃഷ്ടിപരമായ ആലോചന നടത്തണം"

മോദിയുടെ പ്രസംഗത്തിനു തൊട്ടുപിന്നാലെ തന്നെ, പ്ലാനിങ് കമ്മിഷന്റെ സ്ഥാനത്ത് ദേശീയ വികസന പരിഷ്കരണ കമ്മിഷൻ സ്ഥാപിക്കുന്നതായ പ്രഖ്യാപനവും ഉണ്ടായി.

ശുചിത്വ ഭാരതം

ഒക്ടോബറോടെ സ്വച്ഛ് ഭാരത് (ശുചിത്വ ഭാരതം) പദ്ധതിക്കു സർക്കാർ തുടക്കമിടുമെന്ന് മോദി അറിയിച്ചു. "ചുറ്റുപാടുകൾ വൃത്തിഹീനമാക്കില്ലെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. വൃത്തിയുള്ള ഇന്ത്യ വികസിപ്പിക്കാൻ നമുക്ക് പ്രതി‍ജ്ഞയെടുക്കാം," അദ്ദേഹം പറഞ്ഞു. "മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാ‌ർഷികം ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തുകയാണ്. നാമെങ്ങനെയാണ് അത് ആഘോഷിക്കേണ്ടത്? അദ്ദേഹം വെടിപ്പിനെ ബഹുമാനിച്ചു. നാം ഒരു വൃത്തിയുള്ള ഇന്ത്യയ്ക്കായി പ്രതിജ്ഞാബദ്ധരാവണം," അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് വൃത്തിയിലും ശുചീകരണത്തിലും ശ്രദ്ധിക്കണം. 2019ഓടെ നമുക്ക് ഒരു 'സ്വച്ഛ് ഭാരത്' ഉറപ്പാക്കണം.

സ്ത്രീകളുടെ അന്തസ് നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലാവർക്കും ശൗചാലങ്ങളുണ്ടെന്ന് നമുക്ക് ഉറപ്പാക്കാനാവണം, അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്ക്രീമിന്റെ കീഴിൽ ഒരു വർഷത്തിനുള്ളിൽ പള്ളിക്കൂടങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിൽ ദയവായി പ്രാധാന്യം നൽകണമെന്ന് മോദി കോർപ്പറേറ്റുകളോട് ആവശ്യപ്പെട്ടു. അടുത്തവർഷം നാം വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എല്ലാ സ്കൂളുകളിലും ശൗചാലയങ്ങളുണ്ടെന്ന് നമുക്ക് ഉറപ്പുവരുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP