Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒളിച്ചോടുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ മോദിയുടെ തട്ടകത്തിൽ ചെന്ന് വെല്ലുവിളിക്കാൻ പ്രിയങ്കയ്ക്ക് മേൽ സമ്മർദ്ദം മുറുകുന്നു; കെജ്രിവാളിനേക്കൾ വോട്ട് നേടി രാജകീയ തോൽവി ഏറ്റുവാങ്ങി ധീരത തെളിയിക്കാൻ പ്രിയങ്ക ഇറങ്ങുമോ? വാരണാസിയിൽ പ്രിയങ്കാ ഗാന്ധി തന്നെയെന്ന സൂചനയോടെ രാഹുലും; നിർണ്ണായകമാകുക സോണിയയുടെ നിലപാട്; അന്തിമ തീരുമാനത്തിന് കാത്തിരുന്ന് ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ

ഒളിച്ചോടുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ മോദിയുടെ തട്ടകത്തിൽ ചെന്ന് വെല്ലുവിളിക്കാൻ പ്രിയങ്കയ്ക്ക് മേൽ സമ്മർദ്ദം മുറുകുന്നു; കെജ്രിവാളിനേക്കൾ വോട്ട് നേടി രാജകീയ തോൽവി ഏറ്റുവാങ്ങി ധീരത തെളിയിക്കാൻ പ്രിയങ്ക ഇറങ്ങുമോ? വാരണാസിയിൽ പ്രിയങ്കാ ഗാന്ധി തന്നെയെന്ന സൂചനയോടെ രാഹുലും; നിർണ്ണായകമാകുക സോണിയയുടെ നിലപാട്; അന്തിമ തീരുമാനത്തിന് കാത്തിരുന്ന് ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദുക്കളെ പേടിച്ച് വയനാടിന്റെ സുരക്ഷിതത്വത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഓടിയൊളിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ദക്ഷിണേന്ത്യയിൽ തരംഗമുണ്ടാക്കാനാണ് രാഹുൽ വയനാട് മത്സരിക്കുന്നതെന്ന് കോൺഗ്രസും. അമേഠിയിലെ തോൽവിയെ രാഹുൽ ഭയക്കുന്നുവെന്നാണ് ബിജെപി ആരോപണം. ഇത് ഹിന്ദി ഹൃദയഭൂമിയിൽ എന്ത് പ്രതിഫലനമുണ്ടാക്കുമെന്ന് ആർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയിലൂടെ ഒളിച്ചോടുന്നവരല്ല കോൺഗ്രസുകാരെന്ന സന്ദേശം നൽകാൻ നീക്കം നടക്കുന്നത്. മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്ക കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇതിലൂടെ ഉത്തരേന്ത്യയിലെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

മോദിയെ നേരിടാൻ പ്രിയങ്ക തയ്യാറാണ്,. ഇക്കാര്യം ആദ്യം തുറന്നു പറഞ്ഞതും പ്രിയങ്ക തന്നെയാണ്. ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയും ഇക്കാര്യം സമ്മതിച്ചിരിക്കുന്നു. വരാണാസിയിൽ പ്രിയങ്കയ്ക്ക് ജയം ഉറപ്പില്ല. അതുകൊണ്ട് തന്നെ കന്നി ലോക്‌സഭാ പോരാട്ടം പരാജയത്തിന്റേതാകണമോ എന്നതാണ് ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ അമ്മ സോണിയാ ഗാന്ധിയാകും അന്തിമ തീരുമാനം എടുക്കുക. അമേഠിയിൽ രാഹുലും റായ് ബെറേലിയിൽ സോണിയയും മത്സരിക്കുന്നുണ്ട്. രാഹുലിന് പ്രചരണ തിരക്ക് കാരണം അധിക സമയം അമേഠിയിൽ നിൽക്കാനാകില്ല. സോണിയയുടെ ആരോഗ്യവും പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ റായ് ബെറേലിയിലും അമേഠിയിലും ഉത്തരവാദിത്തം പ്രിയങ്കയ്ക്കാണ്. അതിനാൽ പ്രിയങ്ക വാരണാസിയിൽ വന്നാൽ അമേഠിയിലും റായ്‌ബെറേലിയിലും പ്രചരണത്തിന് അടിതെറ്റുമോ എന്ന ആശങ്കയും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാകും സോണിയ തീരുമാനം എടുക്കുക.

കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിയെയും തിരഞ്ഞെടുപ്പ് ഗോദയിലിറക്കണെമന്ന ആവശ്യം ശക്തമാണ്. പാർട്ടിയുടെ യുപി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാൻഡിനോട് ഉന്നയിച്ചു. എന്നാൽ, നിലവിൽ ഇക്കാര്യം ദേശീയ നേതൃത്വം ഔദ്യോഗികമായി ചർച്ചയ്‌ക്കെടുത്തിട്ടില്ലെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക താൽപര്യമറിയിച്ചാൽ മത്സരിക്കാൻ അനുവദിക്കുമെന്നു കഴിഞ്ഞ ദിവസം രാഹുൽ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചു പ്രിയങ്ക പാർട്ടിയോടു മനസ്സു തുറന്നിട്ടില്ല. മകൾ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി അനുകൂലമല്ലെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്കയെ രംഗത്തിറക്കണമെന്ന ആവശ്യമാണു യുപിയിൽ നിന്നുള്ള ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ഉന്നയിച്ചിരിക്കുന്നത്. ഇത് യുപിയിൽ കോൺഗ്രസ് തരംഗമെത്തിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, കോൺഗ്രസും എസ്‌പി ബിഎസ്‌പി പ്രതിപക്ഷ സഖ്യവും വാരാണസിയിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മോദിക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്തുന്നതു സംബന്ധിച്ചു കക്ഷികൾക്കിടയിൽ അണിയറ ചർച്ചകൾ സജീവമാണ്. അങ്ങനെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി പ്രിയങ്ക എത്താനും സാധ്യത ഏറെയാണ്.

തിരഞ്ഞെടുപ്പിനു ശേഷം വയനാട് നിലനിർത്തി രാഹുൽ അമേഠി ഒഴിഞ്ഞാൽ പ്രിയങ്കയെ അവിടെ നിർത്തുന്നതും പാർട്ടി പരിഗണിച്ചേക്കും. വാരാണസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്കു പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നതു തങ്ങൾക്കു നേട്ടമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മോദി മത്സരിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വാരണണാസി ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുമ്പ് മുരളി മനോഹർ ജോഷിയുടെ മണ്ഡലം എന്ന നിലയിൽ പ്രശസ്തമായിരുന്നു ഇവിടം. പക്ഷേ മോദി എത്തിയതോടെയാണ് വാരണാസി ഏറ്റവും പ്രശസ്തമാകുന്നത്.

രാജ്യമൊട്ടാകെ ബിജെപി തരംഗമുയർത്തിയ അവസരത്തിലാണ് മോദി ഇവിടെ കുതിപ്പ് തുടങ്ങിയത്. ഇത്തവണ വാരണാസിയിലേക്ക് ഉറ്റ് നോക്കുമ്പോഴും മോദിക്ക് കാര്യമായ എതിരാളികൾ ഇവിടെയില്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രതിച്ഛായ അത്രമേൽ ശക്തമാണ് ഇവിടെ. 371784 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മോദിക്ക് ലഭിച്ചത്. പ്രധാന എതിരാളി അരവിന്ദ് കെജ്രിവാൾ ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രിയങ്ക എത്തിയാൽ മോദിക്ക് മത്സരം കടുത്ത വെല്ലുവിളി നിറഞ്ഞതാകും. ഇന്ദിരാ ഗാന്ധിയുടെ മുഖഭാവവുമായി പ്രിയങ്ക വാരണാസിയിൽ എത്തിയാൽ ഇവിടെ അട്ടിമറി പോലും സാധ്യമാകും. ബി എസ് പിയും എസ് പിയും ആത്മാർത്ഥമായി പിന്തുണച്ചാൽ മോദിയെ പ്രിയങ്ക തോൽപ്പിക്കുമെന്നാണ് യുപിയിലെ കോൺഗ്രസ് ഘടകവും വിലയിരുത്തുന്നത്.

ഭൂമിശാസ്ത്രപരമായ അഞ്ച് ജില്ലകളുമായി അതിർത്തി പങ്കിടുന്നുണ്ട് വാരണാസി. അസംഗഡ്, മൗ, ജൗൻപൂർ, ഗസ്സിപൂർ, ചന്ദൗലി എന്നിവയാണ് ഇത്. എട്ട് ലോക്സഭാ മണ്ഡലങ്ങളാണ് ഇവിടുള്ളത്. പിന്ദ്ര, അജഗര, ശിവ്പൂർ, റൊഹാനിയ, വാരണാസി നോർത്ത്, വാരണാസി സൗത്ത്, വാരണാസി കാന്റ്, സേവാപുരി എന്നിവയാണ് മണ്ഡലങ്ങൾ. 1,030685 പേർ 2014ൽ ഇവിടെ വോട്ട് ചെയ്തെന്നാണ് കണക്ക്. മണ്ഡലത്തിൽ 9,86224 പുരുഷ വോട്ടർമാരും 7,81262 വനിതാ വോട്ടർമാരുമാണ് ഉള്ളത്. ഇതിൽ വനിതാ വോട്ടർമാർ പ്രിയങ്ക എത്തിയാൽ മോദിയെ കൈവിടുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. 1991 മുതൽ ആറ് തവണയാണ് ബിജെപി ഇവിടെ വിജയിച്ചത്. ഒരിക്കൽ മാത്രമാണ് ഇക്കാലയളവിൽ കോൺഗ്രസ് വാരണാസിയിൽ വിജയിച്ചിട്ടുള്ളത്. 1991ൽ ശ്രീഷ് ചന്ദ്ര ദീക്ഷിതിലൂടെയാണ് ബിജെപി ഇവിടെ തേരോട്ടം തുടങ്ങിയത്. പിന്നീട് തുടർച്ചയായ മൂന്ന് തവണ ശങ്കർ പ്രസാദ് ജെസ്വാളിലൂടെ ബിജെപി കുതിപ്പ് തുടർന്നു. എന്നാൽ 2004ൽ രാജേഷ് കുമാർ മിശ്രയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചെങ്കിലും, കഴിഞ്ഞ പത്തുകൊല്ലമായി ഇത് ബിജെപിക്കൊപ്പമാണ്. 2004ലെ വിജയം പ്രിയങ്ക സ്ഥാനാർത്ഥിയായാൽ ഇത്തവണയും നേടാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം മാറും. സമാജ്വാദി പാർട്ടി ബിഎസ്‌പി സഖ്യും പ്രിയങ്കയ്‌ക്കൊപ്പം അണിനിരന്നാൽ നല്ലൊരു മത്സരം മോദി നേരിടേണ്ടി വരും. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ട് ഇവർ നേടിയിരുന്നു. പക്ഷേ കഴിഞ്ഞ തവണ കെജ്രിവാൾ നേടിയ വോട്ടിനൊപ്പം ഇവരുടെ വോട്ടുകൾ ചേർന്നാലും മോദി നേടിയ വോട്ടുകളുടെ അടുത്തെത്തില്ല. എന്നാൽ പ്രിയങ്ക എത്തുമ്പോൾ ഈ കണക്കെല്ലാം മാറിമറിയുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP