Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ കോൺഗ്രസ് പ്രിയങ്കയെ രംഗത്തിറക്കുന്നു; നിയമസഭാതെരഞ്ഞെടുപ്പിനുശേഷം തീരുമാനം; രാഹുലിനെ ഒതുക്കുന്നതിന് തുല്യമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ കോൺഗ്രസ് പ്രിയങ്കയെ രംഗത്തിറക്കുന്നു; നിയമസഭാതെരഞ്ഞെടുപ്പിനുശേഷം തീരുമാനം; രാഹുലിനെ ഒതുക്കുന്നതിന് തുല്യമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

ന്യൂഡൽഹി: പാർട്ടി നേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധിയെ എത്തിച്ച് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ കോൺഗ്രസിന്റെ ശ്രമം. ഉത്തർപ്രദേശിൽ അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ തലപ്പത്ത് പ്രിയങ്കയെ പ്രതിഷ്ഠിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ വാക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ജനാർദൻ ദ്വിവേദിയാണ് എഐസിസി ജനറൽ സെക്രട്ടറി. പ്ലാൻ ബി എന്ന് പേരിട്ട നീക്കത്തിലൂടെ പ്രിയങ്കയെ തലപ്പത്തെത്തിക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. ജനറൽ സെക്രട്ടറി സ്ഥാനമോ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനമോ പ്രിയങ്കയ്ക്ക് നൽകണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രിയങ്കയുടേതുതന്നെ ആയിരിക്കും.


സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സമ്മതിച്ചാൽ തന്നെ പ്രിയങ്ക വഴങ്ങുമോയെന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തുതന്നെ നേതൃത്വത്തിലേക്ക് വരുന്ന കാര്യത്തിൽ പ്രിയങ്ക എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് കോൺഗ്രസിനുള്ളിൽ നിന്ന് നേതാക്കൾ രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ ദിവസംതന്നെ രാഹുലിനെ എതിർത്തും പ്രിയങ്കയെ അനുകൂലിച്ചും മുദ്രാവാക്യം മുഴക്കി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പ്രിയങ്ക നേതൃത്വത്തിലേക്ക് വന്നാൽ അത് രാഹുലിനെ ഒതുക്കുന്നതിന് തുല്യമാകുമെന്ന വാദം കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള തീരുമാനങ്ങളൊന്നും ഉണ്ടാകില്ലെന്ന വാദവും ചില നേതാക്കൾക്കുണ്ട്.

രാഹുൽ ഗാന്ധിയുടെ അധികാരങ്ങൾക്ക് മാറ്റം സംഭവിക്കാത്ത രീതിയിലാകണം പ്രിയങ്കയുടെ നേതൃത്വത്തിലേക്ക് വരേണ്ടത് എന്ന നിർബന്ധം ഏതു രീതിയിൽ പ്രതിഫലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പോടെ അറിയാനാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് വെല്ലുവിളി സൃഷ്ടിക്കാൻ പ്രിയങ്കയ്‌ക്കേ കഴിയൂ എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് അമിത് ഷാ ആയിരുന്നു. രാഹുൽ ഗാന്ധിയുടെ പദ്ധതികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ പരാജയമായിരുന്നുവെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80ൽ 71 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP