Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസുകാർ ആരെയെങ്കിലും തടഞ്ഞാൽ അവരെ പ്രത്യേകം വിളിപ്പിച്ച് കൈകൊടുത്ത് സംസാരം; ഇടയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലും; നെഹ്‌റുവിന്റെ മണ്ഡലത്തിൽ എത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ കൂട്ടുകാരിയായി; രൂപസാദൃശ്യം മാത്രമല്ല മുത്തശ്ശി ഇന്ദിരയുടെ പ്രവർത്തന ശൈലിയും കടംകൊണ്ട് ജനമനസ്സുകൾ കീഴടക്കി പ്രിയങ്കാ ഗാന്ധി; ഗംഗാപ്രയാണം വാരണാസിയിൽ എത്തിയപ്പോൾ മോദിക്കെതിരെ വിമർശനശരങ്ങൾ തൊടുത്ത നേതാവിനെ യുപിയിൽ എല്ലായിടത്തും പ്രചരണത്തിന് ഇറക്കാൻ കോൺഗ്രസ്

പൊലീസുകാർ ആരെയെങ്കിലും തടഞ്ഞാൽ അവരെ പ്രത്യേകം വിളിപ്പിച്ച് കൈകൊടുത്ത് സംസാരം; ഇടയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലും; നെഹ്‌റുവിന്റെ മണ്ഡലത്തിൽ എത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ കൂട്ടുകാരിയായി; രൂപസാദൃശ്യം മാത്രമല്ല മുത്തശ്ശി ഇന്ദിരയുടെ പ്രവർത്തന ശൈലിയും കടംകൊണ്ട് ജനമനസ്സുകൾ കീഴടക്കി പ്രിയങ്കാ ഗാന്ധി; ഗംഗാപ്രയാണം വാരണാസിയിൽ എത്തിയപ്പോൾ മോദിക്കെതിരെ വിമർശനശരങ്ങൾ തൊടുത്ത നേതാവിനെ യുപിയിൽ എല്ലായിടത്തും പ്രചരണത്തിന് ഇറക്കാൻ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: യുപിയിലെ ബിജെപിയുടെ തേരോട്ടത്തിന് ഇക്കുറി കടിഞ്ഞാണിടാൻ മായാവതിയും അഖിലേഷും മാത്രമല്ല ശക്തമായ വെല്ലുവിളി തന്നെയാകും കോൺഗ്രസുമെന്ന് ഉറപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഗംഗാപ്രയാണം.

പ്രിയങ്കയുടെ ഗംഗായാത്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ എത്തിയതോടെ ബിജെപിക്ക് നെഞ്ചിടിപ്പേറുകയാണ് വനിതാ കോൺഗ്രസ് നേതാവിന്റെ ശക്തമായ പ്രകടനത്തിൽ. നരേന്ദ്ര മോദിയെ തന്നെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം കോൺഗ്രസ് നേതാക്കൾ ഇതുവരെ കടന്നുപോകാത്ത പ്രദേശങ്ങളിലൂടെയാണ് പ്രിയങ്കയുടെ ഗംഗാതീരത്തുകൂടെയുള്ള പ്രയാണം.

അതുതന്നെയാണ് ബിജെപിക്ക് ഈ പര്യടനം തലവേദനയാകുന്നതും. കിഴക്കൻ യുപിയുടെ ചുമതലയുമായാണ് കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ അവരോധിച്ചത്. പക്ഷേ, യുപിയിൽ ആകമാനം സംഘടനയെ ശക്തിപ്പെടുത്താനുള്ള തുടക്കമാണ് പ്രിയങ്കയുടെ സ്വപ്‌നമെന്ന് വ്യക്തമായിക്കഴിഞ്ഞു.

ഇതിനായുള്ള ഓരോ ചുവടുവയ്‌പ്പും ഇക്കുറി തിരഞ്ഞെടുപ്പിൽ വലിയതോതിൽ പ്രകടമായില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ ഒരുകാലത്ത് തങ്ങളുടെ തട്ടകമായിരുന്ന യുപി പ്രിയങ്ക കോൺഗ്രസിന് വേണ്ടി തിരിച്ചുപിടിക്കുമെന്ന വിലയിരുത്തലുകളാണ് ഇതോടെ വരുന്നത്.

മോദിയുടെ തട്ടകത്തിൽ വലിയ വെല്ലുവിളി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നടന്ന റാലിയിൽ പ്രിയങ്കയെ കാണാനും പ്രസംഗം കേൾക്കാനും പതിനായിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. സമാനമായ സ്ഥിതിയിൽ വൻ ജനപങ്കാളിത്തമാണ് ഗംഗായാത്രയിലും ഉണ്ടായത്. ഇത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു. യുപിയിൽ ഇപ്പോഴും കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ പര്യടനമെന്നാണ് വിലയിരുത്തൽ.

മോദിയുടെ മണ്ഡലമായ വാരണാസിയിൽ മൂന്നാംദിവസം പര്യടനം എത്തിയതോടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ ശക്തമായ വിമർശനമാണ് പ്രിയങ്ക ഉന്നയിക്കുന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് മോദിയെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്കയുടെ ഗംഗായാത്ര മോദിയുടെ മണ്ഡലമായ വാരണസിയിലെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നടക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പബ്‌ളിസിറ്റി മിനിസ്റ്റേഴ്‌സ് ഓഫീസായെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണെന്ന് ഗംഗായാത്രയുടെ മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ പ്രിയങ്ക പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കമാണ് മോദി നടത്തുന്നത്. ഇതിനെ ചെറുത്തുതോൽപ്പിക്കുമെന്നും അവർ പറഞ്ഞു. ബനാറസിലെ രാം നഗർ ഘട്ടിൽ നിന്ന് ആരംഭിച്ച യാത്ര ഗംഗയിലൂടെയാണ് വാരണസിയിലേക്ക് കടന്നത്. ഇന്ന് പ്രിയങ്ക കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തും.

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ഗംഗാ യാത്ര ഇന്ന് സമാപിക്കും. ഗംഗായാത്ര കിഴക്കൻ ഉത്തർപ്രദേശിൽ വലിയ ചലനമുണ്ടാക്കി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

പ്രധാന ലക്ഷ്യം പാർട്ടി സംവിധാനം ശക്തമാക്കൽ

ഈ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല താൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രിയങ്കയുടെ ഗംഗാപ്രയാണം. യുപിയിൽ നിലവിൽ രണ്ടു സീറ്റാണ് കോൺഗ്രസിനുള്ളത്. 80 സീറ്റുള്ള സംസ്ഥാനത്ത് ഇക്കുറി തന്നെ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രിയങ്ക സൂചന നൽകുന്നുണ്ട്. രണ്ടുസീറ്റ് രണ്ടക്കത്തിലേക്ക് കടക്കുമെന്ന തരത്തിലാണ് പാർട്ടിയും പ്രിയങ്കയുടെ ഇടപെടലുകളെ വിലയിരുത്തുന്നത്. പ്രിയങ്കയുടെ ഗംഗാപ്രയാണവും കാൽനട യാത്രയുമെല്ലാം ദീർഘകാലമായി ഉറങ്ങിക്കിടന്ന പാർട്ടി അണികളെ ഉണർത്തിക്കഴിഞ്ഞു.

നെഹ്‌റുവിന്റെയും ഇന്ദിരയുടെയും തട്ടകമായിരുന്നു യുപി. ഇത്തരത്തിൽ കോൺഗ്രസിന്റെ പാരമ്പര്യം ഉണ്ടായിരുന്ന മണ്ണിൽ ഇപ്പോഴും ജനങ്ങൾക്ക് ആ വികാരമുണ്ടെന്ന് പ്രിയങ്കയുടെ സന്ദർശനത്തിൽ ലഭിച്ച സ്വീകരണം തന്നെ തെളിവ്. പ്രിയങ്ക യുപിയിൽ തുടർന്നാൽ ജനം കൂടെയുണ്ടാവുമെന്ന് ഇപ്പോൾതന്നെ കോൺഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു.

വമ്പൻ പ്രചാരണയോഗങ്ങളല്ല പ്രിയങ്ക ഉന്നമിടുന്നത്. ഈ ഗംഗായാത്രയിൽ ഉടനീളം ഇതുവരെ മുൻനിര രാഷ്്ട്രീയക്കാർ കടന്നുചെല്ലാത്ത, ഗംഗാതീരത്തെ ദളിത് പിന്നോക്ക മേഖലകളിലായിരുന്നു പ്രിയങ്കയുടെ സന്ദർശനം. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകൾ ഇത്തരത്തിൽ പലയിടത്തും നടന്നു. പാർട്ടി സംഘങ്ങൾ മാത്രമല്ല, അങ്കണവാടി ജീവനക്കാരും തൊഴിലുറപ്പുകാരുമെല്ലാം പ്രിയങ്കയ്ക്ക് പിന്നാലെ അണിനിരന്നു. എവിടെയാണോ തങ്ങുന്നത് അവിടെ ആർക്കുവേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് പ്രിയങ്ക അവസരമൊരുക്കുന്നു. കോൺഗ്രസിന്റെ ശക്തിയും പോരായ്മയും മുതൽ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണം വരെ ചോദിച്ചു മനസ്സിലാക്കുന്നു.

ഇത്തരത്തിൽ പ്രിയങ്ക കരുത്തുറ്റ സാന്നിധ്യമായി മാറുന്നതോടെ യുപിയിൽ എല്ലാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കുന്ന കാര്യവും ആലോചിക്കുകയാണ് കോൺഗ്രസ്. 80 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കാനുള്ള ആലോചനകളിലാണ് പാർട്ടി. റായ്ബറേലിയിലെ മുതിർന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡൽഹിയിൽ നിന്നു പ്രത്യേക ദൗത്യസംഘവും ലക്‌നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. യുപിയിലെ പ്രധാന നേതാക്കളെക്കുറിച്ചു പഠിച്ച ഇവരുടെ റിപ്പോർട്ട് സ്ഥാനാർത്ഥി നിർണയത്തിലടക്കം പ്രിയങ്ക പരിഗണിക്കുന്നുമുണ്ട്.

വേറിട്ട ശൈലിയുമായി ഇന്ദിരയുടെ പേരമകൾ

ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യം മാത്രമല്ല, മറിച്ച് അവരുടെ പ്രവർത്തന ശൈലിയും ഏതാണ്ട് കടംകെണ്ടാണ് പ്രിയങ്ക ജനങ്ങൾക്ക് ഇടയിലേക്ക് എത്തുന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇറങ്ങുന്നതും അടുത്തുകിട്ടുന്നവരോടു പുഞ്ചിരിതൂകിയും കൈപിടിച്ചും സംസാരിച്ചുമെല്ലാം ആണ് പ്രിയങ്ക ജനങ്ങളെ കയ്യിലെടുക്കുന്നത്. അടുത്തുവരാൻ നോക്കുന്നവരെ പൊലീസ് തടയുന്നതു കണ്ടാൽ അവരെ ആളെ വിട്ടുതന്നെ വിളിപ്പിച്ച് സംസാരിക്കും. കുട്ടികളുടെ കൈപിടിച്ചും കൈക്കുഞ്ഞുങ്ങൾക്ക് മുത്തംകൊടുത്തുമെല്ലാം ആണ് ഇടപെടലുകൾ.

നെഹ്‌റു കുടുംബത്തിന്റെ ഓർമകൾ പേറുന്ന ആനന്ദ് ഭവനിൽ നിന്നു പ്രയാഗ്രാജിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പാലഭിഷേകവും പൂജയും ചെയ്തായിരുന്നു തുടക്കം ഗംഗായാത്രയുടെ തുടക്കം. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ശീലംതന്നെയാണ് ഇതെന്ന് കോൺഗ്രസ് പ്രവർത്തകരും പറയുന്നു. ഇന്ദിരാജിയുടെ പടം ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ നിന്നു കളറായെന്നേയുള്ളു എന്നാണ് മൊബൈലിൽ രണ്ടു ചിത്രവും കാട്ടി യുപി പിസിസി അധ്യക്ഷൻ രാജ് ബബ്ബർ പ്രിയങ്ക കേൾക്കെ തന്നെ പറയുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ അലഹബാദിലെ മനിയയിലേക്കുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കിയ പ്രവർത്തകർ കഴിഞ്ഞദിവസം മുന്നിൽ പ്രിയങ്കയാണോ ഇന്ദിരയാണോ എന്നു സംശയിക്കുംപോലെ ഇരുവർക്കും സിന്ദാബാദ് വിളിക്കുകയും ചെയ്തു.

ഇതിനിടെ ബോട്ടുവഴിയുള്ള യാത്രയ്ക്കിടെയും ഇലക്ഷൻ ചർച്ചകളുടെ തിരക്കിലായിരുന്നു പ്രിയങ്ക. ബോട്ടിൽ വിദ്യാർത്ഥികളുമായി ബോട്ട് പേ ചർച്ച ! മുത്തച്ഛൻ ജവാഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായ ഫുൽപുറിന്റെ ഭാഗമായ ധുംധുമയിൽ പ്രിയങ്ക ഏറെക്കാലത്തിന് ശേഷം നാട്ടിലെത്തുന്ന നാട്ടുകാരിയും കൂട്ടുകാരിയുമായി. ദരിദ്രരായ കർഷകരും മൽസ്യത്തൊഴിലാളികളും എല്ലാം ചുറ്റും കൂടി. ഇത്തരത്തിൽ ഓരോയിടത്തും നാട്ടുകാരുമായി അടുത്ത് ഇടപഴകിയാണ് പ്രിയങ്കയുടെ പ്രയാണം വാരണാസിയിൽ എത്തിയത്.

3 ദിവസം പ്രിയങ്ക ഗാന്ധി 130 കിലോമീറ്റർ ഗംഗയിലൂടെ ബോട്ട് യാത്ര നടത്തി. കിഴക്കൻ യുപിയിലെ ഓരോ മണ്ഡലത്തിലെയും ഒരു സ്ഥലത്തെങ്കിലും പ്രിയങ്കയെത്തുന്ന രീതിയിലായിരുന്നു പര്യടനം ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികളുമായുള്ള സംവാദം, സാമുദായിക തൊഴിൽ വിഭാഗങ്ങളുമായുള്ള ആശയവിനിമയം, മതപുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ച എന്നിവയും നടന്നു. ഏതായാലും ഈ പുത്തൻ ഉണർവിന്റെ വെളിച്ചത്തിലാണ് യുപിയിലെ മറ്റിടങ്ങളിലും പ്രിയങ്കയെ എത്തിക്കാൻ പാർട്ടി ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP