Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഗ്ലക് ലൈനിലെ രാഹുലിന്റെ വസതിയിൽ ഇപ്പോഴും കൂടിയാലോചനകൾ തുടരുന്നു; രാഹുലിനെ കാണാൻ എത്തി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുമെന്ന നിലപാടിൽ തുടരുന്ന രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ ശ്രമം തുടരുന്നു; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്തുക എളുപ്പകാര്യമല്ലെന്ന് നേതാക്കൾ; രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്; ബിജെപി കെണിയിൽ വീഴുന്നതിന് തുല്യമെന്ന് ലാലു പ്രസാദ് യാദവും

തുഗ്ലക് ലൈനിലെ രാഹുലിന്റെ വസതിയിൽ ഇപ്പോഴും കൂടിയാലോചനകൾ തുടരുന്നു; രാഹുലിനെ കാണാൻ എത്തി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുമെന്ന നിലപാടിൽ തുടരുന്ന രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ ശ്രമം തുടരുന്നു; പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്തുക എളുപ്പകാര്യമല്ലെന്ന് നേതാക്കൾ; രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ വിമർശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്; ബിജെപി കെണിയിൽ വീഴുന്നതിന് തുല്യമെന്ന് ലാലു പ്രസാദ് യാദവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ തുഗ്ലക് ലൈനിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ മുതിർന്ന നേതാക്കൾ തമ്മിൽ ചർച്ചകൾ തുടരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതും ഇതിനെ തുടർന്ന് തീരുമാനത്തിൽ നിന്നും പിന്മാറുന്നില്ലെന്നുമുള്ള രാഹുലിന്റെ നിലപാടുമാണ് ചർച്ചയാകുന്നത്. നേരത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി രാഹുലിന്റെ രാജിസന്നദ്ധത തള്ളിയിരുന്നു. തുടർന്ന് സംഘടനയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി.

ഇന്ന് ഡൽഹിയിലെ തുഗ്ലക് ലൈനിലെ രാഹുലിന്റെ വസതിയിൽ ഇപ്പോഴും കൂടിയാലോചനകൾ തുടരുകയാണ്. സച്ചിൻ പൈലറ്റും പ്രിയങ്ക ഗാന്ധിയും അശോക് ഗെലോട്ടും അടക്കമുള്ള നേതാക്കൾ രാഹുലിനെ കാണാനെത്തി. രാജി തീരുമാനത്തിൽ നിന്നും രാഹുലിനെ പിന്തിരിപ്പിക്കുക എന്നതു തന്നെയായിരുന്നു ഇവരുടെ ലക്ഷ്യവും. സംഘടന ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് ഉറപ്പ് നൽകി.

പവർത്തക സമിതി യോഗത്തിൽ പ്രഖ്യാപിച്ച രാജി തീരുമാനത്തിൽ ഉറച്ചു നിന്ന രാഹുൽ ഗാന്ധി 4 ദിവസം ആരുമായും ഇക്കാര്യം ചർച്ച ചെയ്യാൻ തയാറായില്ല. ഇന്നു രാവിലെ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയസംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് മുന്നിൽ രാഹുൽ വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ കാണാനെത്തി. പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുമ്പോൾ ദേശീയ നേതൃത്വം ദുർബലമാകുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നേതാക്കൾ രാഹുലിനോട് പറഞ്ഞു. പുതിയൊരു അധ്യക്ഷനെ എളുപ്പത്തിൽ കണ്ടെത്തൽ പ്രായോഗികമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

മറ്റൊരു നേതാവിനെ കണ്ടെത്താൻ കഴിയും വരെ തുടരണമെന്ന കൂട്ടായ അഭ്യർത്ഥന രാഹുൽ അംഗീകരിച്ചെന്നാണ് വിവരം. വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നത് അടക്കമുള്ള സാധ്യതകൾ പാർട്ടി പരിശോധിച്ചേക്കും. രാഹുൽ അധ്യക്ഷ സ്ഥാനത്തു തുടർന്ന് സംഘടനയെ ചലിപ്പിക്കേണ്ട കൂടുതൽ ചുമതലകൾ വർക്കിങ് പ്രസിഡന്റുമാർക്ക് നൽകാനാണ് ആലോചന. രാഹുൽ ഗാന്ധിയുടെ നിലപാട് ആത്മഹത്യാപരമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. ശത്രുക്കൾക്ക് അധിക്ഷേപം ചൊരിയാൻ അവസരമൊരുക്കരുതെന്ന് പറഞ്ഞ ലാലു ഒരു തിരഞ്ഞെടുപ്പ് ഫലം എല്ലാത്തിന്റെയും അവസാനമല്ലെന്നും രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചു.

സ്ഥാനമൊഴിയാനുള്ള തന്റെ തീരുമാനത്തിൽനിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോയിട്ടില്ല. എങ്കിലും തീരുമാനം പുനഃപരിശോധിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധിയിൽ ശ്രമം സമ്മർദം തുടരുകയാണ്. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി നിർബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിൽനിന്നല്ലാതെ പാർട്ടിയെ നയിക്കാൻ പുതിയ ആൾ വരണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. അധ്യക്ഷ പദവി ഒഴിഞ്ഞാലും പാർട്ടിയുടെ മുൻനിരയിൽ താൻ സജീവമായി ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടർന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാൻ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയിൽ സമ്മർദം ചെലുത്തുന്നുണ്ട്.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് സൂപ്പർ താരം രജനീകാന്തും രംഗത്തുവന്നു. രാഹുൽ കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയരുതെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. രാജിവെക്കുകയല്ല, മുന്നോട്ടുപോയി കരുത്തു കാട്ടുകയാണ് വേണ്ടത്. തമിഴ്‌നാട്ടിൽ മോദി തരംഗമില്ല. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും രജനീകാന്ത് അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വിജയമാണ്. കരിസ്മാറ്റിക് നേതാവാണ് മോദി. ജവാഹർ ലാൽ നെഹ്രുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയും കരിസ്മാറ്റിക് ആയ നേതാവ് നരേന്ദ്ര മോദിയാണെന്നും രജനീകാന്ത് ചെന്നൈയിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് തമിഴ് നാട്ടിലെ സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളുമായ രജനീകാന്ത്, കമൽ ഹാസൽ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കമൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP