Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാനൊരുങ്ങി ബിഹാർ; നിതീഷ് കുമാറിനെ മഹാ സഖ്യത്തിലേക്ക് ക്ഷണിച്ച് റാബ്‌റി ദേവി; സംസ്ഥാനത്തെ 40ൽ 39 സീറ്റുകളും ബിജെപി-ജെഡിയു സഖ്യം നേടിയിട്ടും മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് ഉടക്കി നിൽക്കുന്ന ജെഡിയുവിനായി വാതിലുകൾ തുറന്നിട്ട് ആർജെഡി

രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാനൊരുങ്ങി ബിഹാർ; നിതീഷ് കുമാറിനെ മഹാ സഖ്യത്തിലേക്ക് ക്ഷണിച്ച് റാബ്‌റി ദേവി; സംസ്ഥാനത്തെ 40ൽ 39 സീറ്റുകളും ബിജെപി-ജെഡിയു സഖ്യം നേടിയിട്ടും മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് ഉടക്കി നിൽക്കുന്ന ജെഡിയുവിനായി വാതിലുകൾ തുറന്നിട്ട് ആർജെഡി

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു. നിതീഷ് കുമാർ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ആർജെഡി നേതാവ് റാബ്‌റി ദേവി. ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായനിതീഷ് കുമാർ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതിൽ എതിർപ്പില്ലെന്നാണ് റാബ്‌റി ദേവി പറഞ്ഞത്. അതേസമയം നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വീകരിക്കണമോയെന്ന് ആർജെഡിയിലെ മുതിർന്ന നേതാക്കൾ തീരുമാനിക്കുമെന്നും റാബ്‌റി ദേവി പറഞ്ഞു.

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു. ബിജെപിക്ക് എതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ ആകെയുള്ള 40 സീറ്റുകളിൽ 39 ഉം ബിജെപി ജെഡിയു സഖ്യം നേടിയിരുന്നു.

എന്നാൽ പുതിയ എൻഡിഎ സർക്കാർ രൂപീകരണ കാലത്ത് ജെഡിയു മൂന്ന് മന്ത്രിസ്ഥാനം കേന്ദ്രമന്ത്രി സഭയിൽ ആവശ്യപ്പെട്ടെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്. ഇതിനെതുടർന്ന് മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം ജെഡിയുവിൽ നിന്നും ആരും മന്ത്രിയായില്ല.

മോദി മന്ത്രിസഭയിൽ ജെഡിയുവിന് വേണ്ട പരിഗണന ലഭിക്കാത്തതിൽ നിതീഷ് കുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ബീഹാറിൽ എൻഡിഎ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എൻഡിഎയ്ക്ക് വോട്ട് ചെയ്തതെന്നും നിതീഷ് കുമാർ പിന്നാലെ പറഞ്ഞിരുന്നു. കൂടാതെ ബിജെപി നേതാക്കൾക്ക് പ്രാതിനിധ്യം നൽകാതെ എട്ട് ജെഡിയു നേതാക്കളെ മാത്രം ഉൾപ്പെടുത്തി നിതീഷ് കുമാർ മന്ത്രിസഭ വിപുലീകരിച്ചതോടെ ബിജെപിയുമായി നിതീഷ് കുമാർ അകലുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റിൽ 31 എണ്ണവും ബിജെപിയും സഖ്യകക്ഷികളുമാണ് നേടിയത്. ബിജെപിക്കുമാത്രമായി 22 സീറ്റ് കിട്ടിയിരുന്നു. നിതീഷ്‌കുമാറിന്റെ ജെഡിയു രണ്ട് സീറ്റിൽ ഒതുങ്ങി. ആർജെഡിക്ക് നാലും കോൺഗ്രസിന് രണ്ടും സീറ്റ് ലഭിച്ചു. എൻസിപി ഒരിടത്ത് ജയിച്ചു. 2009ൽ ജെഡിയു-20, ബിജെപി-12, ആർജെഡി-നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2004ൽ ആർജെഡി സഖ്യത്തിനായിരുന്നു മേൽക്കൈ-21 സീറ്റ്. ബാക്കിയുള്ളവ ജെഡിയു-ബിജെപി സഖ്യവും നേടി.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് 2013ൽ നിതീഷ്‌കുമാർ എൻഡിഎ വിട്ടത്. ഗുജറാത്ത് വംശഹത്യക്ക് ഉത്തരവാദിയായ മോദിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിതീഷ്‌കുമാർ അന്ന് നിലപാടെടുത്തത്. ഇതേത്തുടർന്ന് ബിഹാറിൽ ബഹുകോണമത്സരമാണ് 2014ൽ നടന്നത്. രാംവിലാസ് പസ്വാന്റെ എൽജെപി, ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്‌പി എന്നിവയുമായി സഖ്യമുണ്ടാക്കിയ ബിജെപി ബിഹാറിൽ വൻ വിജയം നേടി. 38 ശതമാനം വോട്ടാണ് എൻഡിഎയ്ക്ക് കിട്ടിയതെങ്കിലും ബിജെപിക്കും കൂട്ടർക്കും കൂടുതൽ സീറ്റുകളിൽ ജയിക്കാനായി. ആർജെഡിക്ക് 20 ശതമാനവും ജെഡിയുവിന് 16 ശതമാനവും കോൺഗ്രസിന് 8.4 ശതമാനവും വോട്ട് ലഭിച്ചിരുന്നു.

ഈ കണക്കാണ് 2015ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം നിലവിൽവരുന്നതിന് പ്രേരകമായത്. വൈരങ്ങൾ മറന്ന് ആർജെഡിയും ജെഡിയുവും കൈകോർത്തു. കോൺഗ്രസ് ഇവർക്കൊപ്പം ചെറിയ ഘടകകക്ഷിയായി ചേർന്നു. മഹാസഖ്യത്തിന് 42 ശതമാനം വോട്ടും ഭൂരിപക്ഷം സീറ്റും ലഭിച്ചു (ജെഡിയു-71, ആർജെഡി-80, കോൺഗ്രസ്-27). എൻഡിഎയ്ക്ക് 34.1 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ബിജെപിക്ക് 53 സീറ്റും ഘടകകക്ഷികൾക്ക് അഞ്ച് സീറ്റും.

നിതീഷ്‌കുമാർ വീണ്ടും മുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ മകൻ തേജസ്വി യാദവ് ഉപ മുഖ്യമന്ത്രിയുമായി. പക്ഷേ, നിതീഷ്‌കുമാർ മഹാസഖ്യം വിട്ട് ബിജെപിയുമായി ചേർന്നു. 2017 ജൂലൈ 27ന് നിതീഷ് ആറാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്നത് ബിജെപിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം മത്സരിച്ച് കേന്ദ്ര ഭരണം പിടിച്ചെങ്കിലും മന്ത്രിസ്ഥാനത്തിന്റെ എണ്ണം സംബന്ധിച്ച് രണ്ടു പാർട്ടികൾക്കുമിടയിൽ അകൽച്ച ആരംഭിക്കുകയയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP