Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുപിഎ സർക്കാർ ഒരു വിമാനത്തിന്റെ വില 1705 കോടിയായി ഉറപ്പിച്ചപ്പോൾ മോദി 1646 കോടിയായി കുറച്ചു; ഒരോ വിമാനത്തിനും 59 കോടി വീതം 2124 കോടി ലാഭിച്ച മോദി സർക്കാരിനെ അഴിമതിക്കാരൻ ആക്കുന്നത് എന്തുകൊണ്ട്? രാഹുലിന്റെ പ്രധാന തന്ത്രത്തിന് തിരിച്ചടി നൽകിക്കൊണ്ടുള്ള രേഖകൾ പുറത്ത്; രാഹുലിനെ വിമർശിച്ച് അംബാനി എഴുതിയ കത്തും പുറത്തായി

യുപിഎ സർക്കാർ ഒരു വിമാനത്തിന്റെ വില 1705 കോടിയായി ഉറപ്പിച്ചപ്പോൾ മോദി 1646 കോടിയായി കുറച്ചു; ഒരോ വിമാനത്തിനും 59 കോടി വീതം 2124 കോടി ലാഭിച്ച മോദി സർക്കാരിനെ അഴിമതിക്കാരൻ ആക്കുന്നത് എന്തുകൊണ്ട്? രാഹുലിന്റെ പ്രധാന തന്ത്രത്തിന് തിരിച്ചടി നൽകിക്കൊണ്ടുള്ള രേഖകൾ പുറത്ത്; രാഹുലിനെ വിമർശിച്ച് അംബാനി എഴുതിയ കത്തും പുറത്തായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും ബിജെപി സർക്കാരിനെതിരെയുള്ള വജ്രായുധമായിരുന്നു റാഫേൽ ഇടപാട്. ഫ്രാൻസുമായി കേന്ദ്ര സർക്കാരുണ്ടാക്കിയ നേരിട്ടുള്ള ഇടപാടിലെ അഴിമതികൾ ചർച്ചയാക്കി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു രാഹുലിന്റെ ശ്രമം. ഇതിന് തിരിച്ചടി നൽകി പ്രധാനമന്ത്രി മോദിയുടെ ബ്രഹ്മാസ്ത്ര പ്രയോഗം. റാഫേൽ ഇടപാടിലെ രേഖകൾ പുറത്തുവിട്ടാണ് രാഹുലിന്റെ അഴിമതിക്കഥയെ മോദി ചെറുക്കുന്നത്. ഒപ്പം അനിൽ അംബാനിയുടെ കത്തും ചർച്ചയാക്കി. ഇതോടെ റാഫേൽ ഇടപാടിൽ ഇനി രാഹുൽ എന്ത് പറയുമെന്നതാണ് നിർണ്ണായകം. അതിനിടെ ഇടപാടുമായി ബന്ധപ്പെട്ട് മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്തായി.

റഫേൽ പോർ വിമാന ഇടപാടിൽ യുപിഎ സർക്കാരിന്റെ കാലത്തെ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ നരേന്ദ്ര മോദി സർക്കാർ ഓരോ വിമാനത്തിന്മേലും 59 കോടി രൂപ ലാഭിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തയ്യാറാക്കിയ രേഖയിലാണ് ഈ വെളിപ്പെടുത്തൽ. ആയുധങ്ങളുടെ വില, പരിപാലനം, സ്റ്റിമുലേറ്ററുകൾ, അറ്റകുറ്റപണികൾ, സാങ്കേതിക സഹായം എന്നിവയെല്ലാം കണക്കാക്കിയാൽ മോദി സർക്കാരിന്റെ കാലത്ത് ഒരു റഫാൽ വിമാനത്തിന്റെ വില 1,646 രൂപയാണ്. എന്നാൽ യുപിഎ ഭരണകാലത്ത് നടത്തിയ വിലപേശൽ അനുസരിച്ച് യൂണിറ്റ് ഒന്നിന് 1,705 കോടി രൂപയാകുമായിരുന്നു. അതായത് മോദിയുണ്ടാക്കിയത് വലിയ നേട്ടമാണെന്ന് വേണം വിലയിരുത്തൽ.

യുപിഎ കാലത്ത് വിലപേശിയിരുന്ന അതേവിമാനങ്ങളുമായി മോദി സർക്കാർ മുന്നോട്ടു പോയിരുന്നെങ്കിൽ 255 കോടി അധിക ബാധ്യത വരുമായിരുന്നു. യുപിഎ കാലത്തെ വിലപേശൽ അനുസരിച്ചാണെങ്കിൽ മിസൈൽ ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് 1705 കോടിയും സാധാരണ യുദ്ധവിമാനത്തിന് 1627 കോടി രൂപയും ആകുമായിരുന്നു. മോദി കാലത്ത് ഇത് യഥാക്രമം 1646 കോടിയും 1372 കോടിയുമായി കുറഞ്ഞു. 36 റഫാൽ പോർ വിമാനങ്ങൾക്കായി മോദി സർക്കാർ മുടക്കിയത് 59,263 കോടി രൂപയായിരുന്നു. എന്നാൽ യുപിഎ കാലത്തെ 126 വിമാനങ്ങൾക്ക് 1,72,185 രൂപ വരുമായിരുന്നുവെന്ന് രേഖകൾ പറയുന്നു. മോദി ഭരണത്തിൽ വാങ്ങാൻ തീരുമാനിച്ച പോർ വിമാനങ്ങളിൽ നിന്ന് വിവിധ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്.

യുപിഎ ഭരണകാലത്ത് വാങ്ങാൻ പദ്ധതിയിട്ടിരുന്ന റഫാൽ വിമാനങ്ങളിൽ ഇതില്ലായിരുന്നു. ഇന്ത്യ ആവശ്യപ്പെട്ട പ്രത്യേകതകൾക്കായി 9,855 രൂപ അധികമായി വിനിയോഗിച്ചിട്ടും യുപിഎ കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വിമാനത്തിനു മാത്രം 59 കോടി രൂപ ലാഭമുണ്ടാക്കാൻ കഴിഞ്ഞു. അതായത് 36 റഫാൽ പോർവിമാനങ്ങളിൽ മോദി സർക്കാർ ലാഭിച്ചത് 2124 കോടി രൂപ. റാഫേൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നതാണ് അനിൽ അംബാനി രാഹുലിന് എഴുതിയ കത്ത്. മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന വിമർശനവും അംബാനി കത്തിൽ തള്ളിക്കളയുന്നുണ്ട്. ഇതും പുറത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായെന്നാണ് വിലയിരുത്തൽ.

2017 ഡിസംബർ 12ന് എഴുതിയ രണ്ടു പേജ് കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അംബാനി രാഹുലിന് കത്തെഴുതിയതെന്ന് കരുതുന്നു. ഗാന്ധി കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളത്. തലമുറകളായി അതു തുടരുന്നു. എന്നാൽ, കോൺഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗർഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വേദനിപ്പിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയൻസ് ഡിഫൻസ് വിഭാഗത്തിനാണെന്നും കത്തിൽ അംബാനി ഓർമിപ്പിച്ചു.

ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി അഞ്ച് നേവൽ ഓഫ്‌ഷോർ പട്രോൾ വെസൽസും (എൻഒപിവി) തീരദേശ സേനയ്ക്കുവേണ്ടി 14 ഫാസ്റ്റ് പട്രോൾ വെസൽസും തങ്ങൾ നിർമ്മിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റാഫേൽ ഇടപാടിൽ ഫ്രാൻസിൽ നിർമ്മിച്ച 36 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ല - അദ്ദേഹം കത്തിൽ വ്യക്തമാക്കി. രാഹുലിനു പുറമെ രൺദീപ് സിങ് സുർജേവാല ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം ഇതേ കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസവും ലോക്‌സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനം പോലും നിർമ്മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫേൽ ഇടപാടിൽ മോദി പങ്കാളിയാക്കി. 35,000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി - എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ യുപിഎ സർക്കാരാണ് കരാർ ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ രാഹുലിന് മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നത്.

അതിനിടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുവർധിപ്പിച്ച് റാഫേൽ വിമാനങ്ങൾ അടുത്ത വർഷം സപ്തംബറോടെ ലഭ്യമായിത്തുടങ്ങും. ആദ്യ വിമാനം 2019ൽ വ്യോമസേനയുടെ ഭാഗമാകും. 2022ഏപ്രിലോടെ 36 വിമാനങ്ങളും വ്യോമസേനയിലെത്തും. ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ച കരാറനുസരിച്ച് 36 വിമാനങ്ങളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളുമടക്കമാണ് ലഭിക്കുന്നത്. 2008ൽ യുപിഎ സർക്കാർ പ്രാഥമിക കരാറൊപ്പിട്ട കരാറിൽ 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാരീസിൽ വെച്ച് അന്തിമ തീരുമാനമെടുത്തത്. 2022ൽ റഫാൽ വിമാനങ്ങൾ പൂർണ്ണമായും കൈമാറിക്കഴിഞ്ഞ ശേഷം പുതിയ 36 വിമാനങ്ങൾ കൂടി ഇന്ത്യയ്ക്ക് കൈമാറാൻ ഫ്രാൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെയും ചൈനയുടേയും ഭീഷണി ഒരേപോലെ നേരിടുന്നതിനായി 42 സ്‌ക്വാഡ്രണുകളാണ് വ്യോമസേനയ്ക്ക് ആവശ്യമുള്ളത്.

നിലവിൽ 31 സ്‌ക്വാഡ്രണുകൾ മാത്രമാണ് വ്യോമസേനയ്ക്കുള്ളത്. മുൻനിരയിൽ സുഖോയ്-30 വിമാനങ്ങളുടെ 11 സ്‌ക്വാഡ്രണുകളും മിഗ്-29, മിറാഷ് 2000 യുദ്ധ വിമാനങ്ങളുടെ മൂന്നുവീതം സ്‌ക്വാഡ്രണുകളും ആറ് സ്‌ക്വാഡ്രൺ ജഗ്വാറും വ്യോമസേനയുടെ പക്കലുണ്ട്. മിഗ് 21 വിമാനങ്ങളുടെ ആറ് സ്‌ക്വാഡ്രണുകളുണ്ട്. മിഗ് 27 വിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളും സേനയ്ക്കുണ്ട്. സുഖോയ്-30 വിമാനങ്ങളുടെ മൂന്നു സ്‌ക്വാഡ്രണുകളും റഫാലിന്റെ രണ്ട് സ്‌ക്വാഡ്രണുകളും വാങ്ങാൻ സേന കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എംകെ-1 കോമ്പാറ്റ് എയർക്രാഫ്റ്റിന്റെ രണ്ട് സ്‌ക്വാഡ്രണുകളും വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നു. പരമാവധി പതിനെട്ട് യുദ്ധവിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണിൽ അണിനിരക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP