Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സോണിയാഗാന്ധി; ദീപാവലിക്കു ശേഷം തീരുമാനം; ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ യുവനേതൃത്വം ബിജെപിക്ക് വെല്ലുവിളിയാകും; മോദിപ്രഭാവം അവസാനിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഉദയം തരംഗമാകുമോ; നേതൃമാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം

രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സോണിയാഗാന്ധി; ദീപാവലിക്കു ശേഷം തീരുമാനം; ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ യുവനേതൃത്വം ബിജെപിക്ക് വെല്ലുവിളിയാകും; മോദിപ്രഭാവം അവസാനിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഉദയം തരംഗമാകുമോ; നേതൃമാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം

 ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി. എൻഡി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി രാഹുൽ പ്രതികരിച്ചില്ല. ദീപാവലിക്കുശേഷം സോണിയയിൽനിന്ന് രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അദ്ധ്യക്ഷനാകാൻ തയ്യാറാണെന്ന് ഈയിടെ യുഎസിലെ സംവാദ വേദിയിൽ രാഹുൽ അറിയിച്ചിരുന്നു.

ഒക്ടോബർ 25 നകം കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുമെന്ന് ഈ മാസമാദ്യം റിപ്പോർട്ടുണ്ടായിരുന്നു. എഐസിസി രൂപീകരിച്ച ശേഷമായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു ചില സംസ്ഥാന അദ്ധ്യക്ഷന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തക സമിതിയും ഇക്കാര്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. പാർട്ടി അധ്യക്ഷനായി രാഹുൽ ഉടൻസ്ഥാനമേൽക്കുമെന്ന് യുവനേതാവ് സച്ചിൻ പൈലറ്റും വ്യക്തമാക്കിയിരുന്നു. ദീപാവലിക്ക് ശേഷമാകും പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുൽ എത്തുക എന്നും സച്ചിൻ സൂചിപ്പിച്ചു.

അടുത്തു നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശ് , ഗുജറാത്ത്് തെരഞ്ഞെടുപ്പുകളിൽ ദേശീയ നേതൃത്തത്തിന് പുതിയ പ്രതിച്ഛായ ഉണ്ടാവണം എന്നാണ് പാർട്ടിയിലെ പൊതു വികാരം . ഇത് പാർട്ടിക്ക് ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. നേതൃത്വമില്ലായ്മയായിരുന്നു ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടിയായ കോൺഗ്രസിന്റെ സമീപകാലത്തെ ഏറ്റവും വലിയ പോരായ്മ. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാക്കളായിരുന്നു. സോണിയാ ഗാന്ധി പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തെങ്കിലും, രാജ്യത്തെ മുഴുവൻ പ്രവർത്തരുടെയും നേതാവാകാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളാരും തന്നെ ദേശീയതലത്തിലേക്ക് ഉയർന്നുവന്നതുമില്ല. രണ്ടു ദശകങ്ങളായി തുടരുന്ന ആ സ്വാധീനമില്ലായ്മയാണ് പാർട്ടിയെ പല തുരുത്തുകളാക്കി ക്ഷീണിപ്പിച്ചതും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കൂപ്പുകുത്തിച്ചതും.

ഈ പാഠങ്ങളൊക്കെ ഉൾക്കൊണ്ടുകൊണ്ടാണ് രാഹുൽ ഗാന്ധി ഇപ്പോൾ പാർട്ടിയുടെ തലവനാകാൻ തയ്യാറായത്. പാർട്ടി ഉപാദ്ധ്യക്ഷൻ അടുത്തിടെ കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ പല കാര്യങ്ങളും ആ തിരിച്ചറിവ് പ്രതിഫലിപ്പിക്കുന്നതാണ്. കോൺഗ്രസ് ജനങ്ങളിൽനിന്ന് അകന്നു എന്ന യാഥാർഥ്യം രാഹുൽ അംഗീകരിച്ചതുതന്നെ ആ തിരിച്ചറിവിന് തെളിവാണ്. എന്തുകൊണ്ട് ജനങ്ങളുമായുള്ള ബന്ധം അറ്റുവെന്ന് മനസ്സിലാക്കുകയും അത് പരിഹരിച്ച് മുന്നോട്ടുപോവുകയുമാണ് തന്റെ ദൗത്യമെന്ന് രാഹുൽ ഉറപ്പിക്കുന്നു.

രണ്ടാം യു.പി.എ. ഭരണകാലത്ത് പാർട്ടിയിൽ എങ്ങനെയോ കടന്നുകൂടിയ ചില ധാർഷ്ട്യങ്ങളാണ് കോൺഗ്രസ്സിനെ ജനങ്ങളിൽനിന്ന് ഇത്രമേൽ അകറ്റിയതെന്നാണ് രാഹുൽ വിലയിരുത്തിയത്. മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും അതിനൊരു പങ്ക് വഹിച്ചിട്ടുണ്ട്. അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാനാവാതെ കോൺഗ്രസ് കൂടുതൽ ദുർബലമായി. മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ചരടുമുറുക്കിയപ്പോൾ അതിനെ പ്രതിരോധിക്കാനുള്ള നേതൃത്വമികവും കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ല.

പതുക്കെ കത്തിക്കയറുന്ന സ്വഭാവമാണ് രാഹുലിന്റേത്. സോണിയയുടെ ഊർജസ്വലത പലപ്പോഴും രാഹുലിൽ കണ്ടെത്താനായി എന്ന് വരില്ല. പാർലമെന്റിൽ ശക്തമായൊരു പ്രസംഗം നടത്താൻ അദ്ദേഹം എത്രയോ വർഷങ്ങളെടുത്തു എന്നോർക്കുക. കാലിഫോർണിയയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ വേറിട്ടൊരു രാഹുലിനെയാണ് ലോകം കണ്ടത്. പക്വമതിയായ രാഷ്ട്രീയക്കാരനെ ആ വാക്കുകളിൽ കണ്ടെത്താൻ കഴിയുമായിരുന്നു. പരാജയപ്പെട്ട രാജകുമാരനെന്ന് പലരും അതിനെ ആക്ഷേപിച്ചെങ്കിലും, യുദ്ധഭൂവിലേക്ക് ഏതുനിമിഷവും തിരിച്ചെത്താനുള്ള ആർജവം തനിക്കുണ്ടെന്ന് തെളിയിക്കുകയായിരുന്നു രാഹുൽ എന്ന കാര്യം വിസ്മരിക്കരുത്.

ആഗോള തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ഇടിയുന്നു എന്ന ബോദ്ധ്യത്തിലാണ് രാഹുൽഗാന്ധിയുടെ ഉയർച്ച. ഇന്ത്യൻ യുവനേതാവിനെ കാണാനും ചർച്ചകൾ നടത്താനും ലോകനേതാക്കളും ബിസിനസ് ഭീമന്മാരും ആവേശത്തോടെ എത്തുന്നു എന്നും വിവരമുണ്ട്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ പരിസ്ഥിതി, ജോലിസൃഷ്ടിക്കൽ, കോൺഗ്രസ് പാർട്ടി, നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങൾ , മറ്റ് പലവിധ പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളെല്ലാം രാഹുൽ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യുന്നുണ്ട്.

രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്ന രാഷ്ട്രീയ കാലാവസ്ഥയിൽ നിന്ന് രാജ്യം മാറിയിരിക്കുന്നു. രാഹുലിന്റെ നീക്കവും അതു മനസ്സിലാക്കിത്തന്നെയാണ്. 2019-ൽ ബിജെപിയെയും നരേന്ദ്ര മോദിയെയും എതിർക്കാൻ ശേഷിയുള്ള പാർട്ടിയായി കോൺഗ്രസ്സിനെ മാറ്റുകയാണ് രാഹുലിന്റെ ലക്ഷ്യം. അദ്ധ്യക്ഷന്റെ ചുമതലകൾ ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ തയ്യാറായതും തുടർന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിനെ ആ രീതിയിലാണ് കാണേണ്ടത്.രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ഇത് പുതിയ ആവേശം നല്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP