Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; 'പുരട്ചി തലൈവൻ' ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ

ജയലളിതയുടെ ആർകെ പുരത്ത് ഉലകനായകന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റൈൽ മന്നൻ ധൈര്യം കാട്ടുമോ? നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രഖ്യാപനം രജനീകാന്തിനോടുള്ള വെല്ലുവിളിയെന്ന് വിലയിരുത്തലിൽ തമിഴകം; അവതാരപ്പിറവിയിലെ താരയുദ്ധം പ്രതീക്ഷിച്ച് ദേശീയ രാഷ്ട്രീയവും; 'പുരട്ചി തലൈവൻ' ആകുന്ന ദ്രാവിഡ നേതാവിനെ കാത്ത് തമിഴ് മക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പുരട്ചി തലൈവിയുടെ വിയോഗത്തിനു പിന്നാലെ കലുഷിതമായ തമിഴ് രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ സ്റ്റൈൽ മന്നൻ രജീകാന്തിനൊപ്പം ഉലകനായകൻ കമൽഹാസനും നിമിത്തമാകുമോ? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു തമിഴ് ജനത കാത്തു നിൽക്കുന്നതിനു പിന്നാലെയാണ് കമൽഹാസന്റെയും രാഷ്ട്രീയത്തിലേക്കുള്ള നാടകീയ രംഗപ്രവേശം. അടുത്ത നൂറു ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ കമൽഹാസൻ ദ്രാവിഡന ജനതയ്ക്കു നൽകിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ അവസ്ഥ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച പെൺകുട്ടിയുടേതു പോലെയാണ്. അതിനാൽ അവർ ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു മത്സരമുണ്ടായാൽ താൻ മത്സരിക്കുമെന്നു കമൽഹസൻ വെളിപ്പെടുത്തി. അതേസമയം, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമാകില്ലെന്ന് കമൽഹാസൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കാനാണ് താൽപര്യമെന്നും കമൽഹാസൻ തുറന്നടിച്ചു. കമൽഹാസൻ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഉലകനായകന്റെ ഈ പരാമർശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും കമൽഹാസൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തുറന്നു പറച്ചിൽ.

ജയലളിതയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ പുരം ഉപതെരഞ്ഞെടുപ്പിൽ കമഹാസൻ രാഷ്ട്രീയ അങ്കം കുറിക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിൽ സജീവമായിരിക്കുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥി ടിടിവി ദനകരൻ വോട്ടിനു കോഴ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ആർകെ പുരത്തെ ഉതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാണ്. ഇതു മുന്നിൽക്കണ്ടാണോ ഉലകനായകന്റെ പ്രഖ്യാപനമെന്നു സംശയിക്കുന്നവരും ഏറെയാണ്.

അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നു പ്രഖ്യാപിച്ച സ്റ്റൈൽ മന്നൻ രജനീകാന്തിനു വേണ്ടിയാണ് ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന പ്രചരണവും തമിഴ്‌നാട്ടിൽ ശക്തമാണ്. എഐഎഡിഎംകെയുടെ പിന്തുണയോടെ രജനികാന്ത് ജയലളിതയുടെ പകരക്കാരനായി ആർകെ പുരത്ത് അങ്കത്തിനിറങ്ങുമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസനും സൂചന നൽകിയിരിക്കുന്നത്. ഇതോടെ ജയലളിതയുടെ ആർകെ പുരത്ത് സ്റ്റൈൽമന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്നാണ് ദ്രിവിഡ മക്കൾ ഇപ്പോൾ അന്വേഷിക്കുന്നത്.

എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനു തയ്യാറെടുക്കുന്ന രജനീകാന്തുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രജനി രാഷ്ട്രീയത്തിലേയ്ക്ക് വരാൻ തീരുമാനമെടുത്താൽ താൻ അദ്ദേഹത്തിനു കൈ കൊടുക്കുമെന്നായിരുന്നു കമൽ ഹാസൻ അന്നു പറഞ്ഞത്. കമലും രജനിയും ഏറ്റവുമൊടുവിൽ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിനാണ്. ഡി എം കെ വർക്കിങ് പ്രസിഡന്റ് സ്റ്റാലിനൊപ്പം കമൽ വേദി പങ്കിട്ടപ്പോൾ രജനി സദസ്സിലാണ് ഇരിപ്പുറപ്പിച്ചത്.

യലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയം പുതിയ പല വഴികളിലാണ്. അമ്മയുടെ കീഴിൽ ഒന്നായി വണങ്ങി നിന്നവർ പരസ്പരം വാളെടുത്തപ്പോൾ അനിശ്ചിതത്വത്തിൽ ആയത് തമിഴ് മക്കളാണ്. എന്നാൽ സ്റ്റൈൽ മന്നന്റെയും ഉലകനായകന്റെയും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളാണ് ഇപ്പോൾ തമിഴ്‌നാടിന് പ്രതീക്ഷ നൽകുന്നത്. അതേസമയം ഇരു താരങ്ങളും നേർക്കുനേർ മത്സരത്തിന് ഇറങ്ങിയാൽ ആരെ തുണയ്ക്കുമെന്നതു മാത്രമാണ് തമിഴ്മക്കളെ കുഴയ്ക്കുന്നത്.

ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജർ കരുണാനിധി സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തിൽ ഒരു യഥാർത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്. ദേശം ഒന്നടങ്കം കാതോർക്കുന്ന ഒരു നേതാവ് ഇന്നിപ്പോൾ തമിഴകത്തില്ല. ഈ ശൂന്യത നികത്താൻ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്.

തമിഴകത്ത് ഇന്നിപ്പോൾ ബിജെപിയുടെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ചോയ്ക്ക് ശേഷം തുഗ്ളക്ക് പത്രാധിപരായി സ്ഥാനമേറ്റ എസ്.ഗുരുമൂർത്തിയാണ്. 2019 ലെ ലോക്സഭാ തിരുഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി തമിഴകം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുമൂർത്തി കരുക്കൾ നീക്കുന്നത്. ഈ കളിയിൽ രജനി കൂടെയുണ്ടെങ്കിൽ ബിജെപിക്ക് അത് സുവർണ്ണ നേട്ടമാവും. പക്ഷേ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള തമിഴകത്തെ പശിമരാശി മണ്ണിൽ ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നത് എത്രകണ്ട് ഗുണകരമാവുമെന്ന സന്ദേഹം രജനിക്കുണ്ട്.

അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തിയ കമൽഹാസൻ തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയത്തിനു വിരുദ്ധമായാണ് ചിന്തിക്കുന്നതെന്നു വ്യക്തം. അതായാത് ഇരുതാരങ്ങളും രാഷ്ട്രീയമായി വ്യത്യസ്തധ്രുവങ്ങളിലെന്നു സാരം. ഇതോടെയാണ് ആർകെ പുരത്ത് സ്റ്റൈൽ മന്നനെ എതിരിടാൻ ഉലകനായകൻ എത്തുമോ എന്ന പ്രചാരണം ശക്തമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP