Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിലെ രാജ്യസഭാ സ്ഥാനാർത്ഥിയായി കെസി വേണുഗോപാൽ എത്തുമ്പോൾ സർവ്വ അടവും എടുത്ത് രാഹുലിന്റെ വിശ്വസ്തനെ തോൽപ്പിക്കാൻ ബിജെപി; സച്ചിൻ പൈലറ്റിനെ കൂട്ടുപിടിക്കാൻ നടക്കുന്നത് തിരക്കിട്ട നീക്കങ്ങൾ; ഭരണ അട്ടിമറിക്കുള്ള സാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധം ഒരുക്കാൻ മുഖ്യമന്ത്രി ഗലോട്ടും; കർണ്ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ 'ഓപ്പറേഷൻ ലോട്ടസ്' രാജസ്ഥാനിലും; അട്ടിമറിയിലൂടെ സംസ്ഥാന ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് അമിത് ഷാ

രാജസ്ഥാനിലെ രാജ്യസഭാ സ്ഥാനാർത്ഥിയായി കെസി വേണുഗോപാൽ എത്തുമ്പോൾ സർവ്വ അടവും എടുത്ത് രാഹുലിന്റെ വിശ്വസ്തനെ തോൽപ്പിക്കാൻ ബിജെപി; സച്ചിൻ പൈലറ്റിനെ കൂട്ടുപിടിക്കാൻ നടക്കുന്നത് തിരക്കിട്ട നീക്കങ്ങൾ; ഭരണ അട്ടിമറിക്കുള്ള സാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധം ഒരുക്കാൻ മുഖ്യമന്ത്രി ഗലോട്ടും; കർണ്ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ 'ഓപ്പറേഷൻ ലോട്ടസ്' രാജസ്ഥാനിലും; അട്ടിമറിയിലൂടെ സംസ്ഥാന ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ രാജി തുടരുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാനാണ് ബിജെപിയുടെ ഈ നീക്കമെന്ന ആരോപണം ശക്തമാണ്. ഇതിന് പുറമേ കൊറോണക്കാലത്ത് രാജസ്ഥാനിലും അട്ടിമറിക്കാണ് മോദിയും ബിജെപിയും തയ്യാറെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന.

കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന വിലയിരുത്തൽ സജീവമാണ്. ചില കോൺഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയും ദേശീയ തലത്തിൽ ചർച്ചയാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ അടർത്തിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. അട്ടിമറിയുണ്ടായാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായി ബിജെപി ഭരണം വരുമെന്ന ചർച്ചകളും സജീവമാകുകയാണ്.

സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു നാലാമത് ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി ബിജെപി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരാൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണ്. വേണുഗോപാലിനെ തോൽപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ കൂടുതലായി സ്വന്തമാക്കി കെസിയെ തോൽപ്പിക്കുകയും അതുവഴി കോൺഗ്രസ് ഭരണം അട്ടിമറിക്കുകയുമാണ് ശ്രമം.

എംഎൽഎമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളും ഈ വാദത്തിനു പിൻബലം നൽകുന്നു. മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രധാന നേതാവായ ജ്യോതിരാതിധ്യ സിന്ധ്യയെ അടർത്തിയെടുത്താണ് ഭരണം അട്ടിമറിച്ചത്. സിന്ധ്യയുടെ അടുത്ത സുഹൃത്താണ് സച്ചിൻ പൈലറ്റ്.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ ഉയർത്തി കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. ജയം നേടിയപ്പോൾ സച്ചിൻ പൈലറ്റിന് പകരം ഗെലോട്ട് മുഖ്യമന്ത്രിയായി. ഇത് രാജസ്ഥാനിലെ കോൺഗ്രസിൽ വിഭാഗീയതയ്ക്ക് പുതിയ മാനം നൽകി. ഇത് മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇതോടെയാണു ഇതുവരെ ചുവടുറച്ചു നിന്ന രാജസ്ഥാനിലും കോൺഗ്രസിന് അടിപതറുകയാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നത്.

സച്ചിൻ പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് ക്യാംപെയ്‌നു പിന്തുണയുമായി രംഗത്തു വന്നതും അദ്ദേഹത്തിന്റെ ട്വീറ്റുകൾക്ക് അടുത്ത കാലത്തായി ബിജെപി നേതാക്കളിൽനിന്നു ലഭിക്കുന്ന വലിയ പിന്തുണയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരിൽ ഏറെയും സർക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്.

കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത ശേഷം സ്വതന്ത്രരുടെ സഹായത്തോടെ ഭരണത്തെ അട്ടിമറിക്കാനാണ് നീക്കം. 29 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലേ ഇത് നടക്കൂ. അതു മനസ്സിലാക്കി സ്വതന്ത്രരിൽ പലരുമായും ബിജെപി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടാക്കി നിയമസഭയിലെ ഭൂരിപക്ഷം ഉണ്ടെന്ന വാദം ചർച്ചയാക്കാനാകും ബിജെപിയുടെ ശ്രമം. 51 അംഗങ്ങളുടെ വോട്ടു ലഭിച്ചാൽ ഒരു സ്ഥാനാർത്ഥിക്കു ജയിക്കാമെന്നിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടതാണ്.

എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടികൾ എത്രമാത്രം വഷളാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജൂൺ 19നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്. നിലവിലെ അംഗബലം അനുസരിച്ച് ഒഴിവ് വരുന്ന മൂന്ന് സീറ്റിൽ രണ്ടെണ്ണത്തിൽ കോൺഗ്രസ് സ്ഥാനർത്ഥിക്ക് ഉറപ്പായും വിജയിക്കാം. ബിജെപിക്ക് ഒരാളേയും ലോക്‌സഭയിലേക്ക് അയയ്ക്കാം. അട്ടിമറിയുണ്ടായാൽ കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പരാജയപ്പെടും. ഇതിന് വേണ്ടിയാണ് രണ്ടാമത്തെ സ്ഥാനാർത്ഥിയെ ബിജെപി മത്സരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP