Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐ തലപ്പത്തെ പടലപ്പിണക്കങ്ങൾ ഏജൻസിയുടെ ഇമേജിനെ ബാധിച്ചു; അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും മാറ്റി; പുതിയ നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ; ഏജൻസിയിലെ മറ്റ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും പടിക്ക് പുറത്ത്; ഉത്തരവിട്ടത് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി

സിബിഐ തലപ്പത്തെ പടലപ്പിണക്കങ്ങൾ ഏജൻസിയുടെ ഇമേജിനെ ബാധിച്ചു; അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും മാറ്റി; പുതിയ നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ; ഏജൻസിയിലെ മറ്റ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും പടിക്ക് പുറത്ത്; ഉത്തരവിട്ടത് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും പടിക്ക് പുറത്ത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. അന്വേഷണ ഏജൻസിയിലെ മറ്റുമൂന്നുമുതിർന്ന ഉദ്യോഗസ്ഥരെയും മാറ്റി. അസ്താനയ്ക്ക് പുറമേ അരുൺ കുമാർ ശർമ, മനീഷ് കുമാർ സിൻഹ, ജയന്ത് ജെ നായിക്‌നവരെ എന്നിവരുടെ സേവനമാണ് അവസാനിപ്പിച്ചത്.

ഉന്നതാധികാര സമിതി അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത വിവാദം കെട്ടടങ്ങും മുമ്പേയാണ് മന്ത്രിസഭയുടെ നിയമന കമ്മിറ്റി സ്‌പെഷ്യൽ ഡയറക്ടറടക്കം നാല് ഉദ്യോഗസ്ഥരെ മാറ്റിയത്. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ ഉന്നതാധികാര സമിതി ഈ മാസം 10 നാണ് പുറത്താക്കിയത്. പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്ജിയും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതിയാണ് നടപടിയെടുത്തത്. രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ അലോക് വർമയ്ക്കെതിരായ കേന്ദ്രവിജിലൻസ് കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേന്ദ്രം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി സുപ്രീംകോടതി അലോക് വർമയ്ക്ക് സിബിഐ മേധാവിയായി പുനർനിയമനം നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നടന്ന നിർണായക യോഗമാണ് അലോക് വർമ്മയെ നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ജസ്റ്റിസ് എ.കെ സിക്രി, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗുരുതരമായ ആരോപണങ്ങൾ ഉള്ളതിനാൽ വർമ സിബിഐ ഡയറക്ടർ പദവിയിൽ തുടരേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും കൈക്കൊണ്ടത്. എന്നാൽ വർമയ്ക്ക് അനുകൂലമായ നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താണ് വർമ്മയെ നീക്കിയത്.

കേന്ദ്രതീരുമാനത്തിന് അനുകൂലമായി സുപ്രീംകോടതി ജഡ്ജി നിലകൊണ്ടത് കേന്ദ്രത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ബലം നൽകി. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്നാണ് കേന്ദ്രം ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വർമയ്ക്ക്, വാദങ്ങൾക്ക് ശേഷം ഡയറക്ടർ പദവി തിരികെ നൽകുകയായിരുന്നു. രണ്ടുവർഷം കാലാവധിയുള്ള ഡയറക്ടർ പദവിയിൽ നിന്ന് വർമ്മയെ മാറ്റുന്നതിന് പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും അടങ്ങിയ ഉന്നതാധികാര സമിതിയുടെ തീരുമാനം വേണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.സമിതി യോഗം ചേർന്ന് ഉചിതമായ നടപടി എടുക്കാമെന്നും അതുവരെ വർമ്മ ഡയറക്ടർ പദവിയിൽ തുടരട്ടെയെന്നുമായിരുന്നു സുപ്രീംകോടതി വിധി. നയപരമായ തീരുമാനം എടുക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥാനത്ത്നിന്ന് നീക്കിയ ശേഷം സിബിഐയിൽ നടന്ന സ്ഥലംമാറ്റ ഉത്തരവുകളെല്ലാം വർമ റദ്ദാക്കിയത് വിവാദമായിരുന്നു.സിബിഐ മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആലോക് വർമ സർവീസിൽനിന്നു രാജിവച്ചു. ഫയർ സർവീസസ് ഡയറക്ടർ ജനറലായാണ് ആലോക് വർമയ്ക്കു ജോലി മാറ്റം നൽകിയത്.

അലോക് വർമ്മയെ സിബിഐ. ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനമെടുത്ത ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്‌സും പുറത്താക്കാൻ ആധാരമായ സിവിസി റിപ്പോർട്ടും പരസ്യപ്പെടുത്തണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP