Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ! അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആവർത്തിച്ച് രാജ്‌നാഥ് സിങ്ങും അദ്വാനിയും; ഹിന്ദുത്വ അജണ്ട ഊട്ടിയുറപ്പിക്കാൻ ബിജെപി; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകളും മോദിയും

ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ! അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആവർത്തിച്ച് രാജ്‌നാഥ് സിങ്ങും അദ്വാനിയും; ഹിന്ദുത്വ അജണ്ട ഊട്ടിയുറപ്പിക്കാൻ ബിജെപി; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകളും മോദിയും

ഗൊരഖ്പുർ: കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ വികസനമാണ് അജണ്ടയെന്നും എല്ലാമതക്കാരെയും ഒരുപോലെ കാണുമെന്നുമൊക്കെ പ്രചരണം നടത്തിയ ബിജെപിയുടെ ഉള്ളിലിരുപ്പ് വീണ്ടും പുറത്തുവന്നു. തീവ്ര ഹിന്ദുത്വനിലപാട് തന്നെയാണ് തങ്ങൾക്ക് മുന്നിലുള്ള വഴിയെന്ന് ബിജെപി നേതാക്കളുടെ പുതിയ പ്രസ്താവനയിലൂടെ വീണ്ടും വെളിപ്പെട്ടു. വികസനമാണ് തന്റെ ആയുധമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു പോകുന്നതിനിടെ രാമക്ഷേത്ര വിഷയം എടുത്തിട്ടത് എൽ കെ അദ്വാനിയും അദ്ദേഹത്തിന്റെ അനുയായി കൂടിയായ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗുമാണ്.

എന്തുവിലകൊടുത്തും രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും തീവ്ര ഹിന്ദുത്വ നിലപാടിന്റെ പ്രചാരകനായിരുന്ന എൽ കെ അദ്വാനിയും പ്രസ്താവിച്ചതോടെ ഹിന്ദുരാഷ്ട്രമെന്നതു തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ബിജെപി. രാജ്യം എല്ലാവരുടേതുമാണെന്നും എല്ലാവരുടെയും പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ബോധപൂർവമായ പ്രചാരണങ്ങൾ നടത്തുന്നതിനിടെയാണ് ബിജെപി നേതാക്കളുടെ ഉള്ളിലിരുപ്പ് പുറത്തുവന്നത്. ബിജെപിയുടെ ഉൾപ്പാർട്ടി പോര് മുറുക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്.

അയോധ്യയിലെ രാമജന്മക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാജ്‌നാഥ് സിങ്ങും എൽ കെ അദ്വാനിയും രാമക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

അവൈദ്യനാഥിന്റെ സ്വപ്നമായിരുന്നു രാമക്ഷേത്രമെന്നും എന്തുവിലകൊടുത്തും അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കുമെന്നാണ് രാജ്‌നാഥ് സിങ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന അദ്വാനി ഇതിന് പിന്തുണ നൽകുകയും ചെയ്തു. അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനായിരുന്നു മഹന്ത് അവൈദ്യനാഥ്. വെള്ളിയാഴ്ചയാണ് അവൈദ്യനാഥ് അന്തരിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മഠാധിപതിയും ഹിന്ദു മഹാസഭയുടെ പ്രമുഖ നേതാവും മുൻ ലോക്‌സഭാംഗവുമായിരുന്നു അവൈദ്യനാഥ്.

1980കളിൽ രാമക്ഷേത്ര പ്രസ്ഥാനം നിലവിൽ വന്നപ്പോൾ അതിന്റെ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് അവൈദ്യനാഥ്. 1984ലാണ് ബാബറി മസ്ജിദിനെതിരെ സമരം തുടങ്ങുന്നത്. ആളിക്കത്തിയ ഈ പ്രശ്‌നം ഒടുവിൽ ബാബറി മസ്ജിദ് തകർക്കുന്നതുവരെ കൊണ്ടെത്തിച്ചു. 1992 ഡിസംബർ ആറിന് കർസേവകർ ബാബറി മസ്ജിദ് തകർത്തതിന്റെ അലയൊലികൾ രാജ്യത്ത് ഇപ്പോഴുമുണ്ട്. സർക്കാരുകൾ നിയോഗിച്ച കമ്മീഷനുകൾക്കൊന്നും പ്രശ്‌നത്തിന് പൂർണ പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.

450 കൊല്ലംമുമ്പ് മുഗൾ ചക്രവർത്തി ബാബറുടെ സ്മരണാർഥം അദ്ദേഹത്തിന്റെ ഗവർണർ മീർ ബാഖിയാണ് ബാബ്‌റി മസ്ജിദ് നിർമ്മിച്ചത്. ശ്രീരാമൻ ജനിച്ച സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ പണിത ഹിന്ദുക്ഷേത്രം തകർത്താണ് ബാബ്‌റി മസ്ജിദ് നിർമ്മിച്ചതെന്ന് പിന്നീട് ആരോപണമുയർന്നു. 1949ൽ മസ്ജിദിനകത്തു ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെടുകയും ഹിന്ദുക്കൾ അതിൽ പൂജ ചെയ്യാനും തുടങ്ങിയിരുന്നു. 1984ൽ വിശ്വ ഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിനായി പ്രക്ഷോഭം സംഘടിപ്പിച്ചു.

1989 നവംബറിൽ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തർക്ക പ്രദേശത്ത് കല്ലിടൽ പൂജ നടത്താൻ വിഎച്ച്പിക്ക് അനുമതി ലഭിച്ചു. ഇത് സാമുദായിക സ്പർദ്ധ വർധിക്കാനിടയാക്കി. തുടർന്ന് ബിജെപിയുടെ അന്നത്തെ പ്രധാന നേതാവായിരുന്ന എൽ കെ അദ്വാനി അയോധ്യ വരെ 10,000 കിലോമീറ്റർ രഥയാത്ര സംഘടിപ്പിക്കുകയും ഇതിനൊടുവിൽ ബാബറി മസ്ജിദ് തകർക്കുകയുമായിരുന്നു.

രാമക്ഷേത്രം നിർമ്മിക്കുമെന്ന പ്രസ്താവനയിലൂടെ തങ്ങളുടെ ഹിന്ദുത്വ അജൻഡയിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന കാര്യം ഊട്ടിയുറപ്പിക്കുകയാണ് ബിജെപിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേസമയം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പും ബിജെപി ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP