Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇന്ത്യൻ തലസ്ഥാനം ആക്കി ചിത്രീകരിക്കാൻ അമിത്ഷാ ഒഴുക്കിയ കോടികളും കഠിനപ്രയത്‌നവും വെറുതെയായി; കുമ്മനത്തിന്റെ ജാഥകൊണ്ട് ദേശീയ തലത്തിൽ ഉണ്ടായ ദുഷ്‌പേര് ഒരു ദിവസം കൊണ്ട് തരിപ്പണമാക്കി പിണറായിയുടെ പൂഴിക്കടകൻ: രാഷ്ട്രപതിയുടെ കേരളസ്തുതി ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇന്ത്യൻ തലസ്ഥാനം ആക്കി ചിത്രീകരിക്കാൻ അമിത്ഷാ ഒഴുക്കിയ കോടികളും കഠിനപ്രയത്‌നവും വെറുതെയായി; കുമ്മനത്തിന്റെ ജാഥകൊണ്ട് ദേശീയ തലത്തിൽ ഉണ്ടായ ദുഷ്‌പേര് ഒരു ദിവസം കൊണ്ട് തരിപ്പണമാക്കി പിണറായിയുടെ പൂഴിക്കടകൻ: രാഷ്ട്രപതിയുടെ കേരളസ്തുതി ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ അമിത്ഷായും ബിജെപി നേതാക്കളും നടത്തിയ നീക്കം ഒറ്റയടിക്ക് തകർത്ത് പിണറായിയുടെ പൂഴിക്കടകൻ. സ്ഥാനമേറ്റ ശേഷം കേരളത്തിൽ രണ്ടാം സന്ദർശനത്തിന് സർക്കാരിന്റെ അതിഥിയായി എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ വാതോരാതെ പുകഴ്‌ത്തി മടങ്ങുന്നതോടെ കോടികൾ ചെലവിട്ട് കേരളത്തിന് എതിരെ ബിജെപി ദേശീയ നേതൃത്വം ഉയർത്തിയ കുപ്രചരണത്തിന്റെയെല്ലാം മുനയൊടിയുന്നു.

ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടും ശക്തമായ സാന്നിധ്യമറിയിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തതിനാലും ബിജെപിയുടെ 'നോട്ടപ്പുള്ളി' സംസ്ഥാനമാണ് കേരളം. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒരു എതിർചേരി ഉണ്ടായാൽ അതിൽ ഇടതുപക്ഷം ശക്തമായ സാന്നിധ്യമാകുമെന്നും ഉറപ്പുണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്. അതിനാൽ തന്നെ കേരളത്തെ ഇകഴ്‌ത്താനും മോശമായ രാഷ്ട്രീയ സംസ്‌കാരമുള്ള ഒരു പ്രദേശമാണ് കേരളമെന്നും വരുത്തിത്തീർക്കാനും ബോധപൂർവമായ ശ്രമമാണ് അടുത്തിടെ നടന്നത്.

ബിജെപിയുടെ നേതൃത്വത്തിൽ കുമ്മനം നയിച്ച ജനരക്ഷാ യാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെല്ലാം കേരളത്തെ താഴ്‌ത്തിക്കെട്ടാൻ എല്ലാ അടവും പയറ്റി. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഇവരുടെ പ്രസ്താവനകൾ ദേശീയ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. കേരളം 'ഭീകരമായ' ഒരു പ്രദേശമാണെന്ന ധാരണയുണ്ടാക്കാനാണ് ബോധപൂർവമായ ശ്രമം ഉണ്ടായത്. ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തവിധം സിപിഎമ്മിന്റെ കേന്ദ്ര ഓഫീസിലേക്ക് മാർച്ചും നടത്തിയാണ് അമിത്ഷാ ഈ പ്രചരണത്തിന് നേതൃത്വം കൊടുത്തത്.

എന്നാൽ ആ കുപ്രചരണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതായി രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം. കേരളത്തിന് എതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ നിരന്തരം നൽകിയ ദേശീയ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ രാഷ്ട്രപതിയുടെ കേരളത്തെ ശ്‌ളാഘിച്ചുള്ള പ്രസംഗവും റിപ്പോർട്ടു ചെയ്തിരിക്കുകയാണ്. ദേശീയ പത്രങ്ങളിലും ചാനലുകളിലുമെല്ലാം കേരളം സമസ്തമേഖലകളിലും മുന്നേറിയ സംസ്ഥാനമാണന്ന രാംനാഥ് കോവിന്ദിന്റെ വാക്കുകൾ നിറഞ്ഞതോടെ ബിജെപി കടുത്ത പ്രതിരോധത്തിലുമായി.

മോദിയുടെ സ്വപ്‌നപദ്ധതി എന്ന നിലയിൽ ബിജെപി ഉയർത്തിക്കാട്ടുന്ന പരിപാടിയാണ് ഡിജിറ്റൽ ഇന്ത്യ. എന്നാൽ ഇതിന്റെ തലസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കിയാണ് രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് പ്രസംഗിച്ചത്. മാത്രമല്ല, എല്ലാ മേഖലകളിലും മികവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കാര്യകാരണസഹിതം പ്രസംഗിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിജെപിയുടെ നോമിനേഷനോടെ എൻഡിഎ സ്ഥാനാർത്ഥിയായി രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ്. അതിനാൽ തന്നെ ബിജെപി പ്രതിച്ഛായയുണ്ട് അദ്ദേഹത്തിനും. എന്നാൽ രാഷ്ട്രപതിയെന്ന പദവിക്ക് യോജിച്ച രീതിയിൽ താൻ മനസ്സിലാക്കിയ കാര്യങ്ങൾ വസ്തുനിഷ്ഠമായി രാഷ്ട്രപതി അവതരിപ്പിച്ചതോടെ ബിജെപി ഇതുവരെ കേരളത്തിനെതിരെ ചൂടാക്കിയ വെള്ളം വാങ്ങിവയ്‌ക്കേണ്ട സ്ഥിതിയിലായി.

കേരളം ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസാണെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതി പിണറായി സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ ടെക്‌നോസിറ്റിക്ക് ശിലാസ്ഥാപനം നിർവഹിച്ചത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സമസ്ത മേഖലകളിലും കേരളം മുന്നിലെന്ന് രാഷ്ട്രപതി

കേരളം വിഭാവനം ചെയ്തിരിക്കുന്ന ടെക്‌നോസിറ്റി രാജ്യത്തിനുതന്നെ മാതൃകയാണ്. സേവനരംഗത്തും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും കേരളം രാജ്യത്തിനുമുന്നിൽ സഞ്ചരിക്കുന്നു. രാജ്യത്തിന്റെ തൊഴിൽമേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും വളർച്ച ഡിജിറ്റൽ മേഖലയെ ആശ്രയിച്ചാണ്. ഐടിയുടെയും അനുബന്ധ വ്യവസായങ്ങളുടെയും രംഗത്ത് കേരളം വളർച്ചയുടെ പാതയിലാണ്. ഇന്ത്യയിൽ ഈ രംഗത്ത് എട്ടാംസ്ഥാനത്താണ്. കേരളത്തിൽ ഒരുലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന മേഖലയാണ് ഐടി. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിന്റെ ശേഷി ഇതിലും എത്രയോ മടങ്ങാണ്്. കേരളത്തിന്റെ സാക്ഷരതയും നൈപുണ്യവും ഉപഭോക്തൃ വ്യവസായങ്ങളിലും സേവനരംഗത്തുമുള്ള പരിചയസമ്പത്തും വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുകൂലമാണ്.

രാജ്യത്തിന്റെ സേവനമേഖല വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ കേരളത്തിന് നിർണായകപങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ചും ഐടി, ടൂറിസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ. ഈ മേഖലകളിലാണ് ഭാവിയിൽ വലിയ തൊഴിലവസരങ്ങൾ. കേരളത്തിന് ഇതിൽ വലിയ സംഭാവന ചെയ്യാൻ കഴിയും. വിനോദസഞ്ചാരമേഖലയിൽ കേരളത്തിന്റെ ആതിഥ്യമര്യാദയും ആരോഗ്യരംഗവും ലോകപ്രസിദ്ധമാണ്. പ്രത്യേകിച്ചും ആയുർവേദത്തിൽ. രാജ്യത്തിന്റെ ഏതുഭാഗത്തായാലും മലയാളി നഴ്‌സുമാരുടെ സേവനമില്ലാതെ ആശുപത്രികൾ നടത്താനാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്, റോബോട്ടിക്‌സ് എന്നീ മേഖലകളിലും വൻ സാധ്യതയാണ് തുറക്കുന്നത്.

സേവന, സമ്പദ് വ്യവസ്ഥയുടെ ശേഷി വർധിപ്പിക്കുന്നതിലാണ് വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യം. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയുടെ മാറ്റത്തിന് പ്രധാന പങ്കാണ് വിവരസാങ്കേതിക വിദ്യയ്ക്കുള്ളത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സാമ്പത്തിക-വികസന രംഗങ്ങളിൽ മലയാളികളുടെ സാന്നിധ്യം കൂടിയേ തീരൂ. ഈ ശേഷി രാജ്യാതിർത്തിയിൽ ഒതുങ്ങിനിൽക്കുന്നതല്ല. കേരളത്തിൽനിന്നുള്ള പ്രവാസികൾ ഗൾഫ്‌നാടുകളുടെയും ഇന്ത്യയുടെയും സാമ്പത്തികവളർച്ചയിൽ വഹിക്കുന്ന പങ്ക് നിർണായകമാണ്.

കേരളം വിദ്യാഭ്യാസ വൈജ്ഞാനികരംഗങ്ങളിൽ ലോകപ്രശസ്തമാണ്. രാഷ്ട്രപതിയായി ചുമതലയേറ്റ് ആദ്യം നടത്തിയ വിദേശ സന്ദർശനം എത്യോപ്യയിലാണ്. നാലുപതിറ്റാണ്ടുമുമ്പുമുതൽ ഇന്ത്യൻ അദ്ധ്യാപകർ നൽകിയ സേവനങ്ങളെ അവിടത്തെ ഭരണാധികാരികൾ ഏറെ പ്രശംസിച്ചു. ആ അദ്ധ്യാപകരിൽ വലിയൊരു പങ്കും കേരളീയരാണ്- രാഷ്ട്രപതി പറഞ്ഞു.

മതസൗഹാർദ്ദത്തിൽ കേരളത്തിന്റെ പാരമ്പര്യം എടുത്തുപറഞ്ഞ് കോവിന്ദ്

സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിൽ എത്തിയപ്പോൾ തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് കേരളത്തിന്റെ ആതിഥ മര്യാദയേയും മതസൗഹാർദ്ദത്തേയും രാഷ്ട്രപതി പുകഴ്‌ത്തിയത്. തിരുവനന്തപുരം ടാഗോർ തിയറ്ററിലെ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയായശേഷം ജന്മനാടായ കാൺപുരിൽ ഒരുപ്രാവശ്യം മാത്രമാണ് പോയത്. എന്നാൽ, കേരളത്തിലെ രണ്ടാംസന്ദർശനമാണിത്. ആദ്യസന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടെക്‌നോസിറ്റി ഉദ്ഘാടനത്തിനും പൗരസ്വീകരണത്തിനും ക്ഷണിച്ചത്. പൗരസ്വീകരണം ഒഴിവാക്കാമെന്ന് നിർദ്ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്‌നേഹനിർബന്ധത്തിന് വഴങ്ങേണ്ടിവന്നുവെന്നും കോവിന്ദ് വ്യക്തമാക്കി.

ഇത്തരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്ന് വ്യക്തമാക്കി രാഷ്ട്രപതി തന്നെ രംഗത്തു വന്നതോടെ ഇക്കാര്യം ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയാവുകയായിരുന്നു. ഇതോടെ കേരളത്തിനെതിരെ പ്രചരണത്തിനായി കോടികൾ പൊടിച്ച്, ദേശീയ നേതാക്കളെ ഒരോ ദിവസവും കേരളത്തിനെ എതിരെ പ്രസംഗിക്കാൻ ചുമതലപ്പെടുത്തി ബിജെപി നടത്തിയ ജനരക്ഷായാത്രയും അതിന് അനുബന്ധമായി ദേശീയ തലത്തിൽ നടത്തിയ പ്രചരണങ്ങളുമെല്ലാം ഒറ്റയടിക്ക് ഇല്ലാതായി.

രാഷ്ട്രപതിയെ കേരള സന്ദർശനത്തിന് ക്ഷണിക്കുകയും പൗരസ്വീകരണം നൽകുകയും ചെയ്ത കേരളത്തിന്റെ നിലപാടും ചർച്ചയായി. ബിജെപി നോമിനി ആണെങ്കിലും അദ്ദേഹത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞാണ് കോവിന്ദിനെ കേരളം അതിഥിയായി ക്ഷണിച്ചത്. പിണറായിയുടെ ഈ നീക്കം ശരിക്കും ഫലിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രപതിയുടെ കേരള സ്തുതി വൻ തിരിച്ചടിയായെന്ന കണക്കുകൂട്ടലിലാണ് ബിജെപി ദേശീയ നേതൃത്വം. ടിപ്പു സുൽത്താനെ ചരിത്ര നായകനെന്ന് വിശേഷിപ്പിച്ച് കോവിന്ദ് പ്രസ്താവന നടത്തിയതും ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP