Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ മതക്കാർക്കും ഇനി സാമ്പത്തിക നീതി; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഉറപ്പാക്കുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി; അംഗീകാരത്തിന് പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനവും; അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി; നിയമത്തിനെതിരെ എതിർപ്പുമായി ദളിത് സംഘടനകൾ

എല്ലാ മതക്കാർക്കും ഇനി സാമ്പത്തിക നീതി; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഉറപ്പാക്കുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി; അംഗീകാരത്തിന് പിന്നാലെ കേന്ദ്രസർക്കാർ വിജ്ഞാപനവും;  അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി; നിയമത്തിനെതിരെ എതിർപ്പുമായി ദളിത് സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതിബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബിൽ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബിൽ നിയമമായി. എന്നുമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഇനി സർക്കാരാണ് തീരുമാനിക്കുക. ലോക്‌സഭയിൽ മൂന്നിനെതിരെ 323 വോട്ടുകൾക്കും രാജ്യസഭയിൽ ഏഴിനെതിരെ 165 വോട്ടുകൾക്കുമാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയർത്തിയിരുന്നെങ്കിലും കോൺഗ്രസും ഇടതുപാർട്ടികളും വോട്ടെടുപ്പിൽ ബില്ലിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.

ലോക്‌സഭയിൽ മുസ്ലിം ലീഗ് എംപിമാരും അസദുദ്ദീൻ ഒവൈസിയും എതിർത്ത് വോട്ട് ചെയ്തപ്പോൾ രാജ്യസഭയിൽ മുസ്ലിം ലീഗിനെ കൂടാതെ ഡിഎംകെ, എഐഎഡിഎംകെ എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേർന്ന് മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നൽകിയത്.

രാഷ്ട്രപതിയുടെ അംഗീകാരത്തിനു പിന്നാലെ കേന്ദ്ര സർക്കാർ വിജ്ഞാപനവും ഇറക്കി. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്തിയാണ് പുതിയ നിയമനിർമ്മാണം. രാജ്യചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട സംഭവമാണിതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതിയെത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയത്. ഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാൽ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെ ആണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനം ആണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ ഇതിനകം തന്നെ ദളിത് സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്‌കാര ജേതാവ് അമൃത്യാ സെൻ അടക്കം പ്രമുഖരും സാമ്പത്തിക സംവരണത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എല്ലാ പൗരന്മാരെയും സംവരണത്തിന്റെ കീഴിൽ കൊണ്ടുവരിക എന്നാൽ സംവരണത്തെ അട്ടിമറിക്കലാണെന്ന് അമൃത്യാ സെൻ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീം കോടതിയിൽ ചിലർ ഹർജി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP