Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഒരു ദിവസ വേതനക്കാരിയുടെ മകൾ ഇന്ത്യൻ പാർലമെന്റിൽ എത്തിയത് എങ്ങനെ? പെങ്ങളൂട്ടിയെ കുറിച്ചുള്ള ചെറു വീഡിയോ ഇന്ത്യ മുഴുവൻ വൈറലായത് ഞൊടിയിടയിൽ; രമ്യാ നീ ഞങ്ങളുടെ അഭിമാനം എന്ന് പറഞ്ഞ് തോളിൽ ചേർത്ത് നിർത്തിയ ചിത്രത്തിനൊപ്പം രമ്യാ ഹരിദാസിന്റെ വീഡിയോ ഷെയർ ചെയ്ത് പ്രിയങ്കാ ഗാന്ധി; ആലത്തൂരിലെ ചുവപ്പ് കോട്ടയിൽ ഒന്നരലക്ഷം വോട്ടിന് വിജയിച്ച കോൺഗ്രസുകാരിയുടെ കഥ രാജ്യം ചർച്ച ചെയ്യുമ്പോൾ

കേരളത്തിലെ ഒരു ദിവസ വേതനക്കാരിയുടെ മകൾ ഇന്ത്യൻ പാർലമെന്റിൽ എത്തിയത് എങ്ങനെ? പെങ്ങളൂട്ടിയെ കുറിച്ചുള്ള ചെറു വീഡിയോ ഇന്ത്യ മുഴുവൻ വൈറലായത് ഞൊടിയിടയിൽ; രമ്യാ നീ ഞങ്ങളുടെ അഭിമാനം എന്ന് പറഞ്ഞ് തോളിൽ ചേർത്ത് നിർത്തിയ ചിത്രത്തിനൊപ്പം രമ്യാ ഹരിദാസിന്റെ വീഡിയോ ഷെയർ ചെയ്ത് പ്രിയങ്കാ ഗാന്ധി; ആലത്തൂരിലെ ചുവപ്പ് കോട്ടയിൽ ഒന്നരലക്ഷം വോട്ടിന് വിജയിച്ച കോൺഗ്രസുകാരിയുടെ കഥ രാജ്യം ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആലത്തൂരിൽ നിന്നുള്ള നിയുക്ത എം പി രമ്യാ ഹരിദാസ് ഇന്ന് കോൺഗ്രസിന്റെ മുത്താണ്. ദേശീയ രാഷ്ട്രീയവും ഈ പെൺകുട്ടിയുടെ നേട്ടത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്ത് വന്നാലും തോൽക്കില്ലെന്ന് സിപിഎം ഉറപ്പിച്ചിടത്തായിരുന്നു രമ്യയുടെ മിന്നും വിജയം. ആലത്തൂരിലെ സിറ്റിങ് എംപിയായി പികെ ബിജുവിനെ ഒന്നരലക്ഷം വോട്ടിന് തോൽപ്പിച്ചാണ് രമ്യാ ഡൽഹിയിൽ എത്തിയത്. ലോക്‌സഭ ചേരാനിരിക്കുന്നതേയുള്ളൂ. കോൺഗ്രസിന്റെ പാർലമെന്ററീ പാർട്ടി യോഗത്തിൽ ആലത്തൂരിന്റെ പെങ്ങളൂട്ടി താരമായിരുന്നു. ഇതിന് പിന്നാലെ രമ്യയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നു. ആലത്തൂരിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കുള്ള രമ്യയുടെ യാത്രയെ കുറിച്ചാണ് വീഡിയോ പറയുന്നത്. ഇതോടെ കോൺഗ്രസുകാരുടെ നവതാരമായി മാറുകയാണ് രമ്യ.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രദേശിക സന്നദ്ധ സംഘടനയിൽ അറുനൂറു രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് 2011 ൽ ടാലന്റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടർന്ന് യൂത്ത് കോൺഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിർവഹിച്ചതിനെ കുറിച്ചും വീഡിയോ പരാമർശിക്കുന്നു. സഹപ്രവർത്തകരുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായത്തെ മറികടന്നാണ് രാഹുൽ രമ്യക്ക് മത്സരിക്കാൻ അവസരം നൽകിയത്. കേരളത്തിൽനിന്നുള്ള ഏകവനിതാ എം പിയാണ് രമ്യ. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു-എന്നാണ് വീഡിയോ അവസാനിക്കുന്നത്. രമ്യയെ തോളോട് ചേർത്ത് നിർത്തി ആലത്തൂരിലെ വിജയം എത്രമാത്രം കോൺഗ്രസിന് പ്രധാനപ്പെട്ടതായിരുന്നുവെന്ന സന്ദേശവും പ്രിയങ്ക നൽകുന്നുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി തന്നെ രമ്യയെ പ്രശംസ കൊണ്ട് മൂടുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിരാശരായിരിക്കുന്ന പ്രവർത്തകർക്കും പുതു ഊർജ്ജമാണ് ലഭിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിയാൽ ഇനിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാകുമെന്ന സന്ദേശം.

എല്ലാ പ്രതിസന്ധികളേയും മറികടന്നായിരുന്നു ആലത്തൂരിലെ രമ്യയുടെ വിജയം. സിപിഎം കോട്ടയാണ് ആലത്തൂർ. ദീപാ നിശാന്തിനെ പോലുള്ള ഇടത് സൈബർ സഖാക്കളുടെ എതിർപ്പുകളേയും അതിജീവിക്കുന്നതായിരുന്നു വിജയം. ഇടത് കൺവീനർ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശത്തേയും രമ്യ നേരിട്ടു. അപ്പോഴൊന്നും ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ജനങ്ങലിലേക്ക് അടുക്കുകയായിരുന്നു ദീപ. പാട്ടു പാടിയും പ്രസംഗിച്ചും അവർ ആലത്തൂരിന്റെ പെങ്ങളൂട്ടിയായി. അവിശ്വസനീയ വിജയവുമായി ലോക്‌സഭയിലേക്കും. കഷ്ടപാടുകളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് ഈ കൊച്ചു മിടുക്കിയെത്തുമ്പോൾ അത് ജനാധിപത്യത്തിന്റെ വിജയമാണ്. ആർക്കും എവിടേയും ചെന്നെത്താനാകുമെന്നതിന്റെ തെളിവ്. ഇതിന് വേണ്ടി നടത്തിയ കഠിനാധ്വാനത്തിനെയാണ് പ്രിയങ്ക തോളോട് ചേർത്തു നിർത്തുന്നത്.

47 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രിയങ്ക സോഷ്യൽ മീഡിയയിൽ ഇട്ടത്. നേരത്തേ ഡൽഹിയിലെത്തിയ രമ്യക്കൊപ്പമുള്ള ചിത്രം പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നു കരുതിയിരുന്ന ആലത്തൂരിൽ ആധികാരിക ജയമായിരുന്നു യു.ഡി.എഫിന്റെ രമ്യാ ഹരിദാസ് നേടിയത്. കഴിഞ്ഞതവണ എൽ.ഡി.എഫിന്റെ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷം രമ്യ മറികടന്നത് 1,58,968 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ്. അതും, ബിജുവിനെത്തന്നെ പരാജയപ്പെടുത്തിക്കൊണ്ട്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു രമ്യയുടെ വിജയം. ഇടതു കോട്ടയായ ആലത്തൂർ പിടിക്കാൻ യു.ഡി.എഫ് അപ്രതീക്ഷിതമായി ഇറക്കിയ സ്ഥാനാർത്ഥിയായിരുന്നു രമ്യ ഹരിദാസ്. കനലിൽ ചവിട്ടി നടന്ന അനുഭവങ്ങളുടെ കരുത്തുമായണ് രമ്യ ആലത്തൂരിൽ ചെന്നിറങ്ങിയത്. ഏതുചോദ്യമാണെങ്കിലും, എങ്ങനെയുള്ള വിമർശനമാണെങ്കിലും ഒരു പുഞ്ചിരി കൊണ്ടാണ് അവർ നേരിട്ടത്. അതിന് ജനം നൽകിയ മറുപടിയായിരുന്നു വൻ വിജയം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആലത്തൂരുകാർ രമ്യയ്ക്ക് നൽകിയ സ്‌നേഹവും കരുതലും അത്ര ചെറുതൊന്നുമല്ല. കൂടപ്പിറപ്പിനോടുള്ള സ്‌നേഹമാണ് ആലത്തൂരുകാർ തനിക്ക് നൽകിയതെന്ന് രമ്യ പറയുന്നു. പ്രളയകാലത്ത് കേരളത്തിന് കൈതാങ്ങാകാൻ സാലറി ചലഞ്ച് അവതരിപ്പിച്ചത് ജെ എസ് അടൂരായിരുന്നു. മുൻ യുഎൻ ഉദ്യോഗസ്ഥനായ ജെ എസ് അടൂർ നടത്തിയ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പരിവിനുള്ള സർക്കാരിന്റെ തെറ്റായ തീരുമാനം അടൂരിന്റെ നല്ല ഉദേശ്യത്തെ തകർത്തു. ക്രൗഡ് ഫണ്ടിങ് എന്ന ആശയവും പിണറായിയ്്ക്ക് മുമ്പോട്ട് കൊണ്ടു പോകാനായില്ല. ഇത്തരം ആശയങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജെ എസ് അടൂർ. സാമൂഹിക സാസ്‌കാരിക മണ്ഡലങ്ങളിൽ ഇടപെടൽ നടത്തുന്ന പ്രമുഖൻ. ആലത്തൂരിൽ രമ്യാ ഹരിദാസിനൊപ്പമാണ് ജെ എസ് അടൂരിന്റെ മനസ്സ്. വികാരനിർഭരമായ പ്രസംഗത്തിലൂടെ പ്രവർത്തകരുടെ ഹൃദയം കവർന്ന നേതാവാണ് രമ്യാ ഹരിദാസ്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയിൽ എത്തുന്നത്. ആറ് വർഷം മുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരിൽ പുതുചരിത്രമെഴുതി. കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. 2009ലാണ് ആലത്തൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂർ. ഇവിടെയായിരുന്നു രമ്യയുടെ വിജയം. ജഹവർ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്‌യുവിലൂടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവയായി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി.

ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവർത്തക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവർത്തക ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി രമ്യ. സബർമതി ആശ്രമത്തിലെ ശിക്ഷണത്തെ തുടർന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ അണിചേർന്നിട്ടുണ്ട് രമ്യ. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവർത്തനത്തിൽ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP