Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽഎമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വിട്ടുവീഴ്‌ച്ച നടത്തിയാൽ രാജിനാടകം തുടർക്കഥയാകുമോ എന്ന് ഭയന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം; കർണാടകയിൽ രാജിവെച്ചതിൽ നാലോ അഞ്ചോ എംഎൽഎമാരെ തിരിച്ചെത്തിക്കാൻ നീക്കം; നഗര വികസന വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട രാമലിംഗ റെഢ്ഡിയുമായും ചർച്ച തകൃതി; ബിജെപിയിൽ ചേരുമെന്ന് ഉറപ്പിച്ച് കോൺഗ്രസിന്റെ പ്രതാപ ഗൗഡ പാട്ടീൽ; അരങ്ങേറുന്നത് കുമാരസ്വാമിയെ പുറത്താക്കാനുള്ള കോൺഗ്രസിന്റെ ഗെയിം പ്ലാനെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

എംഎൽഎമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് വിട്ടുവീഴ്‌ച്ച നടത്തിയാൽ രാജിനാടകം തുടർക്കഥയാകുമോ എന്ന് ഭയന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം; കർണാടകയിൽ രാജിവെച്ചതിൽ നാലോ അഞ്ചോ എംഎൽഎമാരെ തിരിച്ചെത്തിക്കാൻ നീക്കം; നഗര വികസന വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട രാമലിംഗ റെഢ്ഡിയുമായും ചർച്ച തകൃതി; ബിജെപിയിൽ ചേരുമെന്ന് ഉറപ്പിച്ച് കോൺഗ്രസിന്റെ പ്രതാപ ഗൗഡ പാട്ടീൽ; അരങ്ങേറുന്നത് കുമാരസ്വാമിയെ പുറത്താക്കാനുള്ള കോൺഗ്രസിന്റെ ഗെയിം പ്ലാനെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടരാജിയുമായി മുന്നോട്ട് വന്നതോടെ സർക്കാർ താഴെ പോകാതിരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ്. ഇതിനിടെ രാജി വെച്ച എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മാത്രമല്ല എംഎൽഎമാർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചാൽ കൂടുതൽ എംഎൽഎമാർ രാജി നാടകവുമായി മുന്നോട്ട് വരുമോ എന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. പാർട്ടിയിൽ നിന്നും രാജിവെച്ച എല്ലാവരേയും തിരികെയെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നില്ലെങ്കിലും മുതിർന്ന നേതാവായ രാമ ലിംഗ റെഡ്ഡിയേയും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.

അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ മകലായ സൗമ്യ റെഡ്ഢിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎൽഎമാരെയും കൂടി തിരികെ എത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. രാജി പ്രഖ്യാപിച്ച എംഎൽഎമാരിൽ ഏറ്റവും കരുത്തനായ നേതാവ് അദ്ദേഹമാണ്. എന്നാൽ തനിക്ക് മന്ത്രി സ്ഥാനം വേണമെന്നും ബെംഗലൂരു നഗര വികസന വകുപ്പിന്റെ ചുമതല തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്നും ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും രാജിവച്ച കോൺഗ്രസ് എംഎൽഎ പ്രതാപ ഗൗഡ പാട്ടീൽ പറഞ്ഞു.

ജെഡിഎസിലെ കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിമത ജെഡിഎസ് എംഎൽഎ നാരായൺ ഗൗഡയും വ്യക്തമാക്കി. പ്രതാപ ഗൗഡയും നാരായൺ ഗൗഡയും ഇപ്പോൾ മുംബൈയിലേക്ക് പോയവരാണ്. ഇവരടക്കം പത്ത് എംഎൽഎമാരാണ് മുംബൈയിൽ ഉള്ളത്. ഇവർ താമസിക്കുന്ന ഹോട്ടലിൽ 12 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലിൽ എംഎൽഎമാർക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കർണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎൽഎമാർ ബെംഗളൂരുവിൽ തുടരുകയാണ്.

അതേസമയം എംഎൽഎമാരുമായി സംസാരിച്ചു വരികയാണെന്നും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കർണാടകയിൽ നടക്കുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ നാടകമാണെന്നും കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള ഗെയിം പ്ലാനാണ് നടക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എംഎൽഎമാരിൽ ചിലർ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി പിൻവലിക്കാം എന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സോമശേഖർ, മുനിരത്‌ന, ബൈരതി ബസവരാജ് എന്നിവരാണ് ഈ നിലപാട് ചർച്ചയ്‌ക്കെത്തിയ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. മല്ലികാർജ്ജുൻ ഖാർഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിർദ്ദേശം വേറെ ചിലർ എംഎൽഎമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ എംഎൽഎമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. രാജിവച്ച മുംബൈയിലുള്ള ആറ് എംഎൽഎമാരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രശ്‌നപരിഹാരത്തിനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, കർണാടകയിൽ നിന്ന് മുംബൈയിലെത്തിയ പത്ത് എംഎൽഎമാരും മുംബൈയിലെ ഹോട്ടലിൽ തുടരുകയാണ്. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എംഎൽഎമാർ മുംബൈയിലെ സോഫിടെൽ ഹോട്ടലിലാണ് താമസം. ബിജെപിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എംഎൽഎമാരും മുംബൈയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കർണാടകയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ ബിജെപിയല്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം.

കർണാടകയിലെ 13 ഭരണകക്ഷി എംഎൽഎമാർ അപ്രതീക്ഷിതമായി രാജിസമർപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ്-ജെ.ഡി.എസ്. എംഎൽഎമാർ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നിൽ ബിജെപി. അല്ലെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവർ മുംബൈയിലേക്ക് യാത്ര ചെയ്തത് ബിജെപി. എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലായിരുന്നു എന്നതാണ് കാര്യങ്ങളിൽ സംശയം ഉളവാക്കുന്നത്.

കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പുതിയ കർണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യുദൂരിയപ്പ മാറാൻ സാധ്യതയുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലും ബിജെപി സർക്കാർ നിലവിൽ വരും. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്ത് കാട്ടലിലൂടെ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. രാജിവച്ച സംഘത്തിനു നേതൃത്വം നൽകുന്നതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജിപിൻവലിക്കുമെന്ന് 3 പേർ പറഞ്ഞതായി അഭ്യൂഹമുണ്ട്. എന്നാൽ ഇതിന് ആരും സ്ഥിരീകരണം നൽകുന്നില്ല.

വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ. 14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും. സ്പീക്കറെ ഒഴിവാക്കി കണക്കെടുത്താൽ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതി. നിലവിൽ ബിജെപിയുടെ അംഗബലവും 105 തന്നെ. മന്ത്രിമാരായ കെപിജെപിയുടെ ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുടെ നിലപാടിനെ ആശ്രയിച്ചാകും ഇരുകൂട്ടരുടെയും ഭാവി.

ഇവർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണ്. മന്ത്രിസ്ഥാനം നൽകുന്ന ആർക്കൊപ്പവും നിൽക്കുമെന്നു നേരത്തേ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഭരണം പിടിച്ചെടുത്താൽ അവിടേക്കാകും ചായ്വ്. ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണു ബിജെപി. 28 സീറ്റിലേക്കു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ 2 സീറ്റിൽ ഒതുക്കിയ ബിജെപിക്ക് 177 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായി. അതുകൊണ്ട് തന്നെ കുമാരസ്വാമി സർക്കാർ വീണാലും തെരഞ്ഞെടുപ്പിലൂടെ കർണ്ണാടക പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP