Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം ജനസംഖ്യാ വർദ്ധനവ് അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുന്നുവെന്ന് ആർഎസ്എസ്; ജനസംഖ്യാ നിയന്ത്രണ പദ്ധതികളിൽ പരിഷ്‌കാരങ്ങൾ വേണമെന്ന് പ്രമേയം; ആയുധമാക്കുന്നത് മതാടിസ്ഥാനത്തിലുള്ള സെൻസസ് റിപ്പോർട്ടിനെ; അസഹിഷ്ണുതാ വാദത്തിന് ആക്കം കൂടും

മുസ്ലിം ജനസംഖ്യാ വർദ്ധനവ് അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുന്നുവെന്ന് ആർഎസ്എസ്; ജനസംഖ്യാ നിയന്ത്രണ പദ്ധതികളിൽ പരിഷ്‌കാരങ്ങൾ വേണമെന്ന് പ്രമേയം; ആയുധമാക്കുന്നത് മതാടിസ്ഥാനത്തിലുള്ള സെൻസസ് റിപ്പോർട്ടിനെ; അസഹിഷ്ണുതാ വാദത്തിന് ആക്കം കൂടും

റാഞ്ചി: രാജ്യത്ത് ബീഫ് അടക്കമുള്ള വിവാദങ്ങളുടെ പേരിൽ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്ന വാദം ശക്തമായിരിക്കെ വിവാദ പ്രമേയവുമായി ആർഎസ്എസ് രംഗത്ത്. രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടി ജനസംഖ്യാ നിയന്ത്രണ മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ആർഎസ്എസ് കേന്ദ്രസർക്കാറിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇത്തരമൊരു വാദത്തിന് ആക്കം കൂട്ടാൻ വേണ്ടി 2011ൽ പുറത്തുവിട്ട മതാടിസ്ഥാനത്തിലുള്ള സെൻസസിനെയും സംഘടന ആയുധമാക്കുന്നു.

രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ് അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുന്നു എന്നാണ് ആർഎസ്എസിന്റെ വാദം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുവാൻ നിയന്ത്രണ പദ്ധതികളിൽ പരിഷ്‌കാരം വേണമെന്നും ഇന്നലെ റാഞ്ചിയിൽ ചേർന്ന ആർഎസ്എസ് എക്‌സിക്യൂട്ടീവ് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ദേശീയ ജനസംഖ്യാ നയത്തിൽ കേന്ദ്രം പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭാവിയിലെ ഏറ്റവും വലിയ പ്രശ്‌നമായി ഈ അസന്തുലിതാവസ്ഥ മാറുമെന്നും ആർഎസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ വ്യക്തമാക്കി.

നേരത്തെ മുൻസർക്കാറിന്റെ കാലത്ത് നടത്തിയ മതാടിസ്ഥാനത്തിലുള്ള സെൻസസ് റിപ്പോർട്ട് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടൊണ് പുറത്തുവിട്ടത്. ഇങ്ങനെ സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നിൽ ബിജെപിയുടെ വർഗീയ താൽപ്പര്യങ്ങളാണെന്ന ആരോപണങ്ങൾ അന്ന് ഉയർന്നിരന്നു. ഇതിന് പിന്നാലെ മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ വേണമെന്ന ചില നേതാക്കളുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനിടെയാണ് ആർഎസ്എസ് വീണ്ടും മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്ന വാദമുയർത്തി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രം പുറത്തുവിട്ട 2001 മുതൽ 2011 വരെയുള്ള മതാടിസ്ഥാന സെൻസസിൽ മുസ്ലിം സമുദായം 0.8ശതമാനം വളർച്ചയോടെ 13.8 കോടിയിൽ നിന്നും 17.22 കോടിയായി വർധിച്ചെന്നും എന്നാൽ ഇക്കാലയളവിൽ ഹിന്ദുസമുദായത്തിന്റെ ജനസംഖ്യാ നിരക്കിൽ 0.7 ശതമാനം ഇടിവുണ്ടായതായും ആർഎസ്എസ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യയിൽ വർധന ഉണ്ടായതായും, ഹിന്ദു ഭൂരിപക്ഷമുള്ള ചില ജില്ലകൾ മുസ്ലിം ഭൂരിപക്ഷ മേഖലകളായി മാറിയെന്നും കൃഷ്ണ ഗോപാൽ വ്യക്തമാക്കി. ജനസംഖ്യാ നിരക്കിലെ ആ ഏറ്റക്കുറച്ചിലുകൾ രാജ്യത്തിന്റെ പാരമ്പര്യത്തെ തകർക്കുന്നതാണെന്നും അതിനാൽ കേന്ദ്രം പരിഷ്‌കരണ നടപടികൾ കൈക്കൊള്ളണമെന്നും കൃഷ്ണ ഗോപാൽ ആവശ്യപ്പെട്ടു.

പ്രത്യേക താത്പര്യങ്ങളോട് കൂടിയുള്ള മതപരിവർത്തനം രാജ്യത്തിന്റെ വിവിധ ജില്ലകളിൽ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിൽ നിന്ന് അടക്കമുള് കുടിയേറ്റം ശക്തമാണെന്നുമാണ് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുസ്ലിം ജനസംഖ്യയിൽ വർ്ധനവ് ഉണ്ടായെന്ന സംഘപരിവാർ പ്രചരണം തെറ്റാണെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരന്നു. 2011ലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ കുറേ ദശകങ്ങളായി മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് ഗണ്യമായ തോതിൽ കുറയുകയാണെന്നാണ് വ്യക്തമാകുന്നത്.

മുസ്ലിം ജനസംഖ്യാ വളർച്ച 1991ലെ സെസൻസസിൽ രേഖപ്പെടുത്തിയത് 32.88 ശതമാനമായിരുന്നു. 2001ലെ സെൻസസിൽ ഇത് 29.52 ശതമാനമായി കുറഞ്ഞു. 2011ലെ ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് വളർച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 24.60 ശതമാനത്തിലെത്തി. ഹിന്ദു ജനസംഖ്യാ വളർച്ചാ നിരക്ക് 1991ൽ 22.71 ശതമാനവും 2001ൽ 19.92 ശതമാനവും 2011ൽ 16.76 ശതമാനവുമായാണ് കുറഞ്ഞത്. ഹിന്ദു ജനസംഖ്യാ വളർച്ചാ നിരക്കിൽ 1981ലെ സെൻസസിന് ശേഷമാണ് കുറവ് രേഖപ്പെടുത്തിയത്. മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് 1991ലെ സെൻസസ് റിപ്പോർട്ടിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP