Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാര ത്യാഗം നടത്തിയ സച്ചിൻ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും കാത്തിരിക്കുന്നത് സുന്ദരമായ രാഷ്ട്രീയഭാവി; ചെറുപ്പത്തിന്റെ വീറിൽ നാടുവാഴികളായവർക്ക് ദേശീയ രാഷ്ട്രീയത്തിൽ ഉന്നത പദവിയെന്ന് സൂചന നൽകിയ രാഹുൽ തന്നെ; രാഹുൽ പ്രധാനമന്ത്രിയായാൽ ഇരുവരും കാബിനറ്റ് റാങ്കോടെ ഡൽഹിയിലേക്കെത്തും

അധികാര ത്യാഗം നടത്തിയ സച്ചിൻ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും കാത്തിരിക്കുന്നത് സുന്ദരമായ രാഷ്ട്രീയഭാവി; ചെറുപ്പത്തിന്റെ വീറിൽ നാടുവാഴികളായവർക്ക് ദേശീയ രാഷ്ട്രീയത്തിൽ ഉന്നത പദവിയെന്ന് സൂചന നൽകിയ രാഹുൽ തന്നെ; രാഹുൽ പ്രധാനമന്ത്രിയായാൽ ഇരുവരും കാബിനറ്റ് റാങ്കോടെ ഡൽഹിയിലേക്കെത്തും

ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങൾക്കു മുന്നിൽ നിന്നു കൊടുത്ത് അധികാരം ത്യാഗം നടത്തിയ സച്ചിൻ പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും കാത്തിരിക്കുന്നത് സുന്ദരമായ രാഷ്ട്രീയഭാവി. രാജസ്ഥാനിൽ അവസാന വട്ടം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക് ഗലോട്ടിനൊപ്പം സച്ചിൻ പൈലറ്റിനേയും പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്വയം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു സച്ചിൻ. പ്രായവും അനുഭവസമ്പത്തും പരിഗണിച്ച് അശോക് ഗലോട്ട് മുഖ്യമന്ത്രിയായപ്പോൾ സച്ചിന് അതൊരു നഷ്ടമായി കണക്കേണ്ടതില്ല.

ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച സച്ചിൻ ടോങ്ക് മണ്ഡലത്തിൽ ബിജെപിയുടെ ശക്തനായ മന്ത്രി യൂനുസ് ഖാനെ 54,179 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. 2004 ൽ ദോസ മണ്ഡലത്തിൽനിന്നു പാർലമെന്റിലെത്തിയ സച്ചിൻ അമ്മയുടേയും അച്ഛന്റേയും രാഷ്ട്രീയ പാരമ്പര്യത്തിന്റെ തണൽ ഉണ്ടായിരുന്നെങ്കിലും ഈ ചെറുപ്പക്കാരന്റെ വളർച്ച തന്റെ കഠിനാധ്വാനം കൊണ്ടു തന്നെയാണെന്ന് പറയാതെ വയ്യ. സമീപകാല കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനാധ്വാനിയായ പിസിസി പ്രസിഡന്റ് എന്ന നിലയിലേക്കാണ് സച്ചിൻ പൈലറ്റ് വളർന്നത്. 2014 ജനുവരിയിലാണു സി.പി. ജോഷിയുടെ പിൻഗാമിയായി അന്നു 37 വയസ്സ് മാത്രം പ്രായമുള്ള സച്ചിൻ പിസിസി പ്രസിഡന്റ് ആകുന്നത്. പിന്നീടിങ്ങോട്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പു വരെ സച്ചിന്റെ പ്രയത്‌നം കോൺഗ്രസിനെ മുൻനിരയിലെത്തിക്കുക എന്നതാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് രാജസ്ഥാനിൽ കോൺഗ്രസ് നേടിയ വിജയവും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതുകൊണ്ടു തന്നെ ഈ നാല്പത്തൊന്നുകാരനെ പരിഗണിക്കാതെ വയ്യ എന്ന സ്ഥിതി വന്നെങ്കിലും മുതിർന്ന നേതാവിനെ തന്നെ സച്ചിൻ ഭരണം ഏൽപ്പിച്ച് സ്വയം പിന്മാറുകയായിരുന്നു. ഉപമുഖ്യമന്ത്രിയായിട്ടാണ് സച്ചിൻ രാജസ്ഥാൻ ഇനി വാഴുക. എന്നിരുന്നാലും തന്റെ സ്ഥാനത്യാഗം സച്ചിന് ഒരിക്കലും ഒരു നഷ്ടമായി കരുതേണ്ടി വരികയില്ലെന്നാണ് വിലയിരുത്തുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്‌ത്തി കോൺഗ്രസ് അധികാരത്തിൽ വരികയും രാഹുൽ പ്രധാനമന്ത്രിയാകുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്താൽ സച്ചിൻ പൈലറ്റ് പോലെയുള്ള യുവനേതാക്കൾക്ക് ദേശീയ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

സച്ചിനെ പോലെ തന്നെ മധ്യപ്രദേശിൽ നേതൃത്വനിരയിൽ മുന്നിൽ നിന്ന ജ്യോതിരാദിത്യ സിന്ധ്യയും സ്വയം പിന്മാറിക്കൊടുത്ത നേതാവാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന മറ്റൊരു നേതാവായ കമൽ നാഥിനായി സ്വയം പിന്നോട്ടുവലിയുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും. ഈ യുവനേതാവിനും അവകാശപ്പെടാൻ അച്ഛന്റെ പാരമ്പര്യം ഉണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന് ജ്യോതിരാദിത്യ അവകാശം ഉന്നയിച്ചില്ല. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും തന്റെ പിതാവിനെ പോലെ തന്നെ സ്ഥാനമാനങ്ങളോട് കൊതിയില്ലെന്നുമാണ് അദ്ദേഹം മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്.

ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നിരിക്കേ സച്ചിനും ജ്യോതിരാദിത്യയ്ക്കും ഒരിക്കലും നിരാശപ്പെടാൻ ഇടംകൊടുക്കില്ലെന്നത് വ്യക്തം. മുഖ്യമന്ത്രി പദത്തിനായി വിട്ടുവീഴ്ച ചെയ്തവർ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങുന്ന കാലം അതിവിദൂരമല്ല. രാഹുൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യം വന്നാൽ കാബിനറ്റ് റാങ്കിൽ ഈ യുവനേതാക്കൾ ശോഭിക്കുന്ന കാഴ്ചയായിരിക്കും കാണാൻ സാധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP