Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല; ശിവസേനയും കോൺഗ്രസുമായും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് എൻസിപിയുടെ ഐക്യകണ്ഠമായ തീരുമാനം; അജിത് പവാറിന്റെ പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റായ ധാരണയും സൃഷ്ടിക്കുന്ന തരത്തിലുള്ളത്; അജിത്തിനെ തള്ളിപ്പറഞ്ഞ് ശരദ് പവാർ; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു

ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല; ശിവസേനയും കോൺഗ്രസുമായും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് എൻസിപിയുടെ ഐക്യകണ്ഠമായ തീരുമാനം; അജിത് പവാറിന്റെ പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റായ ധാരണയും സൃഷ്ടിക്കുന്ന തരത്തിലുള്ളത്; അജിത്തിനെ തള്ളിപ്പറഞ്ഞ് ശരദ് പവാർ; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങൾ പാളുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള പദ്ധതിയിൽ എൻ.സി.പി മേധാവി ശരദ് പവാർ ഉണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന്റെ വാക്കുകൾ തള്ളി ശരദ് പവാറിന്റെ പ്രതികരണം. അജിത് പവാറിന്റെ പ്രസ്താവന തെറ്റാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് ശരദ് പവാർ പ്രതികരിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ശിവസേനയും കോൺഗ്രസുമായും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാൻ എൻ.സി.പി ഏകകണ്ഠമായി തീരുമാനിച്ചു. അജിത് പവാറിന്റെ പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റായ ധാരണയും സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്, ശരദ് പവാർ ട്വീറ്റ് ചെയ്തു.

ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാരിന് പിന്തുണയുമായി എൻസിപി എംഎൽഎമാർ എഴുതി ഒപ്പിട്ട കടലാസ് നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാർ ദുരുപയോഗം ചെയ്‌തെന്നും ഗവർണറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ശരദ് പവാർ വ്യക്തമാക്കി. ശരദ് പവാർ തന്നെയാണ് നേതാവെന്നും, താൻ എൻസിപിയിലാണെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവന പലതും ലക്ഷ്യമിട്ടുള്ളതാണ്. ഈ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് പവാർ രംഗത്തുവന്നത്. അതേസമയം നാളെ രാവിലെ പതിനൊന്നരയോടെ ബിജെപി സഖ്യസർക്കാരിന് എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന, ദേവേന്ദ്ര ഫട്‌നവിസ് ഗവർണർക്ക് നൽകിയ കത്തും, ഗവർണർ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ കേന്ദ്രത്തിന് നൽകിയ കത്തും ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

എൻസിപി - കോൺഗ്രസ് - സേന സഖ്യത്തിന്റെ നീക്കങ്ങൾക്കൊപ്പം ബിജെപിയും നീക്കങ്ങൾ തുടങ്ങുകയാണ്. സാക്ഷാൽ ശരദ് പവാറിനെത്തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സ്വന്തം പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായുള്ള ചരടുവലികൾ ദേവേന്ദ്ര ഫട്‌നവിസ് തുടങ്ങിക്കഴിഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ട്വീറ്റു ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും അജിത് ട്വീറ്റിൽ വ്യക്തമാക്കി. ശനിയാഴ്ച ഉപമുഖ്യമന്ത്രിയായി അജിത് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മോദി ട്വിറ്റിറിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദിക്ക് അജിത് ഇപ്പോൾ നന്ദി അറിയിച്ചിരിക്കുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസിന് ഒപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തത് വലിയ ഞെട്ടലാണ് മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ സൃഷ്ടിച്ചത്. എൻ.സി.പി-ശിവസേന-കോൺഗ്രസ് സർക്കാർ രൂപവത്കരണ ചർച്ചകളിൽ ശരദ് പവാറിനൊപ്പം പങ്കെടുത്ത നേതാവായിരുന്നു അജിത്. എന്നാൽ സഖ്യസർക്കാർ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എൻസിപിയുടെ ശ്രമങ്ങൾ പാളിയെന്നാണ് അദ്ദേഹത്തിന്റെ തുടർ ട്വീറ്റുകളിൽ നിന്നും വ്യക്തമാകുന്ന് കാര്യം. മറുവശത്ത് ഭൂരിപക്ഷം ഉറപ്പിക്കാൻ ശരദ് പവാറിനെ തന്നെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി. എൻസിപി നേതൃത്വത്തിന്റെ കണക്ക് പ്രകാരം അഞ്ച് എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്. അതിൽ മൂന്ന് പേരും ഉടൻ തിരികെയെത്തുമെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറയുന്നു. സമ്മർദ്ദത്തിലായ അജിത് പവാറിനെ തിരികെയെത്തിക്കാൻ രാവിലെ മുതൽ പവാർ ശ്രമം തുടങ്ങിയിരുന്നു. എംഎൽഎ ദിലീപ് വൽസേ പാട്ടീൽ അജിത് പവാറിനെ വസതിയിലെത്തി കണ്ടു. പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉച്ചയോടെ ഫോണിൽ വിളിച്ച് തിരികെയെത്താൻ ആവശ്യപ്പെട്ടു. വഴങ്ങിയില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാർ ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയെന്ന് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം പവായിലെ റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിട്ടുള്ള എൻസിപി എംഎൽഎമാരെ കാണാൻ പവാറും ഉദ്ദവ് താക്കറെയും ഇന്ന് ഒരുമിച്ചെത്തി . ആദിത്യാ താക്കറെയെക്കൊപ്പമുള്ള ഫോട്ടോ ട്വീറ്ററിൽ പങ്കുവച്ച് സുപ്രിയാ സുലേ ബന്ധവം ശക്തമാണെന്ന സൂചന നൽകി. കോൺഗ്രസ് എംഎൽഎമാരെ ഇന്ന് രാവിലെ അന്ധേരിയിലെ മാരിയറ്റ് ഹോട്ടലിലേക്കും മാറ്റിയിരുന്നു. എൻസിപി -സേനാ- കോൺഗ്രസ് സഖ്യം ദൃഢമാവുന്നതും അജിത് പവാറിന്റെ കരുത്ത് കുറഞ്ഞതും ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ മന്ത്രിസ്ഥാനങ്ങളടക്കം വാഗ്ദാനം ചെയ്ത് ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് കാക്ഡേ ശരദ് പവാറിന്റെ വസതിയിലെത്തി. എന്നാൽ പവാർ വഴങ്ങിയില്ല.ബിജെപി നേതാക്കൾ പവാറിനെ തേടിയെത്തിയതറിഞ്ഞ് കോൺഗ്രസ് നേതാവ് അശോക് ചവാൻ പിന്നാലെ ഓടിയെത്തി. വാദ്ഗാനങ്ങളെല്ലാം തള്ളിയെന്ന് പവാർ വിശദീകരിച്ചു.

അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയെന്നും വിപ്പ് നൽകാൻ ഇനി അധികാരമില്ലെന്നും കാണിച്ച് എൻസിപി രാജ്ഭവനിൽ ഇന്ന് കത്ത് നൽകി.വിശ്വാസവോട്ടെടുപ്പിൽ ജയിച്ച് കയറാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എൻസിപി ശിവസേന പാർട്ടികൾ. ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഒന്നിച്ച് നിൽക്കണമെന്ന് കോൺഗ്രസ് എംഎൽഎമാരോട് മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. നാം വിജയിക്കും എന്നകാര്യം ഉറപ്പാണെന്നും മുംബൈയിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൽനിന്ന് മാത്രമല്ല, ഗവർണറിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും കേന്ദ്രമന്ത്രി അമിത് ഷായിൽനിന്നും വെല്ലുവിളികൾ ഉണ്ടായേക്കാം. അവയെയെല്ലാം ചെറുത്ത് തോൽപ്പിക്കണം. ഏത് സാഹചര്യത്തിനും ഒന്നിച്ചുനിന്ന് ആത്മവിശ്വാസം ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, കെ.സി വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അഹമ്മദ് പട്ടേൽ കോൺഗ്രസ് എംഎൽഎമാരോട് സംസാരിച്ചത്. കുതിരക്കച്ചവട നീക്കങ്ങൾക്ക് തടയിടാനാണ് ശിവസേനയും എൻസിപിയും കോൺഗ്രസും എംഎൽഎമാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുള്ളത്. എൻസിപി എംഎൽഎമാരെ ശരദ് പവാർ മുംബൈയിലെ റിനൈസൻസ് ഹോട്ടലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇവിടെ ശിവസേനാ പ്രവർത്തകരാണ് എൻസിപി എംഎൽഎമാർക്ക് കാവൽ നിൽക്കുന്നത്. ശിവസേന എംഎൽഎമാർ അന്ധേരിയിലെ ലളിത് ഹോട്ടലിലും കഴിയുന്നു. ശിവസേനാ എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ മുതിർന്ന നേതാക്കൾ വാങ്ങിവച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അതിനിടെ, ശിവസേനാ തലവൻ ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ഞായറാഴ്ച വിവിധ ഹോട്ടലുകളിലെത്തി എംഎൽഎമാരുമായി ആശയവിനിമയം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP