തിരയെ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും കടൽ മറികടക്കാനാവില്ല; രോഗശയ്യയിൽ നിന്ന് കാച്ചിക്കുറുക്കിയ കവിതയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്; അമിതാബച്ചന്റെ പിതാവിന്റെ വരികൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഞ്ജയ് റവത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
November 13, 2019 | 05:30 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ശസ്ത്രക്രിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രി കിടക്കയിൽ നിന്നും കവിതയുമായി രംഗത്ത്. ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചന്റെ കവിതയാണ് റാവത്ത് പങ്കുവച്ചത്. അഗ്നിപരീക്ഷ എന്ന് അർത്ഥം വരുന്ന 'അഗ്നീപത്' എന്ന ഹിന്ദി വാക്കാണ് റാവത്ത് ട്വീറ്റിൽ ആവർത്തിച്ച് പ്രയോഗിച്ചിരിക്കുന്നത്. ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പിതാവ് കൂടിയായ ഹരിവൻഷ് റായ് ബച്ചൻ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് എഴുതിയതാണ് കവിത.
തുടർച്ചയായ രണ്ടാം ദിവസമാണ് റാവത്ത് ആശുപത്രിയിൽ നിന്നും ഹിന്ദി കവിതകൾ ട്വീറ്റ് ചെയ്യുന്നത്. ചൊവ്വാഴ്ച, കവി സോഹൻ ലാൽ ദ്വിവേദിയുടെ കവിതയും റാവത്ത് പങ്കുവച്ചിരുന്നു. 'തിരയെ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും കടൽ മറികടക്കാനാവില്ല. ആര് ശ്രമം നടത്തുന്നുവോ അവർ ഒരിക്കലും പരാജയപ്പെടില്ല', റാവത്തിന്റെ ചൊവ്വാഴ്ചത്തെ ട്വീറ്റ് ഇങ്ങനെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളെ പരോക്ഷമായി പ്രതിപാധിച്ചാണ് റാവത്തിന്റെ കവിതാ ശകലങ്ങളടങ്ങിയ ട്വീറ്റുകളെല്ലാം.
നെഞ്ചുവേദനയെത്തുടർന്നാണ് റാവത്തിനെ തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റികിന് വിധേയനാക്കിയിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സുപ്രിയ സുലേയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ബിജെപി നേതാക്കളും റാവത്തിനെ ആശുപത്രിയിൽ സന്ദർശിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും റാവത്തിനെ കാണാനെത്തിയിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണർ ഭഗത് സിങ് കോശ്യാറിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യത്തിൽ നിന്നു ശിവസേന പിന്മാറി.ഇപ്പോൾ നൽകിയ ഹർജിയിൽ വാദം കേൾക്കേണ്ടെന്നും ആവശ്യത്തിന് എംഎൽഎമാരുടെ പിന്തുണയായിക്കഴിഞ്ഞ ശേഷം പുതിയ ഹരജി സമർപ്പിക്കാമെന്നും കോടതിയിൽ സേന അറിയിച്ചു.
