Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ബെഗുസരായ്; രാജ്യദ്രോഹിയെന്ന് സംഘപരിവാർ മുദ്രകുത്തിയ കനയ്യകുമാറിനായി രാജ്യമെമ്പാടുമുള്ള മോദി വിരുദ്ധരെത്തുന്നു; കനയ്യയുടെ പേരുപോലും പറയാതെ ബിജെപി

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ബെഗുസരായ്; രാജ്യദ്രോഹിയെന്ന് സംഘപരിവാർ മുദ്രകുത്തിയ കനയ്യകുമാറിനായി രാജ്യമെമ്പാടുമുള്ള മോദി വിരുദ്ധരെത്തുന്നു; കനയ്യയുടെ പേരുപോലും പറയാതെ ബിജെപി

മറുനാടൻ ഡെസ്‌ക്‌

ബെഗുസരായ്: സംഘപരിവാർ വിരുദ്ധ കൂട്ടായ്മയുടെ സംഗമ ഭൂമിയാകുകയാണ് ബീഹാറിലെ ബെഗുസരായ്. സിപിഐ നേതാവായ കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടെ രാജ്യമെമ്പാടുമുള്ള ബുദ്ധിജീവികളും ഫാസിസ്റ്റു വിരുദ്ധ പോരാളികളും ബഗുസരായിലേക്ക് ഒഴുകുകയാണ്. രാജ്യത്ത് പ്രതിപക്ഷ ഐക്യനിര ഉയർത്തി പൊതു സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഇടതു പക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളാണ് ഇവിടേക്ക് എത്തുന്നത്.

ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാർ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ആർ.ജെ.ഡി പ്രതിനിധി മുൻ എംപി തൻവീർ ഹസ്സൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. രാജ്യത്ത് മോദിയെ എതിർക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാക്കളിൽ ഒരാൾ എന്ന നിലയിൽ കനയ്യകുമാറും ഗിരിരാജ് സിംഗും തമ്മിലുള്ള മത്സരം നിർണ്ണായകമായ പോരാട്ടമായാണ് മോദിയും ബിജെപി നേതൃത്വവും കാണുന്നത്.

ജിഗ്‌നേഷ് മെവാനി എംഎൽഎ, ജാവേദ് അക്തർ, ശബാന ആസ്മി, യോഗേന്ദ്ര യാദവ്, പ്രകാശ് രാജ്, ഷെഹ്ല റാഷിദ്, സ്വര ഭാസ്‌കർ, ടീസ്റ്റ സെതൽ വാദ് തുടങ്ങി രാജ്യത്തെ പ്രമുഖരായ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ ബെഗുസരായിയിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്തു പ്രവർത്തിക്കുകയാണ്. പൊതുയോഗങ്ങളിൽ സംസാരിക്കുന്നതു കൂടാതെ ഇവരെല്ലാം കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും സാധാരണ ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്നു. നാടാകെ ഇളക്കിയുള്ള പ്രചരണത്തെക്കാൾ താഴെതട്ടിലുള്ള ശക്തമായ പ്രചരണമാണ് ഇടതുപക്ഷം ഇവിടെ നടത്തുന്നത്.

മുസ്ലീമായതുകൊണ്ട് തൻവീർ ഹസ്സന് വോട്ടു ചെയ്യുകയല്ല, സംഘപരിവാർ രാഷ്ട്രീയത്തിന് എതിരായി പോരാടുന്ന കനയ്യകുമാറിന് വോട്ടു ചെയ്യുകയുമാണ് വേണ്ടതെന്ന് പറയാനാണ് ഒരു കാശ്മീരി മുസ്ലീമായ താൻ ബെഗുസരായിയിൽ വന്നു താമസിക്കുന്നതെന്ന് ഷെഹ്ല റാഷിദ് മുസ്ലിം വിഭാഗങ്ങളോട് പറയുന്നതിനും ദളിത് വിഭാഗങ്ങൾക്കിടയിൽ ജിഗ്‌നേഷ് മെവാനി നടത്തുന്ന പ്രചാരണത്തിനും ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിജയത്തിന്റെ വഴിക്കണക്കുമായി ആർജെഡി
മഹാ സഖ്യത്തിൽ നിന്നും ഇടതുപക്ഷം പിന്തള്ളപ്പെട്ടതു തന്നെ ബഗുസരായ് സീറ്റിന്റെ പേരിലാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ ശ്രദ്ധയാകർഷിച്ച കനയ്യകുമാറിന്റെ ജന്മസ്ഥലമാണ് ബഗുസരായ്. ഈ സീറ്റ് ഇടതുപക്ഷത്തിന് വേണം എന്ന ആവശ്യം അംഗീകരിക്കാൻ പക്ഷേ ആർജെഡിയും കോൺഗ്രസും തയ്യാറായില്ല. ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗിനെതിരെ മത്സരിച്ചാൽ കനയ്യകുമാറിന് വിജയിക്കാനാകില്ലെന്നും മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്നുമായിരുന്നു ആർജെഡി വാദം.

മണ്ഡലത്തിൽ ശക്തമായ സ്വാധീനമാണ് മുസ്ലിം സമുദായത്തിനുള്ളത്. ഭൂമിഹാർ സമുദായമാണ് ഇവിടെ ഭൂരിപക്ഷം. കനയ്യകുമാറും ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗും ഭൂമിഹാർ സമുദായത്തിൽ പെട്ടവരാണ്. മുസ്ലിം വിഭാഗത്തിൽപ്പെട്ടയാളാണ് ആർ.ജെ.ഡി സ്ഥാനാർത്ഥി തൻവീർ ഹസ്സൻ. ഭൂമിഹാർ വോട്ടുകൾ വിഭജിച്ചു പോകുമ്പോൾ മുസ്ലിം വോട്ടുകളും ലാലു യാദവിന് പിന്നിൽ ഉറച്ചു നിൽക്കുന്ന യാദവ- പിന്നോക്ക വോട്ടുകളും നേടി ആർ.ജെ.ഡി സ്ഥാനാർത്ഥിക്ക് ജയിക്കാൻ കഴിയുമെന്ന ലഘുവായ കണക്കുകൂട്ടലിലാണ് ആർ.ജെ.ഡി ബെഗുസരായി സീറ്റിനു വേണ്ടി വാശി പിടിച്ചത്. ആറു മാസത്തിലേറെയായി മണ്ഡലത്തിൽ ശക്തമായ പ്രചരണം നടത്തുന്ന കനയ്യകുമാർ ജാതിക്കും മതത്തിനും അതീതമായി ബെഗുസരായിയിലെ ജനങ്ങൾക്കിടയിൽ നേടിയെടുത്ത അംഗീകാരം ഈ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുന്നതാണ്. ജാതി രാഷ്ട്രീയം കൊണ്ട് കുപ്രസിദ്ധി നേടിയ ബീഹാറിൽ ജാതിമത ചിന്തകൾക്കുപരിയായ അംഗീകാരം നേടാൻ ഇടതു പക്ഷ സ്ഥാനാർത്ഥിയായ കനയ്യകുമാറിന് കഴിയുന്നു.

ജാഗ്രതയോടെ ബിജെപി
ബിജെപി വളരെ ജാഗ്രതയോടെയാണ് ബഗുസരായിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണത്തിന്റെ മേന്മകളും സ്ഥാനാർത്ഥി ഗിരിരാജ് സിംഗിന്റെ ഗുണഗണങ്ങളും മാത്രം പറഞ്ഞാണ് ഇവിടെ ബിജെപി പ്രചരണം. ഇടതു സ്ഥാനാർത്ഥിയുടെ പേരുപോലും പറയാതെയാണ് പ്രവർത്തനം. കനയ്യകുമാർ സംഘപരിവാർ വിരുദ്ധ ചേരിയുടെ നേതാവായി മാറുന്നത് ജെഎൻയുവിൽ എഐഎസ്എഫ് നേതാവായിരുന്ന സമയത്താണ്. എന്നാൽ അക്കാലത്ത് എബിവിപി-ബിജെപി നേതാക്കൾ കനയ്യക്കെതിരായി നടത്തിയ പ്രസ്താവനകളാണ് കനയ്യകുമാറിന് വലിയ പ്രശസ്തി നേടിക്കൊടുത്തത് എന്നാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അതിനാൽ തന്നെ കനയ്യകുമാറിനെതിരെ പ്രസ്താവനകൾ നടത്തി ഇനിയും വളർത്തേണ്ടതില്ല എന്നാണ് ബിജെപി നേതാക്കളുടെ തീരുമാനം.

അതേസമയം, ബിജെപി നേതാക്കളും സ്ഥാനാർത്ഥിയും കനയ്യ കുമാറിന്റെ പേര് പറയാതിരിക്കുന്നു എന്നത് ശക്തമായ പ്രചരണായുധമാക്കുകയാണ് ഇടതു പ്രവർത്തകർ. കനയ്യയോടുള്ള ഭയം കൊണ്ട് ആ പേര് പറയാൻ പോലും ഭയക്കുകയാണ് ബിജെപി നേതാക്കൾ എന്നാണ് പ്രചരണം. സിപിഐ നേതാക്കളായ അമർജിത് കൗർ, ഡി.രാജ, ബിനോയ് വിശ്വം തുടങ്ങിയവർ ബെഗുസരായിയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേരളത്തിൽ നിന്നും നിരവധി ഇടതുപക്ഷ പ്രവർത്തകർ ബഗുസരായിൽ പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP